image

9 Oct 2023 7:49 AM GMT

Technology

ഇന്ത്യയില്‍ നിര്‍മിച്ചിട്ടും ഐഫോണ്‍ 15 എന്തു കൊണ്ട് ചെലവേറിയതാകുന്നു ?

MyFin Desk

why iphone 15 is expensive despite being made in india
X

ആപ്പിള്‍ ഐഫോണ്‍ 15 വിപണിയില്‍ അവതരിപ്പിച്ചിട്ട് ഒരു മാസം തികയുകയാണ്. ഇപ്രാവിശ്യം ഐഫോണ്‍ 15 ന്റെ ലോഞ്ചിംഗിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആദ്യമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്ത ഐഫോണ്‍ ആപ്പിള്‍ ലോഞ്ച് ദിനത്തില്‍ തന്നെ ചില്ലറ വില്‍പ്പനയ്ക്ക് എത്തിച്ചു എന്നതാണ് ആ പ്രത്യേകത.

എന്നാല്‍ ഐഫോണ്‍ 15 ഇന്ത്യയില്‍ അസംബിള്‍ ചെയ്തിട്ടും മറ്റ് രാജ്യങ്ങളിലെ വിലയേക്കാള്‍ ഐഫോണ്‍ 15ന്റെ വില ഇന്ത്യയില്‍ ഉയര്‍ന്നതാണ്.

യുഎസ്സില്‍ 799 ഡോളര്‍ വിലയുള്ള ഐഫോണ്‍ 15 ഇന്ത്യയില്‍ ഈടാക്കുന്നത് 965 ഡോളറാണ്. ഏകദേശം 79,900 രൂപ വരും.

ഐഫോണ്‍ 15 പ്രോ യുഎസ്സില്‍ 999 ഡോളറിനാണ് വില്‍ക്കുന്നത്. ഇന്ത്യയില്‍ 1,628 ഡോളറിനും. ഏകദേശം 1,34,900 രൂപ.

ഐഫോണ്‍ 15 പ്രോ മാക്‌സിന് യുഎസ്സില്‍ 1,199 ഡോളറാണ് വില. എന്നാല്‍ ഇന്ത്യയില്‍ വില 1,930 ഡോളറാണ്. ഏകദേശം 1,59,900 രൂപ.

കാരണങ്ങള്‍ പലത്

ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചെങ്കിലും അത് വില കുറച്ചു കൊണ്ടുവരാന്‍ പര്യാപ്തമായില്ല. ഐഫോണ്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനു പിന്നിലുള്ള കാരണങ്ങള്‍ ബഹുമുഖമാണ്.

ഒന്നാമതായി, ഐഫോണുകള്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്നില്ല എന്നതാണ്. ഇന്ത്യയില്‍ ഐഫോണ്‍ ഇപ്പോഴും അസംബിള്‍ ചെയ്യുകയാണ്. അസംബിള്‍ ചെയ്യാനുള്ള ഘടകങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇങ്ങനെ എത്തുന്ന ഘടകങ്ങള്‍ക്ക് ഇംപോര്‍ട്ട് ഡ്യൂട്ടി അഥവാ ഇറക്കുമതി തീരുവ നല്‍കേണ്ടതായും വരുന്നു. ഇത് ഐഫോണ്‍ വിലയില്‍ വര്‍ധനയുണ്ടാകാനുള്ള ഒരു കാരണമാണ്.

ജിഎസ്ടി (ചരക്ക് സേവന നികുതി) 18 ശതമാനമാവും ഈടാക്കുന്നുണ്ട്.

രണ്ടാമതായി, യുഎസ്സിലെയും, ദുബായിലെയും വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണിന്റെ ഇന്ത്യയിലെ സെയില്‍സ് വോള്യം കുറവുമാണ്. ഇതിനു പുറമെ കഴിഞ്ഞ വര്‍ഷം മുതല്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയില്‍ ഐഫോണ്‍ 15 ന്റെ വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമാകുന്നുണ്ട്.

പ്രോ, പ്രോ മാക്‌സ് അസംബിള്‍ ചെയ്യുന്നത് ചൈനയില്‍

ഇന്ത്യയില്‍ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ മാത്രമാണ് ആപ്പിള്‍ അസംബിള്‍ ചെയ്യുന്നത്. പ്രോ, പ്രോ മാക്‌സ് തുടങ്ങിയ പ്രീമിയം മോഡലുകള്‍ അസംബിള്‍ ചെയ്യുന്നത് ചൈനയിലാണ്.

ഇന്ത്യയില്‍ അസംബിള്‍ ചെയ്തത് 2017 മുതല്‍

2017 മുതലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ അസംബിള്‍ ചെയ്തു തുടങ്ങിയത്. ഐഫോണ്‍ എസ്ഇ എന്ന മോഡലായിരുന്നു ആദ്യമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്തതും. ഐഫോണ്‍ ലോഞ്ച് ചെയ്ത് കഴിഞ്ഞ് ഏകദേശം ഒരു മാസമെങ്കിലും കഴിയുമ്പോഴായിരുന്നു ഐഫോണ്‍ ഇന്ത്യയില്‍ അസംബ്‌ളിംഗ് ആരംഭിച്ചിരുന്നത്. എന്നാല്‍ ഐഫോണ്‍ 15 മുതല്‍ ആ പതിവ് മാറി. ഇപ്രാവിശ്യം ഐഫോണ്‍ 15 ലോഞ്ച് ദിനത്തില്‍ തന്നെ ആപ്പിള്‍ ഐഫോണ്‍ 15 റീട്ടെയ്ല്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. 2023 സെപ്റ്റംബര്‍ 12-നായിരുന്നു ലോഞ്ച്.