image

19 Jun 2022 8:30 PM GMT

Travel & Tourism

പ്രകൃതിയിയുടെ ലഹരി നുണയാൻ ഇനി 'ചിൽ' ആകുന്ന യാത്രകള്‍

Swarnima Cherth Mangatt

പ്രകൃതിയിയുടെ ലഹരി നുണയാൻ ഇനി ചിൽ ആകുന്ന യാത്രകള്‍
X

Summary

തിരക്കുകള്‍ക്കിടയില്‍ ഒരല്‍പ്പം ആശ്വാസത്തിന് യാത്രകളിലേക്ക് ഊളിയിടുന്നവരാണ് നമ്മള്‍ ഓരോരുത്തരും. കാടും മേടും കടലും കായലും കടന്ന് യാത്രകള്‍ നീണ്ടുകൊണ്ടേയിരിക്കും. മഹാമാരി വിതയ്ച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും കരകയറി തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് പല വിനോദ സഞ്ചാര മേഖലയ്ക്കും പറയാനുള്ളത്. കോവിഡിന് ശേഷം വിനോദയാത്രകള്‍ രൂപവും ഭാവവും മാറിക്കഴിഞ്ഞു. ഏറെ നാളത്തെ അടക്കിയിരുത്തല്‍ പ്രകൃതിയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചുകഴിഞ്ഞു. യാത്രകള്‍ എന്ന വലിയൊരു മാറ്റത്തിലേക്ക് അളുകള്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. കേരള ടൂറിസം വകുപ്പും സഞ്ചാരികളുടെ കണക്കുകള്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ആഭ്യന്തര വിനോദ […]


തിരക്കുകള്‍ക്കിടയില്‍ ഒരല്‍പ്പം ആശ്വാസത്തിന് യാത്രകളിലേക്ക് ഊളിയിടുന്നവരാണ് നമ്മള്‍ ഓരോരുത്തരും. കാടും മേടും കടലും കായലും കടന്ന് യാത്രകള്‍ നീണ്ടുകൊണ്ടേയിരിക്കും. മഹാമാരി വിതയ്ച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും കരകയറി തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് പല വിനോദ സഞ്ചാര മേഖലയ്ക്കും പറയാനുള്ളത്. കോവിഡിന് ശേഷം വിനോദയാത്രകള്‍ രൂപവും ഭാവവും മാറിക്കഴിഞ്ഞു. ഏറെ നാളത്തെ അടക്കിയിരുത്തല്‍ പ്രകൃതിയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചുകഴിഞ്ഞു. യാത്രകള്‍ എന്ന വലിയൊരു മാറ്റത്തിലേക്ക് അളുകള്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

കേരള ടൂറിസം വകുപ്പും സഞ്ചാരികളുടെ കണക്കുകള്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഇതിനോടകം വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏതാണ്ട് 22 ലക്ഷം പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 72.48 ശതമാനം വളര്‍ച്ചയാണ് ഇത്തവണ നേടാനായതെന്ന് കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അറിയപ്പെടാതെ കിടക്കുന്ന വിനോദ സഞ്ചാര മേഖലകള്‍ക്കും പ്രാധാന്യം നല്‍കുകയാണ് കേരള ടൂറിസത്തിന്റെ അടുത്ത പദ്ധതി. 'യാത്രകള്‍ കാഴ്ച്ചകളേക്കാള്‍ അനുഭവങ്ങളായി' മാറിക്കഴിഞ്ഞു.

