image

7 Nov 2023 8:27 AM GMT

Technology

നിങ്ങള്‍ക്കും ചാറ്റ് ജിപിടി 'സ്വന്ത'മാക്കാം; പുതിയ ടൂളുമായി ഓപ്പണ്‍ എഐ

MyFin Desk

OpenAI has released a new tool that will let you build your own ChatGPT
X

Summary

  • കോഡിംഗ് ഇല്ലാതെ തന്നെ സ്വന്തം ചാറ്റ്ബോട്ടുകള്‍ സൃഷ്ടിക്കാം
  • 'ജിപിടി ബില്‍ഡര്‍' ലഭ്യമാകുക ചാറ്റ് ജിപിടി പ്ലസ് ഉപയോക്താക്കള്‍ക്ക്
  • ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ തത്സമയം സ്വന്തം ചാറ്റ്ബോട്ട് സൃഷ്ടിച്ച് സാം ആള്‍ട്ട്മാന്‍


ചാറ്റ് ജിപിടി എന്ന എഐ പ്ലാറ്റ്ഫോമിലൂടെ നിര്‍മിത ബുദ്ധിയുടെ ഉപയോഗത്തില്‍ വലിയ നാഴികക്കല്ല് സൃഷ്ടിച്ച ഓപ്പണ്‍എഐ തങ്ങളുടെ ആദ്യ ഡെവലപ്പർ കോൺഫറൻസ് തിങ്കളാഴ്ച നടത്തി. വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സ്വന്തം ചാറ്റ് ജിപിടി പതിപ്പുകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ പ്ലാറ്റ്‌ഫോം പുറത്തിറക്കിയെന്നതാണ് സാൻഫ്രാൻസിസ്കോയിൽ നടന്ന കോൺഫറൻസിന്‍റെ ഹൈലൈറ്റ്. വേദിയില്‍ വെച്ച് തത്സമയം തന്‍റെ വ്യക്തിഗത ചാറ്റ് ജിപിടി പതിപ്പ് സൃഷ്ടിച്ചുകൊണ്ടാണ് ഓപ്പണ്‍ എഐ ചെയര്‍മാന്‍ സാം ആള്‍ട്ട്മാന്‍ ഈ 'ജിപിടി ബില്‍ഡര്‍' അവതരിപ്പിച്ചത്.

ചാറ്റ് ജിപിടി പ്ലസ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ജിപിഡി ബില്‍ഡര്‍ ലഭ്യമാക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടകാര്യം ചാറ്റ് ജിപിടിയെ വ്യക്തിഗതമാക്കുന്നതിനുള്ള മാറ്റങ്ങൾ ഡെവലപ്പര്‍മാര്‍ കോഡ് ചെയ്യേണ്ടതില്ല എന്നതാണ്, നിർദ്ദേശങ്ങൾ ലളിതമായ ഭാഷയിൽ നൽകിയാല്‍ മതിയാകും. തങ്ങളുടെ ലാംഗ്വേജ് മോഡലുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും സമ്മേളനത്തിലുണ്ടായി.

ജിപിടികള്‍ സൃഷ്ടിക്കാം, വാങ്ങാം

ജിപിടികള്‍ എന്നറിയപ്പെടുന്ന പുതിയ എഐ ഏജന്‍റുകള്‍ ജിപിടി സ്‍റ്റോറില്‍ നിന്ന് വാങ്ങുന്നതിനും സാധിക്കും. സ്‍റ്റോറിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങൾ ഓപ്പണ്‍ എഐ ഇപ്പോഴും പരസ്യമാക്കിയിട്ടില്ല. എങ്കിലും ക്രിയേറ്റര്‍മാര്‍ക്ക്, അവര്‍ സൃഷ്‍ടിച്ച ജിപിടി-കളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി പ്രതിഫലം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഓപ്പണ്‍ എഐ വ്യക്തമാക്കുന്നു. വരുമാനം പങ്കിടുന്നതിന്‍റെ വ്യവസ്ഥകള്‍ പരസ്യപ്പെടുത്തിയിട്ടില്ല. പണമടച്ച് ചാറ്റ്ജിപിടി പ്ലസ് വരിക്കാരായവര്‍ക്കും ഓപ്പൺഎഐ എന്റർപ്രൈസ് ഉപഭോക്താക്കൾക്കും ജിപിടി-കൾ ആക്‌സസ് ചെയ്യാൻ കഴിയും. ഈ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്ഥാപനത്തിനകത്തെ ഉപയോഗത്തിനായി സ്വന്തം ജിപിടികള്‍ സൃഷ്ടിക്കാനുമാകും.

