image

13 Jun 2023 10:53 AM GMT

Technology

ടാറ്റയോട് ടാറ്റ പറഞ്ഞ് വനിതാ ജീവനക്കാര്‍

MyFin Desk

tcs women employees resignation
X

Summary

  • സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനമാണു ടിസിഎസ്
  • ടിസിഎസ്സില്‍ ജോലി ചെയ്യുന്നവരില്‍ ഏകദേശം 35 ശതമാനവും സ്ത്രീകളാണ്
  • ടിസിഎസ്സിലെ ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുന്ന നാലില്‍ മൂന്ന് പേരും സ്ത്രീകളാണ്


സ്ത്രീകളെ ഏറ്റവും കൂടുതല്‍ റിക്രൂട്ട് ചെയ്യുന്നവരും രാജ്യത്തെ വലിയ ടെക് കമ്പനിയുമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). ആറ് ലക്ഷത്തിലധികം ജീവനക്കാരാണ് ടിസിഎസ്സില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ ഏകദേശം 35 ശതമാനവും സ്ത്രീകളാണ്. ടിസിഎസ്സിലെ ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുന്ന നാലില്‍ മൂന്ന് പേരും സ്ത്രീകളാണ്. എന്നാല്‍ സമീപകാലത്തായി കമ്പനി ഒരു അസാധാരണ പ്രതിസന്ധിയെ നേരിടുകയാണ്. നിരവധി സ്ത്രീകള്‍ ജോലിയില്‍ നിന്ന് രാജിവച്ചെന്നാണ് 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തിലെ ടിസിഎസ്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്.

കമ്പനിയുടെ വര്‍ക്ക് ഫ്രം ഹോം പോളിസി അവസാനിച്ചതായിരിക്കാം വനിതാ ജീവനക്കാര്‍ക്കിടയില്‍ രാജി വര്‍ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.

2022 ഡിസംബറിലെ കണക്കനുസരിച്ച്, ഏറ്റവും മൂല്യമുള്ള 500 കമ്പനികളില്‍ വച്ച് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനമാണു ടിസിഎസ് എന്നു കണക്കാക്കിയിരുന്നു.

അക്കാലത്ത്, ടിസിഎസിന്റെ മൊത്തം ജീവനക്കാരായ 6,13,974-ല്‍ ഏകദേശം 2,10,000 ജീവനക്കാരില്‍ സ്ത്രീകളായിരുന്നു. അതായത് മൊത്തം ജീവനക്കാരുടെ 35 ശതമാനം വരും. എന്നാല്‍ ജോലി രാജിവച്ചു പോയ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയത് സ്ഥാപനത്തിന്റെ ലിംഗ വൈവിധ്യം (gender diversity) പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.

ഉയര്‍ന്ന ലിംഗവിവേചനം, വേതനത്തിലെ ആണ്‍-പെണ്‍ വേതിരിവ് എന്നിവയാണ് ഇന്ത്യന്‍ ഐടി മേഖലയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് ടിസിഎസ്സിലെ സമീപകാല സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും.

അതേസമയം, ടിസിഎസ്സില്‍ മാത്രമല്ല, ജോലി ഉപേക്ഷിച്ചു പോകുന്ന സ്ത്രീകളുടെ എണ്ണം പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിലും കൂടുതലാണെന്ന് ടിസിഎസ് എച്ച്ആര്‍ തലവന്‍ മിലിന്ദ് ലക്കഡ് പറഞ്ഞു.

ഇന്‍ഫോസിസില്‍ ജോലി രാജിവച്ച സ്ത്രീകള്‍ 2020-ല്‍ 37.8 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ 39.6 ശതമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്19-നെ തുടര്‍ന്ന് സമീപ വര്‍ഷങ്ങളില്‍ റിമോട്ട് വര്‍ക്ക് ചെയ്യാനുള്ള സൗകര്യം നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് ഒരുക്കി. അതിലൂടെ കഴിവുള്ളവരെ പ്രത്യേകിച്ച് സ്ത്രീകളെ സ്ഥാപനത്തില്‍ നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. കാരണം ഒരു ഹൈബ്രിഡ് പരിതസ്ഥിതിയില്‍ ഓഫീസിലെയും വീട്ടിലെയും ജോലികള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാണെന്ന് അവര്‍ കണ്ടെത്തി. എന്നാല്‍ കോവിഡ്19 മഹാമാരിയുടെ ഭീതി അകന്നതോടെ തൊഴിലിടങ്ങള്‍ പഴയ നിലയിലേക്ക് മടങ്ങി. അതോടെ വര്‍ക്ക് ഫ്രം ഹോം പോളിസി പല കമ്പനികളും അവസാനിപ്പിച്ചു.

ലോക ബാങ്കിന്റെ കണക്ക്പ്രകാരം, ഇന്ത്യയില്‍ തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം വെറും 24 ശതമാനമാണ്. എന്നാല്‍ ചൈനയില്‍ ഇത് 61 ശതമാനമാണ്.

ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്ത്രീ പങ്കാളിത്തം വളരെ കുറവാണ്. ജനസംഖ്യയുടെ പകുതിയോളം സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണകരമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.