എസ്‌കേപ് നൗ

'സ്ത്രീ യാത്രകള്‍'-സ്ത്രീകള്‍ക്ക് സ്ത്രീകളോടൊപ്പമുള്ള ഒരു സുരക്ഷിത യാത്ര അതാണ് എക്‌സ്‌കേപ് നൗ വിലൂടെ ഇന്ദു കൃഷ്ണ നല്‍കുന്നത്.
'സ്വന്തമായി പ്ലാന്‍ ചെയ്ത്, സ്ഥലങ്ങള്‍ തേടി ചെല്ലാന്‍ ആളുകള്‍ തുടങ്ങിക്കഴിഞ്ഞു. പാക്കേജുകള്‍ എടുത്ത് പോകുന്നവര്‍ തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ പോലും എസ്‌കേപ് നൗ പോലുള്ള ട്രാവല്‍ കമ്പനികളില്‍ നിന്ന് പ്രൊഫഷണല്‍ സഹായം മാത്രം സ്വീകരിക്കുന്ന പ്രവണത വളരെ വര്‍ധിച്ചിട്ടുണ്ട്. 'ട്രാവല്‍ ഏജന്‍സ് കൂടെ വരേണ്ടതില്ല, സ്ഥലവും സൗകര്യവും ഒരുക്കി തന്നാല്‍ ബാക്കി ഞങ്ങള്‍ പൊക്കോളാം' എന്നതാണ് പുതിയൊരു ട്രെന്‍ഡ്. ഫുള്‍ പാക്കേജ് ആവശ്യമില്ലാതെ വെറും അസിസ്റ്റ് മാത്രമാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടാറുള്ളു. ഇവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കസ്റ്റമൈസ് ചെയ്തു നല്‍കുകയാണിപ്പോള്‍ ഏറെയും.'

കൊറോണയ്ക്ക് മുന്‍പ് എസ്‌കേപ് നൗവിന്റെ പാക്കേജില്‍ ഉള്‍പ്പെടാന്‍ താല്‍പ്പര്യമുള്ളവരുടെ വലിയൊരു കൂട്ടമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം സജ്ജീകരിച്ച് കൊടുത്താല്‍ മതി. സുരക്ഷിത്വവുമാണ് വലുത്. പരമ്പരാഗത ടൂര്‍ കമ്പനിയുടെ പ്രവര്‍ത്തന രീതി പോലും മാറി മറഞ്ഞ് കഴിഞ്ഞു. പോക്കറ്റ് കാലിയാക്കിയാണ് കോവിഡ് ശമിച്ചത്. പണം ഒരു പ്രശ്‌നമായെങ്കില്‍ കൂടി ലോക്ഡൗണ്‍ നല്‍കിയ ആഘാതം ജീവിതത്തില്‍ യാത്രകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി തുടങ്ങി. നിയന്ത്രണങ്ങളും അടച്ചിടലുകളും വരുമ്പോഴാണ് മിസ് ചെയ്യുന്ന കാര്യങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നത്. രണ്ട് കൊല്ലം മുന്‍പുള്ള ടൂര്‍ ഓപ്പറേറ്റേഴ്‌സിനേക്കാള്‍ ഇരട്ടി ആളുകള്‍ ഇപ്പോള്‍ ഈ മേഖലയിലുണ്ട്. ഇത്രയേറെ ആളുകള്‍ യാത്ര ലഹരിയാക്കി കഴിഞ്ഞു.

ട്രാവല്‍ ആന്‍ഡ് ടൂറിസത്തെയാണ് കോവിഡ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. ഏറ്റവും അവസാനം നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതും ഈ മേഖലയിലാണെന്നതും ഈ തിരക്കിന്റെ സൂചനയാണ്. ആനവണ്ടി പോലും കൂടുതല്‍ ട്രിപ്പുകളുമായി എത്തിത്തുടങ്ങി. യാത്രക്കാരുടെ ഇഷ്ടങ്ങളറിഞ്ഞാണ് ഇവരും ഓരോ ട്രിപ്പുകളും സെറ്റ് ചെയ്തിരിക്കുന്നത്.

