15 Oct 2023 9:33 AM GMT
Summary
- വ്യാജ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാൻ കഴിയുന്ന സാങ്കേതികവിദ്യ കേരള പൊലീസ് വാങ്ങും.
- ഹൈദരാബാദിലെ സി-ഡാക് എന്ന കമ്പനിയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളത്.
കേരളത്തില്‍ എ ഐ തട്ടിപ്പുകള്‍ക്കു തടയിടാന്‍ കേരള പൊലീസ്. എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാന്‍ കഴിയുന്ന സാങ്കേതികവിദ്യ കേരള പൊലീസ് വാങ്ങും. ഹൈദരാബാദിലെ സി-ഡാക് എന്ന കമ്പനിയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളത്.
അടുത്തിടെ നടന്ന ഡീപ് ഫേക് ടെക്‌നോളജി തട്ടിപ്പ് വഴി ഒരു വ്യക്തിക്ക് നഷ്ടമായ നാല്പതിനായിരം രൂപ കേരള പൊലീസ് വീണ്ടെടുത്തിരുന്നു. തന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന വ്യക്തിയുടെ പേരില്‍ വാട്‌സപ്പ് മെസ്സേജ് വരികയും ശേഷം ആ വ്യക്തിയുടെ രൂപത്തില്‍ വീഡിയോ കാള്‍ വരികയും പണം ആവശ്യപ്പെടുകയും ആണ് ഉണ്ടായത്. ഡീപ് ഫേക് ടെക്‌നോളജി ഉപയോഗിച്ച് യഥാര്‍ഥ വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി സൃഷ്ടിക്കാന്‍ കഴിയും. ഇത് ഉപയോഗിച്ച് സുഹൃത്തിന്റെ പേരില്‍ പണം തട്ടിപ്പ് നടത്തുക, മോശമായ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യാന്‍ തട്ടിപ്പുസംഘങ്ങള്‍ ശ്രമിക്കുന്നു.
പുതിയ സാങ്കേതികവിദ്യ വാങ്ങുന്നതിലൂടെ ഈ തട്ടിപ്പുകള്‍ക്കു തടയിടാന്‍ സാധിക്കുമെന്നു പൊലീസ് കരുതുന്നു. കൂടാതെ, സൈബര്‍ പൊലീസിന്റെ അംഗബലം ഇരട്ടിയാക്കാനും കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 600 പേര്‍ക്കു പരിശീലനം നല്‍കിവരികയാണ്. കൂടാതെ് ഡീപ്‌ഫേക്ക് എങ്ങനെ തിരിച്ചറിയണമെന്നും അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ച് വരികയാണ്.
ഡീപ് ഫേക് ടെക്‌നോളജിയുടെ വളര്‍ച്ച സൈബര്‍ തട്ടിപ്പുകളുടെ പുതിയ രീതികള്‍ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ എ ഐ തട്ടിപ്പുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മാത്രം 2023 ല്‍ ഈ തട്ടിപ്പുകളില്‍ ഇതുവരെ 300 ഓളം പേര്‍ക്ക് നാലു കോടി രൂപയ്ക്ക് മുകളില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
ഇരകളെ 'വീട്ടില്‍ നിന്ന് ജോലി ചെയ്യാം', 'വീട്ടില്‍ നിന്ന് ബിസിനസ്സ് ചെയ്യാം' തുടങ്ങിയ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി എ ഐ തട്ടിപ്പുകാര്‍ സമീപിക്കുന്നതായി കാണപ്പെടുന്നു. തട്ടിപ്പുകാര്‍ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ വീഡിയോകളും, ഓഡിയോകളും നിർമ്മിച്ച് ഇരകളെ വിശ്വസിപ്പിക്കാന്‍ ശ്രെമിക്കും. ഉദാഹരണത്തിന്, ഒരു തട്ടിപ്പുകാരന്‍ ഒരു പ്രമുഖ ബിസിനസ്സുകാരന്റെ ഡീപ്ഫേക്ക് വീഡിയോ ഉപയോഗിച്ച് ഇരയോട് തന്റെ കമ്പനിയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടാം. അല്ലെങ്കില്‍, ഒരു തട്ടിപ്പുകാരന്‍ ഒരു പ്രമുഖ ബാങ്കിന്റെ ഡീപ്ഫേക്ക് ഓഡിയോ ഉപയോഗിച്ച് ഇരയോട് തന്റെ അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടാം. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍, ഈ തട്ടിപ്പുകള്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഭീഷണിപ്പെടുത്തല്‍, പണം തട്ടല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഡീപ്ഫേക്കുകള്‍ ഉപയോഗിക്കാം.
ജാഗ്രത പാലിക്കുക
സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടത് ജാഗ്രതയാണ്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
* പ്രൈവറ്റ് നമ്പറുകളില്‍ നിന്നുള്ള മെസ്സേജുകള്‍ പ്രത്യേകം ശ്രദ്ധിക്കുക
* അപ്രതീക്ഷിതമായി ലഭിക്കുന്ന ഏതെങ്കിലും ആകര്‍ഷകമായ വാഗ്ദാനങ്ങളിലോ സമ്മാനങ്ങളിലോ വീഴാതിരിക്കുക
* വ്യക്തിപരമായ വിവരങ്ങളോ അക്കൗണ്ട് വിശദാംശങ്ങളോ ഓണ്‍ലൈനില്‍ പങ്കുവയ്ക്കരുത്
* ഓണ്‍ലൈനില്‍ പങ്കിടുന്ന വിവരങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക.
* ഡീപ്ഫേക്ക് വീഡിയോകളും ഓഡിയോകളും തിരിച്ചറിയാന്‍ ശ്രമിക്കുക
* ഓണ്‍ലൈന്‍ ഇടപാടില്‍ സംശയകരമായ എന്തെങ്കിലും മനസിലാക്കിയാല്‍ ഉടന്‍ തന്നെ സൈബര്‍ സെല്ലില്‍ പരാതിപ്പെടുക.