10 Jun 2023 8:05 AM GMT
Summary
- ത്രെഡ്‌സ് എന്ന പേരില്‍ നേരത്തേ ഇന്‍സ്റ്റാഗ്രാമിന് ഒരു ആപ്പ് ഉണ്ടായിരുന്നു
- പുതിയ ആപ്പ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി കണക്റ്റഡ് ആയിരിക്കും
- ട്വിറ്ററിന്റേതു പോലെയുള്ള യൂസര്‍ ഇന്റര്‍ഫേസാണ് പുതിയ ആപ്പിനുള്ളത്
ട്വിറ്ററിന് ബദലുമായി മെറ്റ വരുന്നു എന്ന് ഏതാനും നാളുകള്‍ക്കു മുന്‍പ് മാധ്യമ റിപ്പാര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ കിംവദന്തികള്‍ മാത്രമാണെന്നു ചിലരെല്ലാം വിശ്വസിക്കുകയും ചെയ്തു. പക്ഷേ, അത്തരമൊരു ആപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കമ്പനി തലത്തില്‍ നടന്ന മീറ്റിംഗില്‍ പുതിയ ആപ്പ് ചര്‍ച്ചാവിഷയമായിരുന്നു. പുതിയ ആപ്പിന്റെ പ്രസന്റേഷനും ചര്‍ച്ചയ്ക്കിടെ ഉണ്ടായിരുന്നു. പുതിയ ആപ്പിന്റെ ദൃശ്യങ്ങള്‍ ലീക്കാവുകയും അവ വെര്‍ജ് എന്ന മാധ്യമത്തിന് ലഭിക്കുകയും ചെയ്തു. വെര്‍ജ് ഇത് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രൊജക്റ്റ് 92 എന്ന രഹസ്യനാമമാണ് ഇപ്പോള്‍ കമ്പനി പുതിയ ആപ്പിന് നല്‍കിയിരിക്കുന്നതെങ്കിലും ത്രെഡ്‌സ് എന്നായിരിക്കും ഔദ്യോഗിക പേര് എന്ന് റിപ്പോര്‍ട്ടുണ്ട്.
ത്രെഡ്‌സ് എന്ന പേരില്‍ നേരത്തേ ഇന്‍സ്റ്റാഗ്രാമിന് ഒരു ആപ്പ് ഉണ്ടായിരുന്നു. 2019-ലാണ് ത്രെഡ്‌സ് കംപാനിയന്‍ ആപ്പ് (companion app) എന്ന നിലയില്‍ ലോഞ്ച് ചെയ്തത്. എന്നാല്‍ 2021 ഡിസംബറില്‍ ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു.
സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യുന്നതിനും ഇന്‍സ്റ്റാഗ്രാമില്‍ യൂസറിന്റെ ഉറ്റ ചങ്ങാതിമാരായി നിശ്ചയിച്ചിട്ടുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും വേണ്ടി രൂപകല്‍പ്പന ചെയ്ത ' ക്യാമറ ഫസ്റ്റ് ' മൊബൈല്‍ മെസഞ്ചറായിട്ടാണ് ത്രെഡ്‌സ് ഡിസൈന്‍ ചെയ്തത്. പക്ഷേ അത് അധികകാലം പ്രവര്‍ത്തിച്ചില്ല.
പുതിയ ആപ്പ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി കണക്റ്റഡ് ആയിരിക്കും. മറ്റ് ആപ്പുകളുമായും വേണമെങ്കില്‍ കണക്റ്റ് ചെയ്യാനാകുമെന്നു മെറ്റ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ക്രിസ് കോക്‌സ് അറിയിച്ചു.
ട്വിറ്ററിന്റേതു പോലെയുള്ള യൂസര്‍ ഇന്റര്‍ഫേസാണ് (UI)പുതിയ ആപ്പിനുള്ളത്. ഓരോ പോസ്റ്റിനു താഴെ ലൈക്ക് ചെയ്യാന്‍ ഹൃദയാകൃതിയിലുള്ള ബട്ടന്‍ ഉണ്ടാകും. കമന്റ് ചെയ്യാനും, ഷെയര്‍, റീഷെയര്‍ ചെയ്യാനും ഓപ്ഷനുണ്ടാകും.
യൂസറിന് ഹോം സ്‌ക്രീനിലേക്ക് ആക്സസ് ചെയ്യാനും, സെര്‍ച്ച് ചെയ്യാനും, പുതിയ പോസ്റ്റ് കംപോസ് ചെയ്യാനും, ലൈക്ക് ചെയ്ത പോസ്റ്റുകള്‍ പരിശോധിക്കാനും, സ്വന്തം പ്രൊഫൈല്‍ കാണാനുമൊക്കെയായി ടാബുകള്‍ ഉണ്ട്.
പുതിയ ആപ്പിനു വേണ്ടിയുള്ള കോഡിംഗ് ആരംഭിച്ചത് ഈ വര്‍ഷം ജനുവരി മുതലായിരുന്നെന്ന് ക്രിസ് കോക്‌സ് പറഞ്ഞു.
സുരക്ഷ, ഉപയോഗിക്കാന്‍ എളുപ്പം, വിശ്വാസ്യത എന്നിവയായിരിക്കും ആപ്പിന്റെ പ്രത്യേകതയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്ന തീയതിയെ കുറിച്ച് ഇതുവരെ കമ്പനി സൂചനയൊന്നും നല്‍കിയിട്ടില്ല. എങ്കിലും എത്രയും വേഗം ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
സെലിബ്രിറ്റികളായ ഓപ്രേ, ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈ ലാമ, ഡിജെ സ്ലൈം തുടങ്ങിയവരെ ആപ്പുമായി സഹകരിപ്പിക്കാനും അണിയറയില്‍ നീക്കം നടത്തുന്നുണ്ട്.