9 Jan 2024 10:02 AM GMT
Summary
- ഓഫാക്കിയാൽ അപ്രത്യക്ഷമാകുമെന്ന് തോന്നുന്ന ടിവി
- സ്ക്രീനിന് ചുറ്റും കാണാവുന്ന വയറുകളുടെ ആവശ്യം ഇല്ല
- 11 എ ഐ പ്രോസസർ മികച്ച ചിത്ര നിലവാരം നൽകുന്നു
ലാസ് വെഗാസിൽ നടന്ന CES 2024 ൽ, ലോകത്തിലെ ആദ്യത്തെ വയർലെസ് സുതാര്യമായ ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് (ഒഎൽഇഡി; OLED) ടിവി എൽജി ഇലക്ട്രോണിക്സ് അവതരിപ്പിച്ചു. സുതാര്യമായ ഒഎൽഇഡി സ്‌ക്രീൻ, വയർലെസ് എവി ട്രാൻസ്മിഷൻ എന്നിവയാണ് ഈ ടിവിയുടെ ചില പ്രധാന സവിശേഷതകൾ. ഓഫാക്കിയാൽ അപ്രത്യക്ഷമാകുമെന്ന് തോന്നുന്ന ഈ ടിവി, കാഴ്ചക്കാരെ സ്ക്രീനിനപ്പുറം കാണാൻ അനുവദിക്കുകയും സാധരണ ടെലിവിഷനുകളെ അപേക്ഷിച്ച് സ്ക്രീനിന് ചുറ്റും കാണാവുന്ന വയറുകളുടെ ആവശ്യം ഇല്ലാതാക്കുകയും ചെയ്യുന്നു.
വയർലെസ് എവി ട്രാൻസ്മിഷനുമായി സുതാര്യമായ ഒഎൽഇഡി സാങ്കേതികവിദ്യ സംയോജിപ്പിച്ചാണ് എൽജി സിഗ്നേച്ചർ ഒഎൽഇഡി ടി നിർമ്മിച്ചിരിക്കുന്നത്. ഇത് ടിവിയുടെ സെൽഫ്-ലൈറ്റ് പിക്സൽ സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകി, അൾട്രാ സ്ലിം ഫിറ്റിനൊപ്പം മികച്ച ചിത്ര നിലവാരം നിലനിർത്തുന്നു. LG സിഗ്നേച്ചർ ഒഎൽഇഡി ടിവി സുതാര്യവും, കറുപ്പും എന്നീ രണ്ട് വ്യത്യസ്ത സ്‌ക്രീൻ മോഡുകൾ വാഗ്ദാനം ചെയ്യുന്നു. സുതാര്യമായ മോഡിൽ, ഒരു ഗ്ലാസ്സിലൂടെ എന്ന പോലെ ടിവി യുടെ പിന്നിലെ ദൃശ്യങ്ങൾ കാണാവുന്ന വിധത്തിൽ സുതാര്യമാണ്, റിമോട്ട് കൺട്രോളിൽ ഒരു ലളിതമായ ക്ലിക്ക് സ്‌ക്രീൻ കറുപ്പിലേക്ക് മാറ്റുന്നു.
എൽജി സിഗ്നേച്ചർ ഒഎൽഇഡി ടിവി അതിന്റെ മുൻഗാമികളുടെ നാലിരട്ടി പ്രകടനമാണ് കാണിക്കുന്നത്. മികച്ച ചിത്ര നിലവാരം നൽകുന്നതിന് പുതിയ ആൽഫ 11 എ ഐ പ്രോസസർ ഉപയോഗിക്കുന്നു. ഈ പ്രോസസർ കൃത്യമായ വിശദീകരണങ്ങളും കളർ കറക്ഷൻ നൽകി ഫൂട്ടേജ് വിശകലനം ചെയ്‌ത് ചിത്രത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നു. കൂടാതെ ഉയർന്ന നിലവാരത്തിലുള്ള സ്പേഷ്യൽ സൗണ്ട് എഫക്റ്റും വാഗ്ദാനം ചെയ്യുന്നു. LGയുടെ വെബ്ഒഎസ് സ്മാർട്ട് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട സ്‌ട്രീമിംഗ് സേവനങ്ങളും ആപ്പുകളും ആക്‌സസ് ചെയ്യാൻ കഴിയും.
മൊത്തത്തിൽ, എൽജി സിഗ്നേച്ചർ ഒഎൽഇഡി ടിവി ടെലിവിഷൻ അനുഭവത്തെ പുനർ നിർവചിക്കാൻ ഒരുങ്ങുന്ന ഒരു വിപ്ലവകരമായ ഇലക്ട്രോണിക് ഉൽപ്പന്നമാണ് എന്ന് പറയാം. അതിന്റെ സുതാര്യമായ സ്ക്രീൻ, വയർലെസ് എവി ട്രാൻസ്മിഷൻ, മികച്ച ചിത്ര നിലവാരം എന്നിവ ഭാവിയിലെ ടിവി രൂപകല്പനകളുടെ സൂചന നൽകുന്നു. എൽജി സിഗ്നേച്ചർ ഒഎൽഇഡി ടിവി ഈ വർഷം അവസാനത്തോടെ ആഗോള വിപണിയിലെത്തുമെന്ന് എൽജി ഇലക്‌ട്രോണിക്സ് അറിയിച്ചു.