ഒരു ജിപിടി എങ്ങനെ ആളുകളുമായി സംവദിക്കണം എന്നതു സംബന്ധിച്ച് അതിന്‍റെ പ്രസിദ്ധീകരണത്തിന് മുമ്പ് തന്നെ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. വെബ് ബ്രൗസിംഗ്, DALL-E, ഓപ്പണ്‍ എഐ-യുടെ കോഡ് ഇന്റർപ്രെറ്റർ ടൂൾ എന്നിവയിലേക്ക് ഓരോ ജിപിടി-ക്കും ആക്‌സസ് ഉണ്ടായിരിക്കും. ക്രിയേറ്റര്‍മാര്‍ക്ക് സ്വന്തം ജിപിടിയെ പരിശീലിപ്പിക്കാൻ സ്വാഭാവിക ഭാഷ ഉപയോഗിക്കാം. അഭ്യർത്ഥിച്ച മാറ്റങ്ങൾ ടൂളിന് അടുത്തുള്ള വിൻഡോയിൽ തത്സമയം കാണാനാകും. ചാറ്റ്‌ബോട്ടിന്റെ തീം അനുസരിച്ച് ആപ്പും ചില നിര്‍ദേശങ്ങള്‍ നല്‍കും.

സ്‍റ്റാര്‍ട്ടപ്പുകള്‍ക്കായി ആള്‍ട്ട്മാന്‍റെ ജിപിടി

ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്ന യാത്രയിൽ സ്‍റ്റാര്‍ട്ടപ്പ് സംരംഭകരെ സഹായിക്കുന്നതിനുള്ള ഒരു പുതിയ ജിപിടി-യാണ് സാം ആൾട്ട്മാൻ കോണ്‍ഫറന്‍സില്‍ സൃഷ്ടിച്ചത്. പേര് മുതൽ ഒരു പ്രൊഫൈൽ ചിത്രം സൃഷ്ടിക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ ജിപിടി ബിൽഡർ ടൂൾ അതിന്‍റെ സ്വന്തം നിര്‍ദേശങ്ങളും ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുന്നു. അന്തിമ ഉപയോക്താവിന് പ്രസക്തമായ ഫലങ്ങൾ നൽകുന്നതിനായി ചില ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യാനും ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കും.

തങ്ങളുടെ ടൂളുകൾ ഉപയോഗിച്ച് ക്രിയേറ്റര്‍മാര്‍ ചാറ്റ്ബോട്ടുകള്‍ സൃഷ്ടിക്കുമ്പോഴും, തങ്ങള്‍ക്ക് ചാറ്റുകളിലേക്ക് ആക്സസ് ലഭിക്കില്ലെന്ന് ഓപ്പണ്‍എഐ വ്യക്തമാക്കുന്നു. വഞ്ചന, വിദ്വേഷ പ്രസംഗം, പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമായുള്ള ഉള്ളടക്കം തുടങ്ങിയ ദുരുപയോഗങ്ങള്‍ തടയുന്നതിന് പ്രവർത്തനങ്ങളുടെ മേലുള്ള നിരീക്ഷണം ഉണ്ടാകുമെന്നും ഓപ്പണ്‍എഐ ഉറപ്പുനല്‍കുന്നു.