image

26 Jun 2023 9:13 AM GMT

Technology

എം4ടെക് മുതല്‍ തൊപ്പി വരെ; യുട്യൂബര്‍മാരുടെ വരുമാനം സിനിമാ താരങ്ങളെ കടത്തിവെട്ടും

MyFin Desk

youtubers earnings surpass those of movie stars
X

Summary

  • കേരളത്തിലെ യുട്യൂബര്‍മാരില്‍ പലര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനം
  • റീച്ചിന്റെയും കാഴ്ച്ചക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ യൂട്യൂബര്‍മാരുടെ വരുമാനം എത്രത്തോളം വരും ?
  • പരസ്യത്തിന്റെ സ്വഭാവം, വിഡിയോ കാണുന്നവരുടെ ലൊക്കേഷന്‍ എന്നിവയെ ആശ്രയിച്ച് വരുമാനം വ്യത്യാസപ്പെടും



വരുമാനത്തില്‍ മലയാളി യുട്യൂബര്‍മാര്‍ സിനിമാ താരങ്ങളെപ്പോലും കടത്തിവെട്ടുകയാണ്. കേരളത്തിലെ പ്രമുഖ യുട്യൂബര്‍മാരില്‍ പലര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. യൂട്യൂബര്‍മാരുടെ റീച്ചിന്റെയും കാഴ്ച്ചക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ യൂട്യൂബര്‍മാരുടെ വരുമാനം എത്രത്തോളം വരുമെന്ന് നോക്കാം.

എം4 ടെക്

1.12 കോടി സബ്സ്‌ക്രൈബര്‍മാരുള്ള എം4 ടെക് ചാനലിന്റെ ആസ്തി റീച്ചിന്റെയും കാഴ്ച്ചക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ 12.3 ലക്ഷം ഡോളര്‍ മുതല്‍ 73.5 ലക്ഷം ഡോളര്‍ വരെയാണ് സാധ്യത. 10 കോടി രൂപയിലേറെ വരുമിത്. 2017ല്‍ ആരംഭിച്ച ഈ ചാനല്‍ കഴിഞ്ഞ ഒരുമാസം കൊണ്ടു നേടിയത് 1.65 ലക്ഷം ഡോളറാണ് (1.35 കോടി രൂപ). മൂന്നുമാസം കൊണ്ട് 7.67 കോടി രൂപ. ആകെ ആസ്തി 60 കോടി വരെ വരുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നു.




ഈവര്‍ഷം ജനുവരിയില്‍ 1,18,000ഡോളറായിരുന്നു (96 ലക്ഷം രൂപ) വരുമാനം. ഇത് ഫെബ്രുവരിയില്‍ 3,25,000 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ യഥാക്രമം 554k, 379k, 137k ഡോളര്‍ എന്നിങ്ങനെയാണ്. ഈമാസം ഇതുവരെ 81 ലക്ഷം രൂപ നേടി.

2021 ജൂലൈയില്‍ 13,000 ഡോളര്‍ ആയിരുന്നു. ഇതുവരെ 557 വിഡിയോകളാണ് പോസ്റ്റ് ചെയ്തത്. 326.82 കോടി വ്യൂസ് ഈ ചാനലിലെ വിഡിയോകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്. ജിയോ ജോസഫാണ് ഈ ചാനലിന്റെ ഉടമ. ടെക്നിക്കല്‍ വിഷയങ്ങളാണ് ചാനലില്‍ പ്രധാനമായും അവതരിപ്പിക്കുന്നത്.

പേര്‍ലി മാണി

26 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് പേര്‍ലി മാണി എന്ന ചാനലിനുള്ളത്. ഒരാഴ്ച 5.73 ലക്ഷം രൂപ ഒരു ചാനലില്‍ നിന്നു തന്നെ ഇവര്‍ക്ക് ലഭിക്കുന്നു. ഇവരുടെ ആകെ ആസ്തി 9 കോടിയാണെന്നും ചില വെബ്സൈറ്റുകള്‍ പറയുന്നു.