കോവിഡിന് മുന്‍പ് 3500-4000 ല്‍ നിന്നിരുന്ന ട്രിപ്പുകള്‍ 5000 ന് മുകളിലേയ്ക്ക് ഉയര്‍ന്നു. മൊത്തത്തിലുള്ള ചെലവുകള്‍ വര്‍ധിച്ചു. ഭക്ഷണം തൊട്ട് ഇന്ധനം വരെ എല്ലാം വില വിര്‍ധനയിലാണ്. ടൂറിസം മേഖലയിലും ഇത് കാര്യമായി പ്രകടമായി കഴിഞ്ഞു. റൂം ബുക്കിംഗ് പോലും ചെലവേറി. 25 ശതമാനത്തിന് മുകളിലേയ്ക്ക് നിരക്ക് ഉയര്‍ന്നത് ഒരു ഇരുട്ടടിയാണ്. മാത്രമല്ല സീസണുകള്‍ അനുസരിച്ച് തുകകള്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. 15 ഓളം പേരെ ഉള്‍പ്പെടുത്തിയുള്ള എക്‌സേപ് നൗവിന്റെ ഗോവന്‍ ടൂര്‍ മാര്‍ച്ചിലായിരുന്നു. തൊട്ട് പിന്നാലെ ഏപ്രിലിൽ ടത്തിയിരുന്നു. ഒരോ ട്രിപ്പിലും പരമാവധിയാണ് 16 ആളുകൾ.

ലഡാക്കിലേക്ക് ഓഫ് റോഡ് ട്രിപ്പുകള്‍ എക്‌സ്‌കേപ് നൗവിനുണ്ട്. വ്യത്യസ്ത മാസങ്ങളിലായി സ്‌ക്കൂട്ടര്‍ ട്രിപ്പുകളും അല്ലാതെയുള്ളതും ഇന്ദു പ്ലാന്‍ ചെയ്യുന്നുണ്ട്.

കശ്മീര്‍ ട്രിപ്പുകളില്‍ എല്ലാം വിമാനയാത്രയാണ് തിരഞ്ഞെടുക്കുന്നത്. അഞ്ച് രാത്രികളാണ് യാത്രയില്‍ ഉള്‍പ്പെടുന്നത്. കൈയിലൊതുങ്ങിയ ലീവില്‍ യാത്ര പോയി വരാം എന്നത് തന്നെയാണ് ഗുണം. ട്രെയ്ന്‍ ടിക്കറ്റുകള്‍ക്ക് (എസി ഉള്‍പ്പെടെ)പരമാവധി 7000 രൂപയില്‍ പോയി വരാമെങ്കിലും ഓഫീസ് അവധികള്‍ പ്രശ്‌നമാകാറുണ്ട്. 30,000 രൂപയ്ക്കടുത്ത് ഫ്‌ളൈറ്റ് ടിക്കറ്റ് തന്നെ വന്നേക്കാം. പിന്നെ പാക്കേജ് ചെലവ് 20,000-22,000 രൂപയ്ക്കുള്ളില്‍ വരും.

ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ സീസണ്‍ അനുസരിച്ച് മാറുന്നത് പലപ്പോഴും വെല്ലുവിളികളാണ്. യാത്രകളില്‍ സുരക്ഷ കുറയാതെ ചെലവ് ചുരുക്കുകയെന്നത് വളരെ ശ്രമകരാണ്. 3000 രൂപയ്ക്ക് ബുക്ക് ചെയ്തിരുന്ന റൂമുകള്‍ക്ക് ഇപ്പോല്‍ 4500 മുകളില്‍ എത്തിയിട്ടുണ്ട്.

പണ്ട് കൃത്യമായി ഒരു തുകയില്‍ ട്രിപ്പുകള്‍ ഒതുക്കാമെങ്കില്‍ ഇന്നിപ്പോള്‍, വിലക്കയറ്റം ഏത് തരത്തില്‍ ബാധിക്കുമെന്ന് പ്രവചിക്കാന് സാധിക്കാത്ത അവസ്ഥയാണ്. പുതിയ ഇന്റര്‍നാഷണല്‍ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുകയാണ് എസ്‌കേപ് നൗ. ബാലി, തായ്‌ലന്റ്, ദുബായ്, മാലിദ്വീപ് എന്നിവയാണ് പുതിയ പാക്കേജിലുള്ളത്. 50,000 രൂപയ്ക്ക് താഴെയായിരിക്കും എകദേശം ചെലവ് കണക്കാക്കുന്നത്.

