image

3 July 2024 8:03 AM GMT

Tech News

സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ടപ്പ് കൂ അടച്ചുപൂട്ടുന്നു

MyFin Desk

koo app is no more
X

Summary

  • സോഷ്യല്‍ മീഡിയ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സേവനങ്ങളുടെ ചിലവ് കൂടുതലാണ്
  • 2022 സെപ്റ്റംബറില്‍ 40 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് കൂവിലെ പ്രതിസന്ധി പുറത്തറിഞ്ഞത്


സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ടപ്പ് കൂ അതിന്റെ സേവനം അവസാനിപ്പിക്കുന്നു. ഏറ്റെടുക്കലിനായുള്ള നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. എക്സിന്റെ (മുമ്പ് ട്വിറ്റര്‍) സ്വദേശീയ ബദലായി പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്ന കമ്പനിയാണ് കൂ.

ഒന്നിലധികം വലിയ ഇന്റര്‍നെറ്റ് കമ്പനികള്‍, മീഡിയ ഹൗസുകള്‍ തുടങ്ങിയവയുമായി സ്റ്റാര്‍ട്ടപ്പ് പങ്കാളിത്തത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ ഫലവത്തായില്ല. കൂ സഹസ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ഒരു സോഷ്യല്‍ മീഡിയ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സേവനങ്ങളുടെ ചിലവ് കൂടുതലാണ്, ഞങ്ങള്‍ക്ക് ഈ കടുത്ത തീരുമാനം എടുക്കേണ്ടി വന്നു' അവര്‍ പറഞ്ഞു.

2022 സെപ്റ്റംബറില്‍ 40 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് കൂവിലെ പ്രതിസന്ധി പുറത്തറിഞ്ഞത്. തുടര്‍ന്ന്, 2023 ഫെബ്രുവരിയില്‍ സഹസ്ഥാപകന്‍ ബിദാവത്ക കൂടുതല്‍ പിരിച്ചുവിടലുകള്‍ വരുമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തൊട്ടുപിന്നാലെ, അതേ വര്‍ഷം ഏപ്രിലില്‍, കമ്പനി അതിന്റെ തൊഴിലാളികളുടെ 30 ശതമാനം വെട്ടിക്കുറച്ചു.

അതേ മാസത്തില്‍, അതിന്റെ പ്രതിമാസ സജീവ ഉപയോക്താക്കള്‍ ഏകദേശം 3.1 ദശലക്ഷമായി കുറഞ്ഞു. അതിനുമുമ്പ്, 2023 ജനുവരിയില്‍, സജീവ ഉപയോക്താക്കള്‍ 4.1 ദശലക്ഷമായിരുന്നു. മാര്‍ച്ചില്‍ ഏകദേശം 3.2 ദശലക്ഷമായി കുറയുകയും ചെയ്തു. 2022 ജൂലൈയിലായിരുന്നു ഏറ്റവുമധികം ഉപയോക്താക്കള്‍ ഉണ്ടായിരുന്നത്. അന്ന് അത് 9.4 ദശലക്ഷമായിരുന്നു.

അതിനുശേഷം, ഡെയ്ലിഹണ്ട്, ഷെയര്‍ചാറ്റ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളുമായി കമ്പനി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ആ ചര്‍ച്ചകള്‍ ഫലവത്തായില്ല. പ്ലാറ്റ്ഫോമില്‍ വരുന്ന ഉപയോക്താക്കളുടെ എണ്ണം കാലക്രമേണ കുറഞ്ഞുവെങ്കിലും, കൂവിന് സ്ഥാപനം പൂട്ടേണ്ടി വന്നതിന്റെ മറ്റൊരു കാരണം അതിന്റെ പ്രതിമാസ പണമിടപാട് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതാണ്.