image

12 May 2023 6:08 AM GMT

Technology

ലിന്‍ഡ യക്കാറിനോ ട്വിറ്ററിന്റെ പുതിയ സിഇഒയാകും: മസ്‌ക് ഇനി സിടിഒ റോളിലേക്ക്

MyFin Desk

ലിന്‍ഡ യക്കാറിനോ ട്വിറ്ററിന്റെ പുതിയ സിഇഒയാകും: മസ്‌ക് ഇനി സിടിഒ റോളിലേക്ക്
X

Summary

  • എന്‍ബിസി യൂണിവേഴ്സല്‍ എന്ന അമേരിക്കന്‍ മാധ്യമസ്ഥാപനത്തിലെ അഡ്വര്‍ടൈസിംഗ് വിഭാഗം മേധാവിയാണ് ഇപ്പോള്‍
  • മസ്‌ക്കുമായി വളരെയടുത്ത സൗഹൃദം സൂക്ഷിക്കുന്നൊരു വ്യക്തിയാണ് ലിന്‍ഡ
  • കഴിഞ്ഞ മാസം നടന്ന അഡ്വര്‍ടൈസിംഗ് കോണ്‍ഫറന്‍സില്‍ മസ്‌കിനെ ലിന്‍ഡ ഇന്റര്‍വ്യു ചെയ്തിരുന്നു



ലിന്‍ഡ യക്കാറിനോ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ പുതിയ സിഇഒയാകും. താന്‍ ട്വിറ്ററിനായി പുതിയൊരു സിഇഒയെ കണ്ടെത്തിയെന്ന് മസ്‌ക് മെയ് 11-ന് ട്വീറ്റ് ചെയ്തെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലിന്‍ഡയുടെ പേര് മാധ്യമങ്ങളില്‍ ഇടംനേടിയത്.

ആറാഴ്ചയ്ക്കകം പുതിയ സിഇഒ സ്ഥാനമേല്‍ക്കുമെന്നും താന്‍ ഇനി മുതല്‍ സിടിഒയുടെ റോളിലായിരിക്കുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.

എന്‍ബിസി യൂണിവേഴ്സല്‍ എന്ന അമേരിക്കന്‍ മാധ്യമസ്ഥാപനത്തിലെ അഡ്വര്‍ടൈസിംഗ് വിഭാഗം മേധാവിയാണ് ഇപ്പോള്‍ ലിന്‍ഡ. ട്വിറ്ററിന്റെ സിഇഒയായി ലിന്‍ഡ ഉടന്‍ ചുമതലയേല്‍ക്കുമെന്നു വാള്‍ സ്ട്രീറ്റ് ജേണലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

മസ്‌ക്കുമായി വളരെയടുത്ത സൗഹൃദം സൂക്ഷിക്കുന്നൊരു വ്യക്തിയാണ് ലിന്‍ഡ. മിയാമിയില്‍ കഴിഞ്ഞ മാസം നടന്ന അഡ്വര്‍ടൈസിംഗ് കോണ്‍ഫറന്‍സില്‍ മസ്‌കിനെ ലിന്‍ഡ ഇന്റര്‍വ്യു ചെയ്തിരുന്നു.

2011-ലാണ് ലിന്‍ഡ എന്‍ബിസി യൂണിവേഴ്സലില്‍ ചേര്‍ന്നത്. ഇപ്പോള്‍ ചെയര്‍മാന്‍ ഓഫ് ഗ്ലോബല്‍ അഡ്വര്‍ടൈസിംഗ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്സ് എന്ന സ്ഥാനമാണ് വഹിക്കുന്നത്.

ലിന്‍ഡ യക്കാറിനോയ്ക്ക് പുറമെ എല്ലാ ഇര്‍വിന്റെ പേരും ട്വിറ്റര്‍ സിഇഒ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. ട്വിറ്ററില്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി വിഭാഗം മേധാവിയാണ് എല്ലാ ഇര്‍വിന്‍.

പക്ഷേ, ലിന്‍ഡയ്ക്കാണു കൂടുതല്‍ സാധ്യതയെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലിന്‍ഡ ട്വിറ്ററിന്റെ സിഇഒ സ്ഥാനമേറ്റെടുക്കുകയാണെങ്കില്‍ ഇപ്പോള്‍ സിഇഒ പദവി വഹിക്കുന്ന മസ്‌ക് ട്വിറ്ററിന്റെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ (സിടിഒ)സ്ഥാനത്തേയ്ക്ക് മാറും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 44 ബില്യന്‍ യുഎസ് ഡോളറിന് ട്വിറ്ററിനെ ഏറ്റെടുത്തതിനു ശേഷം സിഇഒ സ്ഥാനത്തു മസ്‌ക് തന്നെയാണ് തുടര്‍ന്നുവരുന്നത്. സിഇഒ സ്ഥാനം വഹിച്ചിരുന്ന ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാളിനെ പുറത്താക്കിക്കൊണ്ടായിരുന്നു അന്ന് മസ്‌ക് സിഇഒ സ്ഥാനമേറ്റെടുത്തത്.