image

30 Nov 2023 6:32 AM GMT

Tech News

ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ നാളെ മുതല്‍ നീക്കം ചെയ്യും; നയം വ്യക്തമാക്കി ഗൂഗിള്‍

MyFin Desk

Google has clarified the policy to delete unused accounts from December 1
X

Summary

  • രണ്ട് വര്‍ഷമായി സൈന്‍ ഇന്‍ ചെയ്യാത്ത അക്കൗണ്ടുകള്‍ ഇല്ലാതാകും
  • പുതിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത് 2023 മെയ് മാസത്തിൽ
  • ഇന്നുതന്നെ ലോഗിന്‍ ചെയ്യുകയെന്നതാണ് ഏക പോംവഴി


വര്‍ഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത അല്ലെങ്കില്‍ സൈന്‍ ഇന്‍ ചെയ്യാത്ത അക്കൗണ്ടുകള്‍ ഇല്ലാതാക്കുമെന്ന് ഈ വര്‍ഷം മെയ് മാസത്തില്‍ അറിയിച്ചിരുന്നു.

2023 മെയ് മാസത്തിലാണ് ഗൂഗിള്‍ പുതിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത്. അത് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു പ്രകാരം ജിമെയില്‍,ഡോക്‌സ്,ഡ്രൈവ്,ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, യൂട്യൂബ്, എന്നിവയില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടെ ഗൂഗിള്‍ നീക്കം ചെയ്യും.

ഉപയോഗശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്‌നങ്ങളാണ് പുതിയ മാറ്റത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഇത്തരം അക്കൗണ്ടുകളില്‍ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്‌വേഡുകള്‍ ഉണ്ടാവാനാണ് കൂടുതല്‍ സാധ്യത. കൂടാതെ ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. ആക്ടീവ് അക്കൗണ്ടുകളെ അപേക്ഷിച്ച് പത്തിരട്ടി അധികം അക്കൗണ്ടുകളാണ് ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ഉപയോഗിക്കാത്തതെന്നും ഗൂഗിള്‍ പ്രൊഡക്റ്റ് മാനേജ്‌മെന്റ് പറയുന്നു.

എങ്ങനെ അക്കൗണ്ടുകള്‍ നിലനിര്‍ത്താം

അക്കൗണ്ട് ഡിലീറ്റാക്കാന്‍ പോകുന്നുവെന്ന മെസെജ് ഉടമകള്‍ക്ക് പല തവണ അയച്ചതിനു ശേഷവും ഈ അക്കൗണ്ടുകള്‍ സജീവമാകുന്നില്ലെങ്കില്‍ ഒരു മാസത്തിനു ശേഷം അക്കൗണ്ട് നീക്കം ചെയ്യാനാണ് തീരുമാനം. ഘട്ടങ്ങളായാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള നടപടി ഗൂഗിള്‍ സ്വീകരിക്കുന്നത്. രണ്ട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അക്കൗണ്ട് ലോഗിന്‍ ചെയ്യുകയെന്നതാണ് ഇത് തടയാനുള്ള മാര്‍ഗം.