മണ്‍സൂണും യാത്രികരുടെ പ്രിയകാലമാണ്. മഴപെയ്യുമ്പോള്‍ ചടങ്ങു കൂടി വീട്ടിലിരിക്കുന്ന കാലമൊക്കെ മാറി. 'അത്രയേറെ ആളുകള്‍ കണ്ടു മടുക്കാത്ത മഴ നനഞ്ഞ് തീരാത്ത' മഴയാത്രകള്‍ക്ക് എത്തുന്നുണ്ട്.

ടെന്റിംഗ് ട്രെന്‍ഡാക്കി ഇക്കോ മങ്ക്

'ഇടുക്കിയെന്നും മിടുക്കിയാണ്'. കണ്ടുതീരാത്ത മനസുമടുക്കാത്ത യാത്രകളാണ് ഇടുക്കി സമ്മാനിക്കുന്നത്. ഇവിടെ കാറ്റാടിപ്പാടങ്ങളുടെ നടുവിലൊരു ഇടമുണ്ട്. 'ഇക്കോ മങ്ക്'. ഇടുക്കി തൂക്കുപാലത്തു നിന്ന് നാല് കിലോമീറ്ററാണ് കാറ്റാടി പാടത്തിന് നടുവിലെ ഈ കാംമ്പിംഗ് സൈറ്റിലേക്ക്. ഹില്‍ടോപ്പ് കാമ്പിംഗ് സൈറ്റ് എന്ന ആശയമാണ് ഇവര്‍ക്കുള്ളത്. ട്രെക്കിംഗും, ഓഫ് റോഡും എല്ലാം ഇവിടെ സാധ്യമാണ്.

കാമ്പിംഗ് കള്‍ച്ചറെന്ന ട്രെന്‍ഡറിഞ്ഞാണ് സുര്‍ജിത് സിംഗും കൂട്ടുകാരായ വിപിന്‍, അഭിലാഷ്, വിമല്‍, അമൃത്, സുജീഷ് എന്നിവര്‍ ഈ സ്ഥലം ആദ്യം പാട്ടത്തിനും പിന്നീട് സ്വന്തം പേരിലുമാക്കുന്നത്.
'കാംമ്പിംഗ് കള്‍ച്ചര്‍ കേരളം ഏറ്റെടുത്തു കഴിഞ്ഞു. തിരക്കിട്ട ജോലി തിരക്കുകളില്‍ നിന്നുമൊഴിഞ്ഞ് മാനസികോല്ലാസമാണ് വാരാന്ത്യങ്ങള്‍ ഇക്കോ മങ്ക് തേടി വരുന്നരുടെ പ്രധാന ലക്ഷ്യം', സുര്‍ജിത് സിംഗ് പറഞ്ഞു. യാത്രകള്‍ ലഹരിയായ ഉടമകള്‍ തേടുന്നത് യാത്രകളെ നെഞ്ചിലേറ്റുന്ന, കാഴ്ച്ചകളെ തേടിയെത്തുന്നവരെയാണ്.

