7 May 2023 6:07 AM GMT
Summary
- നിയന്ത്രണങ്ങള്‍ക്ക് സന്നദ്ധമെന്ന് ടെക് മേധാവികള്‍
- വലിയ മുന്നറിയിപ്പായി ജെഫ്രി ഹിന്‍റണിന്‍റെ രാജി
- ഉല്‍പ്പന്ന സുരക്ഷ കമ്പനികള്‍ ഉറപ്പാക്കണമെന്ന് വൈറ്റ്ഹൗസ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടങ്ങളിൽ നിന്ന് പൊതുസമൂഹത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായി ടെക് ബോസ്സുമാരെ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു . ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ ,മൈക്രോസോഫ്റ്റ് തലവൻ സത്യ നദെല ,ഓപ്പൺ എഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാം ആൾട്‍മാൻ എന്നിവരോട് പൊതുസമൂഹത്തെ സംരക്ഷിക്കേണ്ടത് അവരുടെ ധാർമിക ഉത്തരവാദിത്വമാണെന്ന് വൈറ്റ്ഹൗസ് ഓർമപ്പെടുത്തി.
ചാറ്റ് ജി പി ടി, ഗൂഗിൾ ബാർഡ് പോലുള്ള എഐ ടൂളുകൾ സാധാരണക്കാരെ വളരെയധികം ആകർഷിച്ചിട്ടുണ്ട്.അവ സാധാരണ ഉപഭോക്താക്കൾക്കു നിർമിതബുദ്ധിയെ അടുത്തറിയാനുള്ള അവസരം നൽകുന്നു. വളരെ എളുപ്പത്തിൽ സൃഷ്ടിക്കപ്പെടുന്ന വിവരങ്ങൾ ആണ് ഇത്തരം വെബ്സൈറ്റുകളിൽ നിന്ന് ലഭിക്കുന്നത്.
ഗൂഗിളിൽ ഏതെങ്കിലും വസ്തുതകൾ തിരയുമ്പോൾ അതുമായി ബന്ധപ്പെട്ട വിവിധ വെബ്സൈറ്റുകളിലേക്കുള്ള ധാരാളം ലിങ്കുകളാണ് ലഭിക്കുന്നത്. എന്നാൽ ചാറ്റ് ജി പി ടി പോലുള്ള വെബ്സൈറ്റുകൾ കൃത്യമെന്നു തോന്നിക്കുന്ന വളരെ ലളിതമായ ഒരു വിവരണം നൽകുന്നു. നമുക്ക് ആവശ്യമുള്ള വിവരങ്ങൾ നമ്മൾ കണ്ടു പിടിച്ചു ഏകോപിപ്പിക്കുന്നത്തിനു പകരം ആ ജോലി ചാറ്റ് ജി പിടി ഏറ്റെടുക്കുന്നു.ഇത് നമ്മുടെ ജോലി വളരെ എളുപ്പമാക്കുന്നു.നമ്മൾ നൽകുന്ന ലളിതമായ നിർദ്ദേശങ്ങൾക്കനുസരിച്ചു കവിത എഴുതാനും കഥകൾ ഉണ്ടാക്കാനുമൊക്കെ കഴിയുന്നു.
ഇത്തരം പുതിയ സാങ്കേതിക വിദ്യകൾ സമൂഹത്തിൽ എത്രത്തോളം അപകടം ഉണ്ടാക്കുമെന്ന് ടെക് മേധാവികളുമായി വൈറ്റ്ഹൗസ് ചര്‍ച്ചനടത്തി .ഒരു പുതിയ ഉത്പന്നം ഉണ്ടാക്കുമ്പോൾ അതിന്റെ സുരക്ഷാ ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും ആ കമ്പനിക്കാണെന്നു വൈറ്റ് ഹൗസ് ഓർമപ്പെടുത്തി.നിർമിതബുദ്ധിയെ നിയന്ത്രിക്കുന്നതായി ഭരണകൂടം നിയമനിര്‍മാണങ്ങൾ നടത്തുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി
നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ ടെക് കമ്പനികളുടെ നേതൃത്വം ഒരേ പാതയിൽ മുന്നോട്ടു പോകുമെന്ന് ഓപ്പണ്‍എഐ-യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നമ്മുടെ ജീവിതനിലവാരം ഉയർത്താൻ ശേഷിയുള്ളതാണെങ്കിലും ഇത്തരം പുതിയ സാങ്കേതിക വിദ്യകൾ ആളുകളുടെ സ്വകാര്യതക്കും പൗരാവകാശത്തിനും ഭീഷണിയായേക്കാമെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യമേഖലക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ധാർമികവും നിയമപരവുമായ ഉത്തരവാദിത്വമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ദിനം പ്രതി വളർന്നുവരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് രാഷ്ട്രീയമേഖലയിൽ നിന്നും സാങ്കേതിക മേഖലയിൽ നിന്നും നിരന്തരം ആവശ്യമുയരുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റൺ കഴിഞ്ഞയാഴ്ച ഗൂഗിളിൽ നിന്ന് രാജിവെച്ചത് എഐ നടപ്പാക്കലിനുള്ള വലിയ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. എഐ ചാറ്റ്ബോറ്റുകൾ വരുത്താവുന്ന ദുരന്തങ്ങൾ തികച്ചും ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എഐ ചാറ്റ് ബോട്ടുകൾ വഴി ആളുകൾക്കു തൊഴിൽ നഷ്ടമാവുമെന്ന ആശങ്കയും വ്യാപകമാണ് .പകർപ്പവകാശ ലംഘനം, വോയിസ് ക്ളോണിങ്, വ്യാജ വീഡിയോ എന്നിങ്ങനെയുള്ള ഭീഷണികള്‍ക്കും സാധ്യത നിലനില്‍ക്കുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സിനെ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിന്തുണക്കുന്നവർ ഇത്തരം സാങ്കേതിക വിദ്യകളെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു വാദിക്കുന്നു. അമിത നിയന്ത്രണങ്ങൾ ചൈനീസ് ടെക് കമ്പനികൾക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും യുഎസ് കമ്പനികളില്‍ ഒരു വിഭാഗം ആശങ്കപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷനിൽ നിന്നും 140 മില്യൺ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.