16 May 2023 8:51 AM GMT
' സൂപ്പര്‍ ആപ്പ് ' ആകാന്‍ ഒരുങ്ങി ട്വിറ്റര്‍; റിക്രൂട്ടിംഗ് സ്റ്റാര്‍ട്ടപ്പ് ' ലാസ്‌കി ' യെ ഏറ്റെടുത്തു
MyFin Desk
Summary
- മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്വിറ്ററിന്റെ ആദ്യ ഏറ്റെടുക്കലാണിത്.
- സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് ആണ് ലാസ്‌കി
- ക്രിസ് ബേക്ക് ആണ് ലാസ്‌കി എന്ന സ്റ്റാര്‍ട്ട് അപ്പിനു തുടക്കമിട്ടത്
ജോബ് റിക്രൂട്ടിംഗ് സ്റ്റാര്‍ട്ടപ്പ് ലാസ്‌കിയെ (Laskie) ട്വിറ്ററിന്റെ മാതൃസ്ഥാപനമായ എക്‌സ് കോര്‍പ് (X Corp.) ഏറ്റെടുത്തു. മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്വിറ്ററിന്റെ ആദ്യ ഏറ്റെടുക്കലാണിത്.
പകുതി ഓഹരി, പകുതി പണവുമായിട്ടാണ് ഇടപാട് നടത്തിയിരിക്കുന്നത്.
പേയ്‌മെന്റ്‌സ് ഉള്‍പ്പെടെ ഒന്നിലധികം സേവനങ്ങള്‍ ലഭിക്കുന്ന ' സൂപ്പര്‍ ആപ്പ് ' ആക്കി മാറ്റുക എന്ന ലക്ഷ്യമാണു തനിക്കുള്ളതെന്ന് ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം കഴിഞ്ഞ വര്‍ഷം മസ്‌ക് പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന തീരുമാനമാണ് ഇപ്പോള്‍ മസ്‌ക് സ്വീകരിച്ചിരിക്കുന്നത്.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് ആണ് ലാസ്‌കി. 2021-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തൊഴില്‍ റിക്രൂട്ടിംഗ് രംഗത്ത് വിപ്ലവം തീര്‍ക്കുക എന്ന ലക്ഷ്യവുമായി ക്രിസ് ബേക്ക് ആണ് ലാസ്‌കി എന്ന സ്റ്റാര്‍ട്ട് അപ്പിനു തുടക്കമിട്ടത്. ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലായ ഇന്‍ഡീഡിന് (Indeed) കുറച്ചുകാലം മുന്‍പ് ക്രിസ് ബേക്ക് ഒരു സ്റ്റാര്‍ട്ട് അപ്പ് വിറ്റിരുന്നു.
ലാസ്‌കിയുടെ സേവനം ട്വിറ്ററുമായി ഏകോപിപ്പിക്കുമോ അതോ സ്വതന്ത്രമായി തന്നെ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ് മസ്‌കിന് ട്വിറ്ററിനെ എല്ലാ സേവനങ്ങളും ലഭിക്കുന്ന ഒരു ആപ്പ് ആക്കി മാറ്റാന്‍ താത്പര്യമുണ്ട്.
വീചാറ്റ് (WeChat), കാകാഓ (Kakao) തുടങ്ങിയ ഏഷ്യയിലെ വന്‍പ്രചാരമുള്ള ആപ്പുകളില്‍ ടെക്സ്റ്റ് മെസേജിംഗ്, ഇ-കൊമേഴ്‌സ്, പേയ്‌മെന്റ്‌സ് തുടങ്ങിയ സേവനങ്ങള്‍ ഉണ്ട്. ഇതുപോലൊരു ആപ്പ് ആണ് മസ്‌കിന്റെയും മനസ്സിലുള്ളത്.
കഴിഞ്ഞ ആഴ്ച ട്വിറ്ററില്‍ എന്‍ക്രിപ്റ്റഡ് മെസേജിംഗ്, ഓഡിയോ വീഡിയോ കോള്‍ സംവിധാനം നടപ്പിലാക്കിയതും ഇതിന്റെ ഭാഗമായിട്ടാണെന്നു കരുതുന്നുണ്ട്.