14 July 2023 10:51 AM GMT
ടിസിഎസ്സ് റിക്രൂട്ടിംഗ് അഴിമതി: ജാഗ്രതയോടെ വിപ്രോ, റിക്രൂട്ടിംഗ് നടപടിയില്‍ സുതാര്യത ഉറപ്പാക്കും
MyFin Desk
Summary
- മൂന്ന് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 50,000 പേരെ റിക്രൂട്ട് ചെയ്ത സ്ഥാപനമാണ് ടിസിഎസ്
- ജീവനക്കാര്‍ മിക്കവാറും സ്റ്റാഫിംഗ് വെണ്ടേഴ്‌സിന്റെ ശമ്പളക്കാരായിരിക്കും
- കരാര്‍ നിയമന പ്രക്രിയ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ വിപ്രോ തീരുമാനിച്ചു
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആറ് ജീവനക്കാരെ പിരിച്ചുവിടുകയും ആറ് റിക്രൂട്ടിംഗ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കരാര്‍ നിയമന പ്രക്രിയ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ വിപ്രോ തീരുമാനിച്ചു.
ഐടി കമ്പനികള്‍ക്ക് ആവശ്യമുള്ള ജീവനക്കാരെ നല്‍കുന്നത് സ്റ്റാഫിംഗ് വെണ്ടേഴ്‌സ് (staffing vendors) എന്ന പേരില്‍ അറിയപ്പെടുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങളാണ്.
ഇത്തരത്തില്‍ സ്റ്റാഫിംഗ് വെണ്ടേഴ്‌സ് വന്‍കിട ഐടി സ്ഥാപനങ്ങള്‍ക്ക് നിരവധി ജീവനക്കാരെ നല്‍കുന്നുണ്ട്. ജീവനക്കാര്‍ മിക്കവാറും സ്റ്റാഫിംഗ് വെണ്ടേഴ്‌സിന്റെ ശമ്പളക്കാരായിരിക്കും. അവരെ ഒരിക്കലും ഐടി കമ്പനിയുടെ ജീവനക്കാരായി പരിഗണിക്കില്ല. എന്നാല്‍ ഐടി കമ്പനിയുടെ ജോലികളായിരിക്കും അവര്‍ ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനങ്ങളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടിസിഎസ്) ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികളില്‍നിന്നും മുതിര്‍ന്ന എക്‌സിക്യൂട്ടീവുമാര്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസത്തില്‍ ടിസിഎസ്സിലെ ആറ് ജീവനക്കാരെ പുറത്താക്കിയിരുന്നു. ആറ് റിക്രൂട്ടിംഗ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 50,000 പേരെ റിക്രൂട്ട് ചെയ്ത സ്ഥാപനമാണ് ടിസിഎസ്.
അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ടിസിഎസ്സിന്റെ റിക്രൂട്ടിംഗ് വിഭാഗമായ റിസോഴ്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പില്‍ (ആര്‍എംജി) നിന്നും നാല് ജീവനക്കാരെയും മൂന്ന് സ്റ്റാഫിംഗ് ഏജന്‍സികളെയും നേരത്തേ പുറത്താക്കിയിരുന്നു. ആര്‍എംജിയുടെ ഗ്ലോബല്‍ ഹെഡ് ഇ.എസ്. ചക്രവര്‍ത്തി സ്റ്റാഫിംഗ് ഏജന്‍സികളില്‍ നിന്നും കമ്മീഷന്‍ സ്വീകരിച്ചിരുന്നെന്നു ചൂണ്ടിക്കാണിച്ച് ടിസിഎസ്സിലെ ഒരു വിസില്‍ബ്ലോവര്‍ (whistleblower) ടിസിഎസ് സിഇഒയ്ക്കും, സിഒഒയ്ക്കും ഏതാനും നാളുകള്‍ക്കു മുന്‍പ് കത്തെഴുതിയിരുന്നു.
