image

6 Jan 2023 7:16 AM GMT

Technology

ആന്‍ഡ്രോയിഡ് ഫോണിലും സാറ്റലൈറ്റ് കോള്‍ വൈകില്ല, ഞെട്ടിക്കാന്‍ ക്വാല്‍കോം

MyFin Desk

Qualcomm Snapdragon
X

Summary

  • സെല്ലുലാര്‍ കണക്ഷനോ, വൈഫൈയോ ഇല്ലെങ്കിലും സാറ്റലൈറ്റ് സംവിധാനവുമായി കണക്ട് ചെയ്ത് കോളുകള്‍ / എസ്എംഎസ് ചെയ്യാന്‍ സാധിക്കും എന്നതാണ് ഇവയുടെ പ്രത്യേകത.


ടെലികോം നെറ്റ് വര്‍ക്ക് സേവന ദാതാക്കളെ ആശ്രയിച്ച് കോള്‍ ചെയ്യുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം സ്മാര്‍ട്ടഫോണ്‍ ഉപഭോക്താക്കള്‍ക്കും ഇനി മുതല്‍ സാറ്റലൈറ്റ് സേവനത്തിന്റെ സാധ്യതകളും 'ഉള്ളംകയ്യിലെത്തും'. സാധാരണക്കാരുള്‍പ്പടെ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലാകും ഇനി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ വിപ്ലവം സൃഷ്ടിക്കുക.

സ്മാര്‍ട്ട് ഫോണ്‍ ചിപ്പ് സെറ്റ് നിര്‍മ്മാതാക്കളായ ക്വാല്‍കോമും നെറ്റ് വര്‍ക്ക് സേവന ദാതാവായ ഇറിഡിയം കമ്മ്യൂണിക്കേഷനും ചേര്‍ന്ന് സ്മാര്‍ട്ട് ഫോണുകളില്‍ സാറ്റലൈറ്റ് അധിഷ്ഠിത മെസേജിംഗ് സേവനം ആരംഭിക്കാനുള്ള നീക്കത്തിലാണ്.

ഇതിനായി സാറ്റലൈറ്റുമായി ബന്ധിപ്പിക്കാവുന്ന വിധത്തിലുള്ള പ്രത്യേക ചിപ്പുകള്‍ ക്വാല്‍കോം തയാറാക്കി സ്മാര്‍ട്ട് ഫോണുകളില്‍ ഘടിപ്പിക്കും. ആദ്യ ഘട്ടത്തില്‍ പ്രീമിയം സ്മാര്‍ട്ട് ഫോണുകളിലാകും സേവനം ലഭ്യമാകുക എന്നാണ് സൂചന. സെല്ലുലാര്‍ കണക്ഷനോ, വൈഫൈയോ ഇല്ലെങ്കിലും സാറ്റലൈറ്റ് സംവിധാനവുമായി കണക്ട് ചെയ്ത് കോളുകള്‍ / എസ്എംഎസ് ചെയ്യാന്‍ സാധിക്കും എന്നതാണ് ഇവയുടെ പ്രത്യേകത.

ഗാഡ്ജറ്റ് കമ്പനികളിലെ ഒന്നാം സ്ഥാനക്കാരനായ ആപ്പിള്‍ ഐഫോണ്‍ 14 മോഡലുകളില്‍ ഈ ഫീച്ചര്‍ ആരംഭിച്ച് മാസങ്ങള്‍ക്കകമാണ് ആന്‍ഡ്രോയിഡിലും ഈ സേവനം എത്തുമെന്ന റിപ്പോര്‍ട്ടും വന്നത്. ആദ്യഘട്ടത്തില്‍ യുഎസിലും കാനഡയിലുമാണ് ഐഫോണ്‍ മോഡലുകളില്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനം ലഭ്യമാക്കിയത്.

ക്വാല്‍കോമിന്റെ പുതിയ സേവനമായ സ്‌നാപ്ഡ്രാഗണ്‍ സാറ്റലൈറ്റ് ഉടന്‍ ആക്ടീവാക്കുമെന്നും, 2023 ആദ്യപകുതി പൂര്‍ത്തിയാകുമ്പോള്‍ സെക്കന്റ് ജനറേഷന്‍ സ്‌നാപ്ഡ്രാഗണ്‍ 8 മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇത് ലഭ്യമായി തുടങ്ങുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ലാപ്‌ടോപ്പിലും, വാഹനത്തിലും, ടാബ്ലറ്റ് ഉള്‍പ്പടെയുള്ള ഗാഡ്ജറ്റുകളിലും സ്‌നാപ്ഡ്രാഗണ്‍ സാറ്റലൈറ്റിന്റെ സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ ഇറിഡിയം സാറ്റലൈറ്റ് നെറ്റ് വര്‍ക്കിന്റെ പിന്തുണയോടെയാകും സേവനം ലഭ്യമാക്കുക.