image

30 Jan 2024 7:23 AM GMT

Tech News

മനുഷ്യനില്‍ ബ്രെയിന്‍ ഇംപ്ലാന്‍റ് നടത്തിയെന്ന് മസ്‍ക്; മനുഷ്യനും എഐ-യും ഇനി ഒരുമിക്കും

MyFin Desk

musk has done a brain implant in a human, human and ai will now come together
X

Summary

  • മനുഷ്യന്‍റെ തലച്ചോറും കംപ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള സംവേദനം
  • ലിങ്ക് എന്ന ഇംപ്ലാന്‍റ് തലച്ചോറില്‍ സ്ഥാപിക്കുന്നത് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ
  • 2016-ലാണ് ന്യൂറാലിങ്ക് സ്ഥാപിതമായത്


മനുഷ്യനില്‍‌ ബ്രെയിന്‍ ഇംപ്ലാന്‍റ് വിജയകരമായി നടപ്പിലാക്കാനായതായി ഇലോണ്‍ മസ്‍കിന്‍റെ നേതൃത്വത്തിലുള്ള സ്‍റ്റാര്‍ട്ടപ്പ് ന്യൂറാലിങ്ക്. മനുഷ്യന്‍റെ തലച്ചോറും കംപ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള സംവേദനമാണ് ഈ സ്‍റ്റാര്‍ട്ടപ്പ് ലക്ഷ്യം വെക്കുന്നത്.

'ന്യൂറാലിങ്കിൽ നിന്ന് ഇന്നലെ ആദ്യമായി ഒരു മനുഷ്യന് ഇംപ്ലാൻ്റ് ലഭിച്ചു, അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു', മസ്‌ക് തന്‍റെ എക്സ് പോസ്‍റ്റില്‍ കുറിച്ചു.ന്യൂറോണുകളില്‍ പ്രതീക്ഷയുണര്‍ത്തുന്ന മാറ്റങ്ങളാണ് ഇംപ്ലാന്‍റ് സ്വീകരിച്ച രോഗിയില്‍ കാണാനായിട്ടുള്ളത്. ന്യൂറാലിങ്കിന്‍റെ പരീക്ഷണങ്ങളില്‍ വ്യാപകമായ ആശങ്കകള്‍ കൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മസ്‍കിന്‍റെ ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടുള്ളത്.

മസ്‌ക് സഹ സ്ഥാപകനായി 2016-ൽ തുടക്കം കുറിച്ച ഈ ന്യൂറോ ടെക്‌നോളജി കമ്പനി മനുഷ്യ തലച്ചോറിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ നിർമ്മിക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്. മനുഷ്യൻ്റെ ശേഷികളെ ചാർജ് ചെയ്യുക, പാർക്കിൻസൺസ് പോലുള്ള നാഡീരോഗങ്ങളുടെ ചികിത്സ മെച്ചപ്പെടുത്തുക, മനുഷ്യരും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും തമ്മില്‍ സഹജീവി ബന്ധം പുലര്‍ത്തുന്ന യുഗം സാധ്യമാക്കുക എന്നിവയൊക്കെയാണ് ന്യൂറാലിങ്കിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

മനുഷ്യരില്‍ ബ്രെയിൻ ഇംപ്ലാൻ്റുകൾ പരീക്ഷിക്കുന്നതിന് കഴിഞ്ഞ വര്‍ഷമാണ് യുഎസ് റെഗുലേറ്റർമാരുടെ അംഗീകാരം ഈ സ്‍റ്റാര്‍ട്ടപ്പിന് ലഭിച്ചത്. ന്യൂറലിങ്കിൻ്റെ സാങ്കേതികവിദ്യ പ്രധാനമായും പ്രവർത്തിക്കുന്നത് "ലിങ്ക്" എന്ന് വിളിക്കപ്പെടുന്ന ഒരു ഇംപ്ലാൻ്റിലൂടെയാണ്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മനുഷ്യ മസ്തിഷ്കത്തിനുള്ളിൽ ഇത് സ്ഥാപിക്കുന്നു. അഞ്ച് നാണയങ്ങളുടെ വലുപ്പമാണ് ഈ ഇംപ്ലാന്‍റിനുള്ളത്.

ഡാറ്റാ കമ്പനിയായ പിച്ച്‌ബുക്ക് പറയുന്നതനുസരിച്ച്, കാലിഫോർണിയ ആസ്ഥാനമായുള്ള ന്യൂറലിങ്കിന് കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം 400-ലധികം ജീവനക്കാരുണ്ട്. കുറഞ്ഞത് 363 മില്യൺ ഡോളര്‍ കമ്പനി സമാഹരിച്ചിട്ടുണ്ട്.