അണ്‍ബോക്സിങ് ഡ്യൂഡ്

37 ലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള അണ്‍ബോക്സിങ് ഡ്യൂഡ് ചാനലും 2017ലാണ് ആരംഭിച്ചത്. 1550 വിഡിയോകളിലൂടെ 3.33 കോടി 19.9 കോടി രൂപ വരെ ആസ്തി. ഒരാഴ്ച 1.68 ലക്ഷം രൂപ നേടുന്നു.




ഫിഷിങ് ഫ്രീക്സ്

ഫിഷിങ് ഫ്രീക്സിന് 33.5 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്. 550 വിഡിയോ പോസ്റ്റ് ചെയ്തു. 2.12 കോടി12.7 കോടി രൂപയാണ് ആസ്തി. ഒരാഴ്ച 2.8 ലക്ഷം രൂപ വരെ നേടുന്നു.


തൊപ്പി

2019 ജൂലൈ 20നു മുമ്പ് ആരംഭിച്ച തൊപ്പി യുട്യൂബ് ചാനലിന് 6.77 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്. 161 വിഡിയോകളാണ് ഇതുവരെ അപ്ലോഡ് ചെയ്തത്. ഒരുവര്‍ഷം ഒരു കോടി രൂപ വരെ ലഭിച്ചു. പ്രതിമാസം 8.78 ലക്ഷം രൂപ.

ഒരുദിവസം ഏഴുലക്ഷത്തോളം വ്യൂ വരെ ചാനലിനു ലഭിച്ചു. ഇതുവരെ 2.67 കോടി വ്യൂസ്. മുഹമ്മദ് നിഹാദ് ആണ് ചാനലുടമ. ഒരാഴ്ച കൊണ്ട് 25.9 ശതമാനവും മാസത്തില്‍ 103.5 ശതമാനവുമാണ് ചാനല്‍ വളര്‍ച്ച.

മല്ലു ട്രാവലര്‍

27 ലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള മല്ലു ട്രാവലറിന് 1.17 കോടി മുതല്‍ ഏഴു കോടി രൂപ വരെയാണ് ആസ്തി. ഒരുമാസം കൊണ്ട് റീച്ചിന്റെയും കാഴ്ച്ചക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ 1.27 കോടി രൂപയാണ്. 962 വിഡിയോകളാണ് 2010ല്‍ ആരംഭിച്ച ഈ ചാനലില്‍ അപ്ലോഡ് ചെയ്തത്.

യുട്യൂബില്‍ നിന്ന് വരുമാനം ഇങ്ങനെ

2022ല്‍ യുട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യു.എസില്‍ ഒരാഴ്ച ലഭിച്ചത് 1,154 ഡോളറായിരുന്നു. പ്രതിമാസം 4,616 ഡോളര്‍. പരസ്യത്തിന് കമ്പനി 100 ഡോളര്‍ ഗൂഗിളിനു നല്‍കുമ്പോള്‍ 55 ഡോളര്‍ ഗൂഗിള്‍ യുട്യൂബര്‍ക്ക് നല്‍കുന്നു. ഇന്‍ഫല്‍വന്‍സര്‍ മാര്‍ക്കറ്റിങ് ഹബിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു യുട്യൂബര്‍ ഒരു വ്യൂവിന് ശരാശരി 0.018 ഡോളറാണ് നേടുന്നത്. 1000 വിഡിയോ വ്യൂവിന് 1.84 മുതല്‍ 3.06 ഡോളര്‍ വരെ. പ്രതിദിനം 10,000 വ്യൂവിന് 18.3830.62 ഡോളര്‍. ശരാശരി പ്രതിമാസം 551919 ഡോളര്‍ വരുമാനം. പ്രതിമാസം മൂന്നു ലക്ഷം വ്യൂവിന് 6,707 ഡോളര്‍ മുതല്‍ 11,178 ഡോളര്‍ വരെയും വരുമാനം ലഭിക്കും.

