28 Nov 2023 5:25 AM GMT
Summary
- ബൈറ്റ്ഡാന്‍സിന്റെ ഗെയിമിംഗ് ഡിവിഷനില്‍ അനിശ്ചിതത്വം
- നുവേഴ്‌സ് എന്നറിയപ്പെടുന്ന ഗെയിമിംഗ് വിംഗ് പ്രവര്‍ത്തനങ്ങള്‍ ചുരുക്കുന്നു
- 'മാര്‍വല്‍ സ്‌നാപ്പ്' ആണ് നുവേഴ്‌സിന്റെ മികച്ച ഗെയിം
ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്, അതിന്റെ ഗെയിമിംഗ് ഡിവിഷനായ നുവേഴ്‌സില്‍ പിരിച്ചുവിടല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇത് ഗെയിമിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.
നുവേഴ്‌സ് എന്നറിയപ്പെടുന്ന ഗെയിംഗ് വിംഗ് രണ്ട്‌വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം അവരുടെ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറയ്ക്കുകയാണെന്ന് ബൈറ്റ്ഡാന്‍സില്‍ നിന്നുള്ള വക്താവ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.
'കമ്പനിയുടെ സംരംഭങ്ങളെ സ്ഥിരമായി വിലയിരുത്തുകയും തന്ത്രപരമായ വളര്‍ച്ചാ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സമീപകാല വിലയിരുത്തലിന് ശേഷം, ഞങ്ങളുടെ ഗെയിമിംഗ് ബിസിനസ്സ് പുനഃക്രമീകരിക്കാനുള്ള വെല്ലുവിളി നിറഞ്ഞ തീരുമാനമാണ് കമ്പനി ഇപ്പോള്‍ എടുത്തിരിക്കുന്നത്', വക്താവ് അറിയിച്ചു.
ന്യൂവേഴ്സ് 2021-ല്‍ ഏകദേശം 3,000 തൊഴിലാളികളെ നിലനിര്‍ത്തി, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ കണക്ക് സ്ഥിരമായി തുടരുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് വിപണിയായ ചൈനയിൽ കോവിഡ് മഹാമാരിയുടെ സമയത്ത് മൊബൈൽ ഗെയിമിംഗിന്റെ ആവശ്യം കുതിച്ചുയർന്നപ്പോഴാണ് ബൈറ്റ്ഡാൻസ് ആ രംഗത്തേക്ക് പ്രവേശിക്കുന്നത്. അക്കാലയളവിൽ 400 കോടി ഡോളറിന്റെ ഇടപാടില്‍ ഷാങ്ഹായ് ആസ്ഥാനമായുള്ള ഗെയിമിംഗ് സ്റ്റുഡിയോ മൂണ്‍ടോണ്‍ ടെക്നോളജിയെ ബൈറ്റ്ഡാന്‍സ് ഏറ്റെടുത്തു. എന്നാൽ, കോവിഡിന് ശേഷമുള്ള ചൈനയിലെ ഡിമാൻഡ് മാന്ദ്യവും എതിരാളികളായ ടെൻസെന്റ്, നെറ്റ് ഈസ് എന്നിവയിൽ നിന്നുള്ള കടുത്ത മത്സരവും ബൈറ്റ്ഡാൻസിന് വെല്ലുവിളികളുയർത്തി.
പുതിയ റിപ്പോർട്ടുകളനുസരിച്ച്, ബൈറ്റ്ഡാന്‍സ് നടന്നുകൊണ്ടിരിക്കുന്ന ഗെയിമിംഗ് പ്രോജക്റ്റുകള്‍ നിര്‍ത്തലാക്കാനും നിലവിലുള്ള ഗെയിമിംഗ് ശീര്‍ഷകങ്ങള്‍ ന്യൂവേഴ്‌സിനുള്ളില്‍നിന്ന് വില്‍ക്കാനും സാധ്യതയുണ്ട്.
യുഎസ് ആസ്ഥാനമായുള്ള സ്റ്റുഡിയോ സെക്കന്‍ഡ് ഡിന്നര്‍ വികസിപ്പിച്ച ഓണ്‍ലൈന്‍ കാര്‍ഡ് ഗെയിം 'മാര്‍വല്‍ സ്‌നാപ്പ്' ആണ് നുവേഴ്‌സില്‍ നിന്നുള്ള മികച്ച ഗെയിം.
അതേസമയം ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. ചൈനയുമായുള്ള അതിര്‍ത്തിസംഘട്ടനത്തെത്തുടര്‍ന്ന് സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2020 ജൂണിലാണ് ടിക് ടോക്ക് രാജ്യത്ത് നിരോധിക്കപ്പെട്ടത്. ഈ നീക്കം ഇന്‍സ്റ്റാഗ്രാമിന് വിപണിയുടെ ഗണ്യമായ ഭാഗം പിടിച്ചെടുക്കാന്‍ വഴിയൊരുക്കുകയും ചെയ്തു.