image

9 May 2023 6:29 AM GMT

Technology

ജീവനക്കാര്‍ക്ക് 'പണി കൊടുത്ത്' ലിങ്ക്ഡിന്‍: 716 പേരെ പിരിച്ചുവിട്ടു

MyFin Desk

ജീവനക്കാര്‍ക്ക് പണി കൊടുത്ത് ലിങ്ക്ഡിന്‍: 716 പേരെ പിരിച്ചുവിട്ടു
X

Summary

  • 20,000-ത്തോളം ജീവനക്കാരാണ് ലിങ്ക്ഡിനിലുള്ളത്
  • കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്
  • സിഇഒ ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് തീരുമാനം അറിയിച്ചത്



ആഗോളതലത്തില്‍ നിരവധി പ്രഫഷണലുകളെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡിന്‍ 716 പേരെ പിരിച്ചുവിടുന്നു. ആഗോള സാമ്പത്തിക രംഗം ദുര്‍ബലമാകുന്നതിന്റെ ലക്ഷണം പ്രകടമാകുന്ന പശ്ചാത്തലത്തിലാണു ജീവനക്കാരെ പിരിച്ചുവിടാന്‍ ലിങ്ക്ഡിന്‍ തീരുമാനിച്ചത്. കസ്റ്റമറില്‍നിന്നും വിപണിയില്‍ നിന്നുമുള്ള ഡിമാന്‍ഡിലുണ്ടായ ഇടിവും ഒരു കാരണമായതായി സൂചനയുണ്ട്.

ജീവനക്കാരെ പിരിച്ചുവിടുന്നതിനു പുറമെ ചൈനയിലുള്ള ലിങ്ക്ഡിന്റെ ഇന്‍കരിയേഴ്സ് ( InCareeers) എന്ന ആപ്പിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലിങ്ക്ഡിന്‍ സിഇഒ റയാന്‍ റോസ് ലാന്‍സ്‌കി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചത്.

സമീപകാലത്ത് ടെക് ഭീമന്മാരെന്ന് വിശേഷിപ്പിക്കുന്ന മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളില്‍ തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിട്ടിരുന്നു.

Layoffs.fyi -യുടെ കണക്ക്പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടെ ആഗോളതലത്തില്‍ 2,70,000 ടെക് തൊഴിലുകളാണ് വെട്ടിച്ചുരുക്കിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ പാദത്തിലും ലിങ്ക്ഡിന്റെ വരുമാനത്തില്‍ വര്‍ധനയുണ്ടായെങ്കിലും സാമ്പത്തിക രംഗത്തെ മോശം അവസ്ഥയെ തുടര്‍ന്നു തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒടുവില്‍ ലിങ്ക്ഡിനും തീരുമാനിക്കുകയായിരുന്നു.

ഏകദേശം 20,000-ത്തോളം ജീവനക്കാരാണ് ലിങ്ക്ഡിനിലുള്ള്. പരസ്യം, സബസ്‌ക്രിപ്ഷന്‍ എന്നിവയില്‍ നിന്നുള്ള വരുമാനമാണ് ലിങ്ക്ഡിന്റെ പ്രധാന വരുമാന സ്രോതസ്സ്.