ഇതിനു പുറമെ യുട്യൂബ് പരസ്യം 1000 പേര്‍ കാണുന്നതിന് 18 ഡോളറും ലഭിക്കുന്നു. സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം കൂടുന്നതനുസരിച്ച് പരസ്യം കാണുന്നവരുടെ എണ്ണവും വര്‍ധിക്കും. കൂടൂതല്‍ പ്രശസ്തനാകുന്നതോടെ ബ്രാന്‍ഡുകള്‍ യുട്യൂബര്‍ക്ക് ബ്രാന്‍ഡുകളുടെ സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നു.ചില പരസ്യക്കാര്‍ 1000 വ്യൂ എത്തിയാലേ പണം നല്‍കൂ. മറ്റു ചിലര്‍ ഓരോ ക്ലിക്കിനും കാശു നല്‍കും. സാധാരണയായി വിഡിയോ കാണുന്നതില്‍ കുറച്ചുപേരേ പരസ്യം സ്‌കിപ് ചെയ്യാതെ കാണാറുള്ളൂ.

വ്യൂ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ഒരു കാഴ്ചക്കാരന്‍ ചുരുങ്ങിയത് 30 സെക്കന്‍ഡെങ്കിലും വിഡിയോയിലെ പരസ്യം കാണണം. നിങ്ങളുടെ ആഡ്സെന്‍സ് അക്കൗണ്ട് 100 ഡോളറില്‍ എത്തിയാല്‍ മാത്രമേ പണം ലഭിക്കൂ. ഇനി നിങ്ങളുടെ വിഡിയോ ഒരു അറിയപ്പെടുന്ന ഉല്‍പന്നത്തെ കുറിച്ചുള്ളതാണെങ്കില്‍ അത് ഒരു സെയില്‍സ് പേജില്‍ ഷെയര്‍ ചെയ്താല്‍, ലിങ്ക് ചെയ്താല്‍ അതുവഴിയും പണം സമ്പാദിക്കാം.

യുട്യൂബില്‍ വിഡിയോ അപ്ലോഡ് ചെയ്യുന്ന എല്ലാവര്‍ക്കും വരുമാനം കിട്ടില്ല. യുട്യൂബ് പാര്‍ട്നര്‍ പ്രോഗ്രാം വഴി ചാനലില്‍ പരസ്യവിന്യാസത്തിന് അനുമതിയുള്ളവര്‍ക്കു മാത്രമേ വരുമാനം ലഭിക്കൂ.

പല നാട്ടില്‍ പല നിരക്ക്

പരസ്യം കാണിക്കുന്നതിനു യുട്യൂബ് വാങ്ങുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനമാണു യുട്യൂബര്‍ക്ക് പ്രതിമാസം നല്‍കുന്നത്. വിഡിയോയിലുള്ള പരസ്യത്തിന്റെ സ്വഭാവം, വിഡിയോ കാണുന്നവരുടെ ലൊക്കേഷന്‍ എന്നിവയെ ആശ്രയിച്ച് വരുമാനം വ്യത്യാസപ്പെടും. യുട്യൂബ് ഓരോ രാജ്യത്തും ഈടാക്കുന്ന പരസ്യനിരക്കിലെ വ്യത്യാസം വരുമാനം പങ്കുവയ്ക്കുന്നതിലും പ്രതിഫലിക്കുന്നതിനാലാണിത്. ഇന്ത്യയിലുള്ളതിനെക്കാള്‍ പ്രേക്ഷകര്‍ യു.എസിലുണ്ടെങ്കില്‍ വരുമാനം കൂടുമെന്നു ചുരുക്കം.

പരസ്യമുള്ള വിഡിയോയിലെ ഒരു വ്യൂവിന് ഒരു ഇന്ത്യന്‍ യുട്യൂബര്‍ക്ക് 7 മുതല്‍ 35 രൂപ വരെ ലഭിക്കാം. ഒരു ലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള യുട്യൂബര്‍ക്ക് പ്രതിമാസം ശരാശരി 35,000 മുതല്‍ 2 ലക്ഷം രൂപ വരെ വരുമാനം നേടാം. ഇന്ത്യയില്‍ ഏറ്റവും വരുമാനമുണ്ടാക്കുന്ന 10% യുട്യൂബര്‍മാര്‍ പ്രതിമാസം ഏകദേശം 3 ലക്ഷം രൂപ വരെ സമ്പാദിക്കുന്നെന്നാണ് കണക്ക്. അതേസമയം, ഏറ്റവുമധികം ഫോളോവര്‍മാരുള്ള ഒരു ശതമാനം യുട്യൂബര്‍മാര്‍ക്ക് പ്രതിമാസം ശരാശരി 13 ലക്ഷം രൂപ ലഭിക്കുന്നു.

