7 Aug 2023 10:47 AM GMT
Summary
- എല്‍കെ-99 പോലുള്ള സൂപ്പര്‍ കണ്ടക്ടര്‍ ഊര്‍ജ്ജ, ഗതാഗത മേഖലകളില്‍ വലിയ മാറ്റത്തിനു ഇടയാക്കുമെന്നാണു കരുതപ്പെടുന്നത്
- ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അഞ്ചിലൊന്നാണ് പ്രസരണ നഷ്ടമായി പോകുന്നത്
- വൈദ്യുതി വിതരണം ചെയ്യുമ്പോള്‍ വയറുകളില്‍ സീറോ റെസിസ്റ്റന്‍സ് ആണെങ്കില്‍ പ്രസരണ നഷ്ടം സംഭവിക്കില്ല
സാധാരണ ഊഷ്മാവില്‍ ' സീറോ റെസിസ്റ്റന്‍സില്‍ ' വൈദ്യുതി പ്രവാഹം സാധ്യമാക്കുന്ന എല്‍കെ-99 എന്ന സൂപ്പര്‍ കണ്ടക്ടര്‍ ദക്ഷിണ കൊറിയ അവതരിപ്പിച്ചു.
കൊറിയ യൂണിവേഴ്‌സിറ്റിയിലെ സുക്‌ബെ ലീ, ജി-ഹൂണ്‍ കിം, യംഗ്-വാന്‍ ക്വോണ്‍ എന്നീ മൂന്നു ശാസ്ത്രജ്ഞര്‍ ജുലൈ മാസം അവസാനം പ്രസിദ്ധീകരിച്ച രണ്ട് ഗവേഷണ പേപ്പറുകളിലാണു സൂപ്പര്‍ കണ്ടക്ടറിനെ കുറിച്ച് വിശദമാക്കിയത്. ലെഡ്, കോപ്പര്‍, ഫോസ്ഫറസ് അധിഷ്ഠിത സംയുക്തമാണിതെന്നും ഇത് റൂം ടെംപറേച്ചറിലും, സാധാരണ മര്‍ദ്ദത്തിലും സൂപ്പര്‍ കണ്ടക്ടിംഗ് ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നുമാണു ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടത്.
ഒരു വയറിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍ അതിന്റെ ഒരു ചെറിയ ഭാഗം ചൂടായി പോകുന്നു. അതിലൂടെ വൈദ്യുതി പാഴാവുകയും ചെയ്യുന്നു. ഇങ്ങനെ പാഴായി പോകുന്നതിന്റെ കാരണം ' റെസിസ്റ്റന്റന്‍സ് ' എന്ന പ്രതിഭാസമാണ്. ഇതിനെ പ്രസരണ നഷ്ടമെന്നും വിളിക്കാറുണ്ട്. വൈദ്യുതി വിതരണം ചെയ്യുമ്പോള്‍ വയറുകളില്‍ സീറോ റെസിസ്റ്റന്‍സ് ആണെങ്കില്‍ പ്രസരണ നഷ്ടം സംഭവിക്കില്ല.
എല്‍കെ-99 പോലുള്ള സൂപ്പര്‍ കണ്ടക്ടര്‍ ഊര്‍ജ്ജ, ഗതാഗത മേഖലകളില്‍ വലിയ മാറ്റത്തിനു ഇടയാക്കുമെന്നാണു കരുതപ്പെടുന്നത്. ഇന്ത്യ പോലുള്ള രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അഞ്ചിലൊന്നാണ് പ്രസരണ നഷ്ടമായി പോകുന്നത്.
ഘര്‍ഷണ രഹിതമായ അതിവേഗ ട്രെയിനുകള്‍, പ്രസരണ നഷ്ടമില്ലാത്ത വൈദ്യുതി ലൈനുകള്‍ എന്നിവയൊക്കെ സാധ്യമാക്കാന്‍ എല്‍കെ-99 സൂപ്പര്‍ കണ്ടക്ടറുകള്‍ക്കു സാധിക്കും.
വരും ദിവസങ്ങളില്‍ എല്‍കെ-99 നിരവധി ലാബ് പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. പരീക്ഷണം വിജയകരമായാല്‍ അത് ലോകത്തില്‍ വലിയ മാറ്റങ്ങളായിരിക്കും കൊണ്ടുവരിക.