image

20 July 2024 9:33 AM GMT

Tech News

ഐടി ജീവനക്കാരുടെ ജോലി സമയം ഉയര്‍ത്താന്‍ കര്‍ണാടക

MyFin Desk

ഐടി ജീവനക്കാരുടെ ജോലി സമയം  ഉയര്‍ത്താന്‍ കര്‍ണാടക
X

Summary

  • തൊഴില്‍ സംവരണ ബില്‍ സൃഷ്ടിച്ച കോലാഹലം അടങ്ങുംമുമ്പാണ് അടുത്ത വിവാദ നടപടി
  • ഐടി മേഖലയിലെ യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്ത്
  • നിലവിലുള്ള നിയമത്തില്‍ ഓവര്‍ടൈം ഉള്‍പ്പെടെ പ്രതിദിനം പരമാവധി 10 മണിക്കൂര്‍ ആണ് ജോലി സമയം


കര്‍ണാടക സര്‍ക്കാര്‍ ഐടി ജീവനക്കാരുടെ ജോലി സമയം നിലവിലെ 10ല്‍ നിന്ന് 14 മണിക്കൂറായി ഉയര്‍ത്താന്‍ ആലോചിക്കുന്നു. തൊഴില്‍ സംവരണ ബില്ലുമായി ബന്ധപ്പെട്ട് വന്‍ വിവാദമുണ്ടായതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം വിളിച്ചുവരുത്തുന്ന നടപടി. ഇത് ഐടി മേഖലയിലെ യൂണിയനുകളുടെ എതിര്‍പ്പിന് കാരണമായി.

കര്‍ണാടക ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്ത് 14 മണിക്കൂര്‍ പ്രവൃത്തി സമയം സുഗമമാക്കാനുള്ള നിര്‍ദ്ദേശം തൊഴില്‍ വകുപ്പ് വ്യവസായ മേഖലയിലെ വിവിധ പങ്കാളികളുമായി വിളിച്ച യോഗത്തില്‍ അവതരിപ്പിച്ചു. കര്‍ണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ (കെഐടിയു) പ്രതിനിധികള്‍ ഇതിനകം തൊഴില്‍ മന്ത്രി സന്തോഷ് ലാഡുമായി കൂടിക്കാഴ്ച നടത്തി തങ്ങളുടെ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.

നിര്‍ദിഷ്ട പുതിയ ബില്‍ 'കര്‍ണാടക ഷോപ്പുകളും കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഭേദഗതി) ബില്‍ 2024' 14 മണിക്കൂര്‍ പ്രവൃത്തി ദിനം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്നു. നിലവിലുള്ള നിയമത്തില്‍ ഓവര്‍ടൈം ഉള്‍പ്പെടെ പ്രതിദിനം പരമാവധി 10 മണിക്കൂര്‍ ജോലി മാത്രമേ അനുവദിക്കൂ. നിലവിലെ ഭേദഗതിയില്‍ ഇത് പൂര്‍ണ്ണമായും എടുത്തുകളഞ്ഞു.

സംസ്ഥാനത്തെ 20 ലക്ഷം തൊഴിലാളികളെ ബാധിക്കുന്ന ഈ നടപടി മനുഷ്യത്വരഹിതമാണെന്ന് വിശേഷിപ്പിച്ച് ഐടി മേഖലയിലെ യൂണിയനുകള്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തി.

ഐടി/ഐടിഇഎസ് കമ്പനികള്‍ക്ക് ദിവസേനയുള്ള ജോലി സമയം അനിശ്ചിതമായി നീട്ടാന്‍ ഇത് സഹായിക്കും. നിലവില്‍ നിലവിലുള്ള മൂന്ന് ഷിഫ്റ്റ് സമ്പ്രദായത്തിന് പകരം രണ്ട് ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് പോകാന്‍ ഈ ഭേദഗതി കമ്പനികളെ അനുവദിക്കുകയും തൊഴിലാളികളുടെ മൂന്നിലൊന്ന് പുറത്താകുകയും ചെയ്യും.

കെസിസിഐ റിപ്പോര്‍ട്ട് പ്രകാരം ഐടി മേഖലയിലെ 45 ശതമാനം ജീവനക്കാര്‍ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും 55 ശതമാനം ശാരീരിക ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നു. ജോലി സമയം കൂട്ടുന്നത് ഈ സ്ഥിതി കൂടുതല്‍ വഷളാക്കും.

ലോകാരോഗ്യസംഘടനയുടെ പഠനം പറയുന്നത് ജോലി സമയം വര്‍ധിക്കുന്നത് സ്‌ട്രോക്ക് മൂലമുള്ള മരണത്തിന്റെ സാധ്യത 35 ശതമാനം വര്‍ധിക്കുമെന്നാണ്. കൂടാതെ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 17 ശതമാനം കൂടുതലുമാണ്.

കര്‍ണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 2 ദശലക്ഷം ജീവനക്കാര്‍ക്ക് സമയം വര്‍ധിപ്പിക്കുന്നത് തുറന്ന വെല്ലുവിളിയായിരിക്കുമെന്നും യൂണിയന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തീരുമാനം എടുക്കുന്നതിന് മുമ്പ് ഒരു റൗണ്ട് കൂടി ചര്‍ച്ച നടത്താന്‍ തൊഴില്‍ മന്ത്രി സമ്മതിച്ചിട്ടുണ്ട്.