തുടര്‍ന്ന് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ അജിത് മേനോന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിക്ക് ടിസിഎസ് രൂപം നല്‍കുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ ടിസിഎസ് റിക്രൂട്ട്‌മെന്റ് മേധാവിയെ അവധിയില്‍ അയയ്ക്കുകയും ആര്‍എംജിയിലെ നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തു. ഓഫീസിലെത്തുന്നതില്‍നിന്നും ആര്‍എംജിയുടെ ഗ്ലോബല്‍ ഹെഡ് ഇ.എസ്. ചക്രവര്‍ത്തിയെ വിലക്കിയിരുന്നു. മറ്റൊരു ഉദ്യോഗസ്ഥനായ അരുണ്‍ ജി.കെ.യെയും പുറത്താക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം 27.93 ബില്യന്‍ ഡോളര്‍ വരുമാനം നേടിയ കമ്പനിയാണ് ടിസിഎസ്. 6,14,795 ജീവനക്കാരുണ്ടെന്നും കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കരാറുകാര്‍ ഉള്‍പ്പെടെ 3,00,000 പേരെ ടിസിഎസ്സില്‍ നിയമിച്ചതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഴിമതി നടത്തിയവര്‍ ചുരുങ്ങിയത് 100 കോടി രൂപയെങ്കിലും അനധികൃതമായി സമ്പാദിച്ചിട്ടുണ്ടാകാമെന്നും കരുതുന്നുണ്ട്.
ആര്‍എംജിയുടെ ഗ്ലോബല്‍ ഹെഡ് ഇ.എസ്. ചക്രവര്‍ത്തി ടിസിഎസ്സില്‍ വൈസ് പ്രസിഡന്റ് റാങ്കിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം 1997-ലാണ് ടിസിഎസ്സില്‍ ജോയിന്‍ ചെയ്തത്.
ടിസിഎസ് പോലുള്ള ഐടി സര്‍വീസസ് സ്ഥാപനങ്ങള്‍ പരിചയസമ്പന്നരായ എക്‌സിക്യൂട്ടീവുകളെ നിയമിക്കുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്നാമത്തേത് എംപ്ലോയീ റഫറല്‍ പ്രോഗ്രാമിലൂടെയായിരിക്കും. രണ്ടാമത്തേത് സ്റ്റാഫിംഗ് ഏജന്‍സികള്‍ മുഖേനയും. താല്‍ക്കാലിക ജീവനക്കാരെയും, കരാറുകാരെയുമൊക്കെ ഇത്തരത്തില്‍ സ്റ്റാഫിംഗ് ഏജന്‍സികള്‍ വഴിയാണ് നിയമിക്കുന്നത്.
ജൂണ്‍ ഒന്നിനാണ് ടിസിഎസ്സിന്റെ സിഇഒയായി കെ.കൃതിവാസന്‍ ചുമതലയേറ്റത്. പുതിയ സിഇഒ ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് കമ്പനിയെ ദോഷകരമായി ബാധിക്കുന്ന റിക്രൂട്ട്‌മെന്റ് തലത്തിലെ അഴിമതി കണ്ടെത്തിയിരിക്കുന്നത്. ടിസിഎസ് പോലൊരു വന്‍കിട കോര്‍പറേറ്റ് സ്ഥാപനത്തില്‍ ശക്തമായ ഓഡിറ്റ് സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നിട്ടുപോലും ഇത്തരത്തിലൊരു അഴിമതി സംഭവിച്ചത് ഈ മേഖലയിലുള്ളവരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ഐടി മേഖല റിക്രൂട്ടിംഗിനായി ആശ്രയിക്കുന്ന മറ്റൊരു മേഖല എന്‍ജിനീയറിംഗ് കോളേജുകളാണ്. എന്നാല്‍ ക്ലൈന്റ് ഓര്‍ഡറുകള്‍ കുറഞ്ഞതും, മാന്ദ്യം നിലനില്‍ക്കുന്നതിനാലും കാമ്പസ് റിക്രൂട്ട്‌മെന്റ് 40 ശതമാനം വെട്ടിക്കുറയ്ക്കാനാണു സാധ്യത.