1 July 2023 10:53 AM GMT
Summary
- കോപ്പിറൈറ്റ് ലംഘിച്ചെന്ന് ആരോപണം
- ഉപയോഗിച്ചത് 30,0000 ബുക്കുകളിൽ നിന്ന് പകർത്തിയ വിവരങ്ങൾ
- നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപെട്ടാണ് എഴുത്തുകാരുടെ വാദം
കോപ്പിറൈറ്റ് ലംഘനം ആരോപിച്ച് ചാറ്റ് ജിപിടി ഉടമകളായ ഓപ്പണ്‍എഐ-ക്കെതിരേ യുഎസ് കോടതിയില്‍ കേസ്. യു എസ് എഴുത്തുകാരായ പോൾ ട്രാംമ്ബ്ലെയും മോനാ അവാഡും സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. ചാറ്റ് ജിപിടി-യുടെ പരിശീലനത്തിന് വേണ്ടി ഓപ്പൺ ഐ യുടെ ജനറേറ്റീവ് എഐ ടൂൾ തങ്ങളുടെ സൃഷ്ടികൾ ദുരുപയോഗം ചെയ്തതായി അവർ ആരോപിക്കുന്നു. മറ്റു പകർപ്പവകാശ ഉടമകളും ചാറ്റ് ജിപിടിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
2022 നവംബറിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് റിസർച്ച് സ്റ്റാർട്ടപ്പായ ഓപ്പൺ എഐ ചാറ്റ് ജിപിടി അവതരിപ്പിച്ചത്. ഉപയോക്താക്കളുടെ ലളിതമായ നിർദ്ദേശങ്ങളില്‍ അതിവേഗം ഉചിതമായ പ്രതികരണങ്ങള്‍ നല്‍കാന്‍ ചാറ്റ് ജിപിടിക്കു കഴിയുന്നു. രണ്ട് മാസങ്ങൾക്കുള്ളില്‍ 100 ദശലഷം സജീവ ഉപയോക്താക്കളെ നേടാൻ ചാറ്റ് ജിപിടി ക്കു സാധിച്ചു. അങ്ങനെ അതിവേഗം വളരുന്ന അപ്ലിക്കേഷൻ ആയി ചാറ്റ് ജിപിടി മാറി.
ചാറ്റ് ജി പി ടി ഉപയോഗിച്ച വിവരങ്ങൾ ആയിരക്കണക്കിന് പുസ്തകങ്ങളിൽ നിന്ന് പകർത്തിയതാണെന്ന് എഴുത്തുകാർ ആരോപിക്കുന്നു. ചാറ്റ് ജിപി ടി ഉൾപ്പെടെയുള്ള എഐ ടൂളുകളിൽ ഉപയോഗിക്കുന്ന വിവരങ്ങളില്‍ പലതും ഇന്റർനെറ്റിൽ നിന്നും കോപ്പിറൈറ്റ് പരിഗണിക്കാതെ പകർത്തിയവയാണെന്നും ആരോപണം ഉണ്ട്. 30,0000 ബുക്കുകളിൽ നിന്ന് പകർത്തിയ വിവരങ്ങൾ ആണ് ചാറ്റ് ജിപിടി പരിശീലനത്തിന് ഉപയോഗിച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പകർപ്പവകാശമുള്ള പുസ്തകങ്ങൾ അനുമതിയില്ലാതെ അനധികൃതമായി നൽകുന്ന 'ഷാഡോ ലൈബ്രറി'കളിൽ നിന്നും ചാറ്റ് ജിപിടി വിവരങ്ങൾ ശേഖരിച്ചുവെന്നാണ് ആരോപണം.
തങ്ങളുടെ പുസ്തകങ്ങളുടെ കൃത്യമായ സംക്ഷിപ്തം നൽകാൻ ചാറ്റ് ജിപി ടി ക്കു കഴിയുന്നുവെന്നും. അതിനർത്ഥം ചാറ്റ് ജിപിടി ഡാറ്റാ ശേഖരത്തിൽ തങ്ങളുടെ രചനകളും ഉണ്ടെന്നാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. യു എസിലെ എല്ലാ പകർപ്പവകാശ ഉടമകൾക്കു വേണ്ടിയാണ് വാദിക്കുന്നതെന്നും തങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും ഇവര്‍ പറയുന്നു. ഓപ്പൺ എഐ കമ്പനിയുടെ പ്രതിനിധികൾ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.