23 Nov 2023 9:47 AM GMT
Summary
വ്യാജ വാര്‍ത്തകൾ തടയുന്നതിനായി വാട്‌സ്ആപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്യാംപെയ്‌നാണ് 'check the facts’
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. നിരവധി വ്യാജ വാർത്തകളാണ് വാട്ട്‌സ്ആപ്പ് വഴി ദിനംപ്രതി പ്രചരിക്കുന്നത്. ഉപയോക്താക്കളുടെ ഇടയിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ പരത്താൻ ഇത്തരം വാത്തകൾക്ക് സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പലരും ഇത്തരം വാർത്തകൾ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകൾ തടയുന്നതിനായി വാട്‌സ്ആപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്യാംപെയ്‌നാണ് ‘ check the facts’. വാട്‌സ്ആപ്പിന്റെ സുരക്ഷ ഫീച്ചറുകളെപ്പറ്റി ഉപയോക്താക്കള്‍ക്കിടയില്‍ അവബോധം വളർത്തിയെടുക്കലാണ് ഈ ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നത്.
വാട്സ്ആപ്പ് ഈ അടുത്തിടെ അവതരിപ്പിച്ച വാട്സ്ആപ്പ് ചാനലുകൾ വഴിയാണ് പുതിയ ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏകദേശം പത്തോളം ഫാക്ട് ചെക്ക് അതോറിറ്റികളുമായി സഹകരിച്ചാണ് വാട്സ്ആപ്പിന്റെ ഈ നീക്കം. രാജ്യത്തെ പതിമൂന്നോളം ഭാഷകളിൽ ഈ സേവനം ലഭിക്കും. വാട്സ്ആപ്പിൽ വരുന്ന വ്യാജ വാർത്തകളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ഈ വാട്സ്ആപ്പ് ചാനലുകൾ ഉപയോക്താക്കൾക്ക് നൽകുന്നതായിരിക്കും. ബൂം ഫാക്ട് ചെക്ക്, ഫാക്ട് ക്രെസെന്റോ, ഫാക്ട്ലി , ഇന്ത്യ ടുഡെ ഫാക്ട് ചെക്ക്, ന്യൂസ് ചെക്കർ, ന്യൂസ് മൊബൈൽ, വെബ്ക്യൂഫ് , ദി ഹെൽത്തി ഇന്ത്യൻ പ്രൊജക്ട് , വിശ്വാസ് ന്യൂസ്, ന്യൂസ് മീറ്റർ ഫാക്ട് ചെക്ക് എന്നിവയാണ് വാട്സ്ആപ്പിന്റെ ഫാക്ട് ചെക്ക് ചാനലുകൾ. കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് ചാനലിലെ ഫാക്ട് ചെക്കിംഗ് ചാനലുകൾ ഫോളോ ചെയ്യുക. വാർത്തകൾ, വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ വ്യാജമാണോ എന്ന് പരിശോധിക്കാന്‍ ഈ സേവനം ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.