image

20 May 2023 5:39 AM GMT

Technology

ട്വിറ്ററിന് ബദലുമായി ഇന്‍സ്റ്റാഗ്രാം; പുതിയ ആപ്പ് ജൂണില്‍ പുറത്തിറങ്ങും

MyFin Desk

ട്വിറ്ററിന് ബദലുമായി ഇന്‍സ്റ്റാഗ്രാം;  പുതിയ ആപ്പ് ജൂണില്‍ പുറത്തിറങ്ങും
X

Summary

  • സെലിബ്രിറ്റികള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് തുടങ്ങിയവരുമായി സഹകരിച്ച് നിലവില്‍ പുതിയ ആപ്പ് പരീക്ഷിക്കുകയാണ്‌
  • 500 ക്യാരക്‌റ്റേഴ്‌സുള്ള പോസ്റ്റ് അപ് ലോഡ് ചെയ്യാനാകും. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും, അതിനു പുറമെ ഫോട്ടോയും പോസ്റ്റ് ചെയ്യാന്‍ സാധിക്കും
  • പുതിയ ആപ്പ് ജൂണില്‍ പുറത്തിറങ്ങും


മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമെന്ന നിലയില്‍ ജനകീയമാണു ട്വിറ്റര്‍. നിരവധി രാഷ്ട്രീയ നേതാക്കളും, ബിസിനസ് പ്രമുഖരും, സിനിമാ താരങ്ങളും, കായിക താരങ്ങളുമൊക്കെ അവരുടെ അഭിപ്രായങ്ങളും നിര്‍ണായക തീരുമാനങ്ങളും ട്വിറ്ററിലൂടെ പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ 44 ബില്യന്‍ ഡോളറിനാണ് ഏറ്റെടുത്തത്. തുടര്‍ന്ന് നിരവധി മാറ്റങ്ങള്‍ ട്വിറ്ററില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിവരികയാണ്.

ഹ്രസ്വസന്ദേശത്തിനു മാത്രമുള്ള പ്ലാറ്റ്‌ഫോമായി അറിയപ്പെടുന്ന ട്വിറ്ററിനെ മസ്‌ക് എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ഒരിടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അതിനു മുന്നോടി അദ്ദേഹം ട്വിറ്ററില്‍ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ അയക്കാനും ഓഡിയോ വീഡിയോ കോള്‍ വിളിക്കാനുമുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ അപ് ലോഡ് ചെയ്യാനും ട്വിറ്ററില്‍ ഉടന്‍ സൗകര്യമൊരുക്കും. ഇതുകൂടാതെ ലാസ്‌കി എന്ന ജോബ് റിക്രൂട്ടിംഗ് സ്റ്റാര്‍ട്ടപ്പിനെ ട്വിറ്റര്‍ ഏറ്റെടുക്കുകയും ചെയ്തു.

ട്വിറ്റര്‍ ഇത്തരത്തില്‍ വലിയ മാറ്റത്തിനു ചുവടുവയ്ക്കുമ്പോള്‍ ട്വിറ്ററിന് ബദലായി ഒരു ആപ്പ് പുറത്തിറക്കാന്‍ പോവുകയാണ് പ്രമുഖ ഫോട്ടോ ഷെയറിംഗ് ആപ്പ് ആയ ഇന്‍സ്റ്റാഗ്രാം.

ടെക്സ്റ്റ് അധിഷ്ഠിതമായ ആപ്പായിരിക്കും (text- based app) ഇന്‍സ്റ്റാഗ്രാം പുറത്തിറക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വേറിട്ടതും എന്നാല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ യൂസറെ അനുവദിക്കുന്നതുമായ ആപ്പായിരിക്കും ഇന്‍സ്റ്റാഗ്രാം പുറത്തിറക്കുന്നത്. പുതിയ ആപ്പ് ജൂണില്‍ പുറത്തിറങ്ങും

സെലിബ്രിറ്റികള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് തുടങ്ങിയവരുമായി സഹകരിച്ച് കമ്പനി നിലവില്‍ പുതിയ ആപ്പ് പരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആപ്പിന് ഇതുവരെ പേരിട്ടിട്ടില്ല.

500 ക്യാരക്‌റ്റേഴ്‌സുള്ള പോസ്റ്റ് അപ് ലോഡ് ചെയ്യാനാകും. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും, അതിനു പുറമെ ഫോട്ടോയും പോസ്റ്റ് ചെയ്യാന്‍ സാധിക്കും.

ലോസ്ഏഞ്ചല്‍സില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ സോഷ്യല്‍, ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് പഠിപ്പിക്കുന്ന ലിയ ഹേബര്‍മാന്‍ ഇന്‍സ്റ്റാഗ്രാം പുതിയതായി പുറത്തിറക്കാന്‍ പോകുന്ന ആപ്പിന്റെ മാതൃക വിവരിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടു. എങ്ങനെയായിരിക്കും ആപ്പ് പ്രവര്‍ത്തിക്കുക എന്നും സ്‌ക്രീന്‍ ഷോട്ടില്‍ വ്യക്തമാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം നിരവധി യൂസര്‍മാര്‍ ട്വിറ്ററില്‍നിന്നും പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.