image

1 May 2023 12:30 PM GMT

Technology

സ്പാം കോളുകളും മെസേജുകള്‍ക്കും പ്രതിവിധിയുമായി ട്രായ്

MyFin Desk

trai as a remedy for spam calls and messages
X

Summary

  • പ്രമോഷണല്‍ കോളുകള്‍ക്ക് നിയന്ത്രണം
  • വന്‍കിട കമ്പനികളൊക്കെ നടപടികള്‍ ആരംഭിച്ചു
  • ട്രൂകോളറുമായി അണിയറയില്‍ ചര്‍ച്ച


സ്പാം കോളുകളും മെസേജുകളും കാരണം ഉപഭോക്താക്കള്‍ വലിയ തലവേദനയാണ് അനുഭവിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിന് ഉടന്‍ പ്രതിവിധി കാണാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ട്രായ്. ഇത്തരം കോളുകള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കാന്‍ ടെലികോം കമ്പനികള്‍ എഐ ഫില്‍ട്ടര്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

രാജ്യത്ത് സ്പാം കോളുകളും മെസേജുകളും വല്ലാതെ പ്രശ്‌നമായിരിക്കുന്ന സാഹചര്യത്തിലാണ് ട്രായ് നിയന്ത്രണം കൊണ്ടുവരുന്നത്. വോഡാഫോണ്‍, എയര്‍ടെല്‍, ജിയോ,ബിഎസ്എന്‍എല്‍ തുടങ്ങിയ വന്‍കിട കമ്പനികളൊക്കെ ട്രായ് നല്‍കിയിരിക്കുന്ന സമയത്തിനകം തന്നെ എഐ ഫില്‍ട്ടേഴ്‌സ് നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എയര്‍ടെല്‍ നേരത്തെ തന്നെ എഐ ഫില്‍ട്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജിയോ ഫില്‍ട്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നടപടികളിലാണ്. എന്നാല്‍ ഈ കമ്പനികളൊക്കെ എന്ന് മുതല്‍ സേവനം ലഭിച്ചുതുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ട്രായ് നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ തന്നെ പല കമ്പനികളും ഫീച്ചര്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങുമെന്നാണ് കരുതുന്നത്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ സ്പാം കോളുകളിലൂടെ കബളിപ്പിച്ച് പണം തട്ടുന്ന സംഗതികള്‍ വ്യാപകമായതിനെ കൂച്ചുവിലങ്ങിടാന്‍ കൂടി വേണ്ടിയാണ് ട്രായുടെ നീക്കം.

എഐ ഫില്‍ട്ടറുകള്‍ കൊണ്ടുവരുന്നത് കൂടാതെ പത്ത് അക്ക നമ്പറുകളിലേക്കുള്ള പ്രമോഷണല്‍ കോളുകള്‍ നിരോധിച്ചതായും ട്രായ് അറിയിച്ചിട്ടുണ്ട്. വിളിക്കുന്നയാളുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിക്കുന്ന കോളര്‍ ഐഡി ഫീച്ചര്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ട്രൂകോളര്‍ ആപ്പ് ആധികൃതരുമായി ചര്‍ച്ച നടത്തുന്നതായും വിവരമുണ്ട്.