പ്രതിമാസം 16 ലക്ഷം രൂപ നേടുന്ന കാരിമിനാറ്റി എന്നറിയപ്പെടുന്ന അജയ് നാഗര്‍ ആണ് ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന യുട്യൂബര്‍. പരസ്യവരുമാനത്തിനു പുറമേ, ചാനല്‍ മെംബര്‍ഷിപ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കര്‍ എന്നിവയില്‍ നിന്നുള്ള വരുമാനത്തിന്റെ ഓഹരിയും യുട്യൂബര്‍മാര്‍ക്ക് ലഭിക്കും. സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് അക്കൗണ്ടുകള്‍ ഈ പരിധിയില്‍ വരില്ല.

യുട്യൂബ് പ്ലേ ബട്ടണുകള്‍

സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് യുട്യൂബേഴ്സിന് യുട്യൂബ് നല്‍കുന്ന സമ്മാനമാണ് പ്ലേ ബട്ടണുകള്‍. കേരളത്തല്‍ നിരവധിയാളുകള്‍ക്ക് സില്‍വര്‍, ഗോള്‍ഡ് പ്ലേ ബട്ടണുകള്‍ ലഭിച്ചിട്ടുമുണ്ട്. ഡയമണ്ട് പ്ലേ ബട്ടണ്‍ ലഭിച്ച ഒരു മലയാളി യൂട്യൂബറേയുള്ളൂ. എം4 ടെക് എന്ന യൂട്യൂബ് ചാനലുടമയായ ജിജോ ജോസഫ് ആണത്.

ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആകുമ്പോള്‍ സില്‍വര്‍ പ്ലേ ബട്ടണും പത്ത് ലക്ഷം സബ്സ്‌ക്രൈബേഴ്സിനെ ലഭിക്കുമ്പോള്‍ ഗോള്‍ഡ് പ്ലേ ബട്ടണും ലഭിക്കുന്നു. കേരളത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഒരു കോടി സബ്സ്‌ക്രൈബേഴ്സാകുമ്പോള്‍ മാത്രം കിട്ടുന്ന അപൂര്‍വ്വ അംഗീകാരമാണ് ഡയമണ്ട് പ്ലേ ബട്ടണ്‍.




സൗത്ത് ഇന്ത്യയില്‍ തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വില്ലേജ് കുക്കിങ് എന്ന ചാനല്‍ നേരത്തെ ഈ ബഹുമതി നേടിയത്. ഇന്ത്യയില്‍ ഡയമണ്ട് പ്ലേ ബട്ടണ്‍ സ്വന്തമാക്കിയ മറ്റൊരു ചാനല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലെയുടേതായിരുന്നു. അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു ഈ അംഗീകാരം തേടിയെത്തിയത്.

സില്‍വര്‍ പ്ലേറ്റഡായ മെറ്റലിന് നടുക്ക് വലിയൊരു ക്രിസ്റ്റല്‍ ഘടിപ്പിച്ചതാണ് ഡമയണ്ട് പ്ലേ ബട്ടണ്‍. ലോകത്തിതുവരെ ആയിരത്തില്‍ താഴെ ചാനലുകള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇതുകൂടാതെ മറ്റ് രണ്ട് പ്ലേ ബട്ടണുകള്‍ കൂടി യൂട്യൂബ് അംഗീകാരമായി നല്‍കുന്നുണ്ട്. 50 ദശലക്ഷം അഥവാ 5 കോടി സബ്സ്‌ക്രൈബേഴ്സായാല്‍ കസ്റ്റം ക്രിയേറ്റര്‍ അവാര്‍ഡും 100 ദശലക്ഷം അഥവാ 10 കോടി സബ്സ്‌ക്രൈബേഴ്സിനെ നേടിയാല്‍ റെഡ് ഡമയണ്ട് ക്രിയേറ്റര്‍ അവാര്‍ഡും യൂട്യൂബ് നല്‍കും. ഇതില്‍ ആദ്യത്തേത് ലോകത്താകെ 17 ചാനലുകള്‍ക്കും രണ്ടാമത്തേത് 7 ചാനലുകള്‍ക്കും മാത്രമാണ് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