10 May 2023 4:39 PM GMT
' ഒന്നും വിശ്വസിക്കരുത് ' വാട്‌സ് ആപ്പിനെ ഉന്നമിട്ട് മസ്‌കിന്റെ ട്വീറ്റ്; മറുപടി നല്‍കി വാട്‌സ് ആപ്പും
MyFin Desk
Summary
- സ്വകാര്യതയുടെ കാര്യത്തില്‍ യാതൊരു പിഴവും ഇല്ലാത്ത പ്ലാറ്റ്‌ഫോമെന്നു അവകാശപ്പെടുന്നവരാണ് വാട്‌സ് ആപ്പ്
- മൈക്രോഫോണ്‍ സെറ്റിംഗ്‌സ് നിയന്ത്രിക്കാനുള്ള പൂര്‍ണ അധികാരം ഓരോ യൂസറിലും നിക്ഷിപ്തമാണ്
സൈബറിടത്തില്‍ ഇപ്പോള്‍ ഒരു എഞ്ചിനീയറുടെ വാട്‌സ് ആപ്പ് സ്‌ക്രീന്‍ ഷോട്ടാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. വാട്‌സ് ആപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ് ആ സ്‌ക്രീന്‍ ഷോട്ട്.
ട്വിറ്ററിലെ എന്‍ജിനീയറായ ഫോഡ് ഡാബ്രിയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വാട്‌സ് ആപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്.
ഉറങ്ങുമ്പോഴും താന്‍ അറിയാതെ വാട്‌സ് ആപ്പില്‍ മൈക്രോഫോണ്‍ പ്രവര്‍ത്തിച്ചിരുന്നെന്നു ആരോപിച്ചു കൊണ്ടാണ് അദ്ദേഹം ട്വിറ്ററില്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്.
ഇതിനു മറുപടിയായി ട്വിറ്റര്‍ സിഇഒ മസ്‌ക് 'ഒന്നിനെയും വിശ്വസിക്കരുതെന്ന് ' ട്വീറ്റും ചെയ്തു. മസ്‌കിനു പുറമെ നിരവധി പേര്‍ ഇതില്‍ ആശങ്ക പങ്കുവച്ച് രംഗത്തുവന്നു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ഈ വിഷയത്തില്‍ പ്രതികരിക്കുകയുണ്ടായി. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
സ്വകാര്യതയുടെ കാര്യത്തില്‍ യാതൊരു പിഴവും ഇല്ലാത്ത പ്ലാറ്റ്‌ഫോമെന്നു അവകാശപ്പെടുന്നവരാണ് വാട്‌സ് ആപ്പ്. സന്ദേശം അയയ്ക്കുന്നയാളും അത് സ്വീകരിക്കുന്നയാളും അല്ലാതെ മൂന്നാമതൊരു വ്യക്തിയിലേക്ക് എത്തിച്ചേരാന്‍ അനുവദിക്കാത്ത എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വാട്‌സ് ആപ്പ്. എന്നാല്‍ ട്വിറ്ററിലെ എന്‍ജിനീയറുടെ പോസ്റ്റ് വാട്‌സ് ആപ്പിന്റെ വിശ്വാസ്യതയില്‍ വീണ്ടും സംശയം ജനിപ്പിക്കാന്‍ കാരണമായിരിക്കുകയാണ്.
എന്നാല്‍ വിഷയത്തില്‍ വാട്‌സ് ആപ്പ് പ്രതികരണവുമായി രംഗത്തുവന്നു.
ആന്‍ഡ്രോയ്ഡിലെ ഒരു ബഗ് കാരണമാണ് ഇത് സംഭവിച്ചതെന്നു കരുതുന്നതായി വാട്‌സ് ആപ്പ് വ്യക്തമാക്കി.
മൈക്രോഫോണ്‍ സെറ്റിംഗ്‌സ് നിയന്ത്രിക്കാനുള്ള പൂര്‍ണ അധികാരം ഓരോ യൂസറിലും നിക്ഷിപ്തമാണ്. അതിലേക്ക് മറ്റാര്‍ക്കും കടന്നുകയറാന്‍ സാധിക്കില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും പ്രശ്‌നംപരിഹരിക്കാനും ഗൂഗിളിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും വാട്‌സ് ആപ്പ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി.
ഒരു കോളിനിടയിലോ, വീഡിയോ അല്ലെങ്കില്‍ വോയ്‌സോ റെക്കോഡ് ചെയ്യുമ്പോഴോ മാത്രമാണ് വാട്‌സ് ആപ്പിന് മൈക്രോഫോണിലേക്ക് പ്രവേശനം സാധ്യമാകുന്നത്. അതും യൂസറുടെ അനുമതി ലഭിച്ചതിനു ശേഷമാണ് പ്രവേശിക്കുന്നത്. ഇങ്ങനെയാണെങ്കിലും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ വാട്‌സ് ആപ്പിനു ഇവയൊന്നും കേള്‍ക്കാനും സാധിക്കില്ലെന്നു വാട്‌സ് ആപ്പ് വിശദീകരിച്ചു.
അതേസമയം, ട്വിറ്ററിലെ എന്‍ജിനീയര്‍ക്ക് സംഭവിച്ചതു പോലെയുള്ള അനുഭവം തങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നു വിശദീകരിച്ച് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.