12 July 2023 9:03 AM GMT
Summary
- അടുത്ത 12 മാസത്തിനുള്ളില്‍ 250,000 ജീവനക്കാര്‍ക്ക് എഐയില്‍ പരിശീലനം നല്‍കും
- എഐ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റമായ Wipro ai360 പുറത്തിറക്കി
- ബാങ്കുകള്‍ മുതല്‍ വലിയ ടെക് സ്ഥാപനങ്ങള്‍ വരെ എഐയിലെ നിക്ഷേപം ഇരട്ടിയാക്കിയിരിക്കുകയാണ്
ഇന്ത്യന്‍ ഐടി സേവനദാതാക്കളായ വിപ്രോ ലിമിറ്റഡ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേഖലയിലേക്ക് 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു.
AI, ബിഗ്ഡാറ്റ ആന്‍ഡ് അനലിറ്റിക്സ് സൊല്യൂഷന്‍സ് എന്നിവയുടെ വിപുലീകരണത്തിനും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (r&d) പ്ലാറ്റ് ഫോമുകള്‍ വികസിപ്പിക്കുന്നതിനുമായിരിക്കും നിക്ഷേപത്തുക വിനിയോഗിക്കുകയെന്ന് എക്സ്ചേഞ്ച് ഫയലിംഗില്‍ പറയുന്നു.
കമ്പനി അതിന്റെ ആദ്യത്തെ എഐ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റമായ Wipro ai360 പുറത്തിറക്കി. അടുത്ത 12 മാസത്തിനുള്ളില്‍ ഏകദേശം 250,000 ജീവനക്കാര്‍ക്ക് എഐയില്‍ പരിശീലനം നല്‍കുമെന്നും അറിയിച്ചു.
മൈക്രോസോഫ്റ്റിന്റെ അസുര്‍ ഓപ്പണ്‍ എഐയില്‍ 25,000 എഞ്ചിനീയര്‍മാരെ പരിശീലിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പറഞ്ഞ് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് വിപ്രോ എഐയില്‍ വലിയ നിക്ഷേപം നടത്തുമെന്നും എഐയില്‍ പരിശീലനം നല്‍കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള കമ്പനികള്‍, ബാങ്കുകള്‍ മുതല്‍ വലിയ ടെക് സ്ഥാപനങ്ങള്‍ വരെ എഐയിലെ നിക്ഷേപം ഇരട്ടിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍ എഐയുടെ ജനറേറ്റീവ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി ലോഞ്ച് ചെയ്തതിനു ശേഷമാണ് എഐ ട്രെന്‍ഡായി മാറിയിരിക്കുന്നത്.