യാത്രകളില്‍ കണ്ട് ഇഷ്ടപ്പെട്ട സ്ഥലം സ്വന്തമാക്കിയാണ് ഈ യുവാക്കള്‍ ടൂറിസം രംഗത്തേയ്ക്ക് എത്തുന്നത്. കോവിഡിന് മുമ്പ് 2018 ലാണ് ഇക്കോ മങ്ക് ആരംഭിക്കുന്നത്. എന്നാല്‍ കോവിഡിന്റെ ആഘാതം ഏറെക്കുറേ മാറ്റിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചത് ഒരിക്കല്‍ ചെന്നവര്‍ വീണ്ടും കാഴ്ചയുടെ കുളിരു തേടി ഈ ഇടത്തേക്ക് തന്നെ എത്തിത്തുടങ്ങിയപ്പോഴാണ്. 1300 രൂപയാണ് ഭക്ഷണമടക്കം ഒരാള്‍ക്ക് ഈടാക്കുന്നത്. 15 പേരില്‍ കൂടുതലുണ്ടെങ്കില്‍ ഒരാള്‍ക്ക് 1100 രൂപയാണ് ഈടാക്കുന്നത്. അപരിചിതത്വം നല്‍കാത്ത ഇടമെന്നതാണ് ഇവര്‍ ഉറപ്പു നല്‍കുന്ന സുരക്ഷയും.

ഗിയര്‍ മാറ്റി ആനവണ്ടിയും

കെഎസ്ആര്‍ടിസിയും ആളുകളുടെ സഞ്ചാരപ്രിയം മനസിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ കേരളപ്പിറവിയ്‌ക്കൊപ്പം വിനോദയാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട് ആനവണ്ടി പുതിയൊരു അധ്യായത്തിലേയ്ക്ക് ഗിയര്‍മാറ്റിയിരുന്നു. വിനോദ സഞ്ചാര വകുപ്പം, വനം വകുപ്പുമായി കൈകോര്‍ത്തുള്ള ബജറ്റ് ടൂറിസമാണ് കെഎസ്ആര്‍ടിസിയുടെ ഉന്നം. ഇതിനോടകം പല ട്രിപ്പുകളും അതിവേഗത്തിലാണ് ഓടുന്നത്.

മലക്കപ്പാറ, മൂന്നാര്‍, വയനാട്, വാഗമണ്‍ മാമലക്കണ്ടം, ഗവി, ആലപ്പുഴ തുടങ്ങി കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകള്‍ പച്ചകൊടി വീശിയ ട്രിപ്പുകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. ചാലക്കുടി ഡിപ്പോയില്‍ നിന്നും ആതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ 300 രൂപ ഒരാള്‍ക്ക് ഈടാക്കുന്നത്. വാരന്ത്യ ട്രിപ്പുകളാണ് ഇത്. ആഴ്ച്ചകള്‍ക്ക് മുന്‍പേ തന്നെ ബുക്കിംഗ് തീരുമെന്നാണ് ചാലക്കുടി ഡിപ്പോ അധികൃതര്‍ പറയുന്നത്. മൂന്നാര്‍ പോലുള്ള സ്ഥലങ്ങളില്‍ കെഎസ് ആര്‍ടിസി ബസ്സുകള്‍ ഡോര്‍മെട്രി സൗകര്യവും നല്‍കുന്നുണ്ട്. ആളൊന്നിന് 150 രൂപയാണ് ഈടാക്കുന്നത്. വേണമെങ്കില്‍ ഒരു കുടുംബത്തിന് 1600 രൂപ മുടക്കിയാല്‍ ബസ് മുഴുവനായും ഒരു രാത്രി സ്വന്തമാക്കാം.

എല്ലു മുറിയെ പണിയെടുത്ത് കാശ് കീശയിലിടുന്ന രീതിയൊക്കെ സലാം പറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ എല്ലാം ഒരല്‍പ്പം 'ചില്‍' ആണ്. യാത്രകള്‍ ലഹരികളാണ്. പണം പോകുമെന്ന പേടിയില്‍ യാത്രകളെ മാറ്റി നിര്‍ത്തുന്നില്ലെന്നു മാത്രമല്ല, പോക്കറ്റ് കാലിയാകാതെ തന്നെ യാത്രകളെ അനുഭവങ്ങളാക്കുകയും ചെയ്യാം.