9 May 2023 11:01 AM GMT
Summary
- ധാരാളം യൂസര്‍നെയിമുകള്‍ ഇനി ലഭ്യമാകും
- 30 ദിവസം കൂടുമ്പോൾ ഒരിക്കലെങ്കിലും ലോഗിൻ വേണമെന്ന് ട്വിറ്റര് പോളിസി
- വെരിഫിക്കേഷന്‍ ബാഡ്ജിനു പണം മുടക്കണം
വര്‍ഷങ്ങളോളം ഉപയോഗിക്കാത്ത ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നു അറിയിച്ചിരിക്കുകയാണ് സിഇഒ ഇലോണ്‍ മസ്‌ക്. സജീവമല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതോടെ ട്വിറ്ററില്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവുണ്ടായേക്കുമെന്നും അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച ഒരു ട്വീറ്റിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.
അതേസമയം, സജീവമല്ലാത്ത അക്കൗണ്ടുകള്‍ എന്നു മുതലായിരിക്കും നീക്കം ചെയ്യുക എന്നതിനെ കുറിച്ച് മസ്‌ക് സൂചനയൊന്നും നല്‍കിയില്ല.ഈ നടപടിയിലൂടെ ധാരാളം യൂസര്‍നെയിമുകള്‍ (username) ഇനി മുതല്‍ ലഭ്യമാകുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.ഓരോ 30 ദിവസം കൂടുമ്പോഴും ഒരിക്കലെങ്കിലും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണമെന്നാണ് ട്വിറ്ററിന്റെ പോളിസി.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ചില പരിഷ്‌കാരങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുമുണ്ട്.ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന സേവനമായിരുന്നു വെരിഫിക്കേഷന്‍ ബാഡ്ജ്. പ്രമുഖരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതാണ് . എന്നാല്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം ഇത് സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലാക്കി. പണം മുടക്കിയാണ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടത്.
പണം നല്‍കുന്ന ആര്‍ക്കും വെരിഫിക്കേഷന്‍ ബാഡ്ജ് ലഭിക്കുമെന്ന സാഹചര്യം വന്നതോടെ അക്കൗണ്ടുകളുടെ ആധികാരികതയില്‍ എത്രമാത്രം വിശ്വാസ്യതയുണ്ടാകുമെന്ന ചോദ്യവും ഉയര്‍ന്നു.മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തതിനു ശേഷം ട്വിറ്ററിന്റെ നേതൃനിരയില്‍ നിന്ന് നിരവധി പേരെ പിരിച്ചുവിട്ടതും വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു.