13 July 2023 10:55 AM
Summary
- സൊമാറ്റോ യുപിഐയുടെ സൈന്‍-അപ്പ് ഓപ്ഷന്‍ പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണ്
- മറ്റ് ആപ്പുകളിലേക്ക് പ്രവേശിക്കാതെ തന്നെ പേയ്‌മെന്റ് നടത്താന്‍ അനുവദിക്കുന്ന സംവിധാനമാണ് സൊമാറ്റോ യുപിഐ
- നിലവിലുള്ള യൂസര്‍മാര്‍ക്ക് ഈ സേവനം ലഭ്യമാണ്
സൊമാറ്റോ യുപിഐ (Zomato UPI) എന്ന യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ആപ്ലിക്കേഷന്‍ പുതിയ യൂസര്‍മാര്‍ക്ക് ലഭ്യമാക്കുന്നത് സൊമാറ്റോ താല്‍ക്കാലികമായി നിര്‍ത്തി.
3-4 ആഴ്ചകളായി സൊമാറ്റോ യുപിഐയുടെ സൈന്‍-അപ്പ് ഓപ്ഷന്‍ പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണ്. എന്നാല്‍ നിലവിലുള്ള യൂസര്‍മാര്‍ക്ക് ഈ സേവനം ലഭ്യമാണ്. ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് സൊമാറ്റോ ഈ സേവനം ലഭ്യമാക്കിയത്. 2023 മെയ് മാസത്തില്‍ തുടക്കമിട്ട സേവനത്തിലൂടെ വ്യക്തികള്‍ക്കും വ്യാപാരികള്‍ക്കും നേരിട്ട് പണമടയ്ക്കാന്‍ യൂസറെ സഹായിക്കുന്നതാണ്.
സൊമാറ്റോ ആപ്പ് ഉപയോഗിക്കുന്ന ഒരു യൂസര്‍ക്ക് മറ്റ് ആപ്പുകളിലേക്ക് പോകാതെ തന്നെ പേയ്‌മെന്റ് നടത്താന്‍ അനുവദിക്കുന്ന സംവിധാനമാണ് സൊമാറ്റോ യുപിഐ. അതായത്, ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകളിലേക്ക് പ്രവേശിക്കാതെ തന്നെ സൊമാറ്റോ യുപിഐ എന്ന സേവനത്തിലൂടെ ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പണം അടയ്ക്കാനാകും.
ഇതിനു പുറമെ സൊമാറ്റോ പേ എന്നൊരു ഫീച്ചറും ഉണ്ട്.
സൊമാറ്റോയില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മാത്രമല്ല സൊമാറ്റോ പേ എന്ന സംവിധാനം ഉപയോഗിച്ച്, സൊമാറ്റോയുടെ പട്ടികയിലുള്ള ചില റെസ്റ്റോറന്റുകളില്‍ നെറ്റ് ബാങ്കിംഗ്, യുപിഐ, കാര്‍ഡ് എന്നിവയുടെ സഹായത്തോടെ പണമടയ്ക്കാനുള്ള ഓപ്ഷനും ലഭ്യമാക്കുന്നുണ്ട്.
യുപിഎ സംവിധാനത്തിനു മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ കൂടുതല്‍ സേവനദാതാക്കളെ ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഈ പ്ലാറ്റ്‌ഫോമിലേക്ക് സൊമാറ്റോ ചേര്‍ന്നത്.
നിലവില്‍ യുപിഐ അടിസ്ഥാനമാക്കിയ ഇടപാടില്‍ ആധിപത്യം പുലര്‍ത്തുന്നത് ഗൂഗിള്‍ പേയും, ഫോണ്‍ പേയുമാണ്. 80 ശതമാനം യുപിഐ ഇടപാടുകളും നടക്കുന്നത് ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെയാണ്.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗൂഗിള്‍ പേ. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫോണ്‍ പേ.
ഇ-വാലറ്റുകള്‍, പേയ്‌മെന്റ് ഗേറ്റ്‌വേ സേവനങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്നതിനായി 2021 ഓഗസ്റ്റില്‍ സൊമാറ്റോ പേയ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു ഉപസ്ഥാപനം സ്ഥാപിച്ചിരുന്നു.
2022 കലണ്ടര്‍ വര്‍ഷത്തില്‍ സൊമാറ്റോയ്ക്ക് 58 ദശലക്ഷം വാര്‍ഷിക ഇടപാട് നടത്തുന്ന കസ്റ്റമേഴ്‌സിനെ ലഭിച്ചു. 2021-ല്‍ ഇത് 49.5 മില്യനായിരുന്നു.
ഗുരുഗ്രാം ആസ്ഥാനമായ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് ആണ് സൊമാറ്റോ.
കുതിച്ചുകയറി ഓഹരി
ജുലൈ 13 വ്യാഴാഴ്ച ബിഎസ്ഇയിലെ ട്രേഡിംഗ് സെഷനില്‍ സൊമാറ്റോയുടെ ഓഹരി വില 9 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും പുതിയ ഉയരമായ 84.50ലെത്തിയിരുന്നു.
2023ല്‍ ഇതുവരെ സ്റ്റോക്ക് 37 ശതമാനത്തിലധികം ഉയര്‍ന്നു. സമീപകാലത്ത് സൊമാറ്റോയ്ക്ക് ടയര്‍ 2 നഗരങ്ങളിലേക്കും അതിനപ്പുറത്തേക്കും ഇറങ്ങിച്ചെല്ലാന്‍ സാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
സാമ്പത്തികവര്‍ഷം 2022-23-ല്‍ (FY23) സ്വിഗ്ഗിയുടെ നഷ്ടം 545 മില്യണ്‍ ഡോളറായിരുന്നു.സൊമാറ്റോയുടേത് ഏകദേശം 110 മില്യണ്‍ ഡോളറും. രണ്ട് ഭീമ•ാര്‍ക്കും ഏകദേശം സമാനമായ വരുമാനം ഉണ്ടായിരുന്നു എന്നതും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. സ്വിഗ്ഗിക്ക് 900 മില്യന്‍ ഡോളറും, സൊമാറ്റോയ്ക്ക് 885 മില്യന്‍ ഡോളറുമായിരുന്നു വരുമാനം.
സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടിലെ നിക്ഷേപമാണ് വലിയ നഷ്ടത്തിനു കാരണമായതെന്ന് സിഇഒ ശ്രീഹര്‍ഷ മജെറ്റിയും നിക്ഷേപകരായ പ്രോസസും സൂചിപ്പിച്ചു.
ഗ്രോസറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന വിഭാഗമാണ് ഇന്‍സ്റ്റാമാര്‍ട്ട്. ഇതുപോലെ ഒരു വിഭാഗം സൊമാറ്റോയ്ക്കുമുണ്ട്. ബ്ലിങ്കിറ്റ് (blinkit) എന്നാണ് പേര്.സൊമാറ്റോ ബ്ലിങ്കിറ്റിനെ ഏറ്റെടുക്കുകയായിരുന്നു. കൊറോണ മഹാമാരിക്കാലത്താണ് ഫുഡ് ഡെലിവറി ബിസിനസ് കുതിച്ചുയര്‍ന്നത്. അന്ന് ആളുകള്‍ക്ക് പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിക്കാതെ വന്നതോടെ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടി വന്നു.
ഇടയ്ക്കിടെ ഇടപാടുകള്‍ നടത്തുന്ന ഉപയോക്താക്കള്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ ഒരു ലക്ഷണമായിരുന്നു.