28 March 2024 9:25 AM GMT
ഇന്ത്യയുടെ ഫിൻടെക് രംഗം വളരെ വേഗത്തിലാണ് വളരുന്നത്, ഫോൺപേ, റെയ്സർപേ, ക്രെഡ് എന്നിവ പോലുള്ള കമ്പനികൾ ഈ വളർച്ചയുടെ മുൻപന്തിയിലാണ്. ഡിജിറ്റലൈസേഷൻ, സ്മാർട്ട്‌ഫോൺ ഉപയോഗം വർദ്ധിച്ചത്, ഓൺലൈൻ പേയ്മെന്റുകളുടെ അംഗീകാരം എന്നിവ ഫിൻടെക് രംഗത്തിന് അനുകൂലമായ ഘടകങ്ങളാണ്.
ഇന്ത്യയുടെ ഫിൻടെക് രംഗത്തെ മുൻനിര കമ്പനികൾ ആണ് ഫോൺപേ, റെയ്സർപേ, ക്രെഡ് ഈ മൂന്ന് കമ്പനികളുടെ അതി വേഗ വളർച്ച ടെക്നോളജി സംബന്ധമായ സാമ്പത്തിക രംഗത്തെ മുന്നേറ്റത്തിൻറെ തെളിവാണ്.
ക്രെഡ്
2018 ൽ സ്ഥാപിതമായ ക്രെഡ് ഒരു മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോമാണ്. കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്ന ഉപയോക്താക്കൾക്ക് റിവാർഡുകൾ വഴി ക്രെഡ് പ്രതിഫലം നൽകുന്നു. ക്രെഡിറ്റ് സ്കോർ ട്രാക്കിംഗ്, ബിൽ പേയ്മെന്റ് ഓർമ്മപ്പെടുത്തലുകൾ, ക്യൂറേറ്റഡ് ഓഫറുകൾ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കിടയിൽ ക്രെഡ് വലിയ സ്വാധീനം തന്നെ ചെലുത്തിയിട്ടുണ്ട്. 2022-ാം സാമ്പത്തിക വർഷത്തിൽ, ക്രെഡിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4.4 മടങ്ങ് വളർന്ന് 393.6 കോടി രൂപയിലെത്തി. കൂടാതെ ക്രെഡിന്റെ അംഗസംഖ്യ ഏകദേശം 16 ദശലക്ഷമായി ഉയർന്നു.
ക്രെഡിറ്റ് കാർഡ് വഴി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന, സാമ്പത്തിക അച്ചടക്കമുള്ള ഒരു ഉപഭോക്തൃ സമൂഹത്തെ നേടിയെടുക്കുന്നതിൽ ക്രെഡ് വിജയിച്ചു. അതായത് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് മാത്രമേ ക്രെഡ് മെമ്പർഷിപ്പ് ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ കമ്പനി വളരെ ശോഭനവും ശക്തവുമായ ഒരു ഭാവി മുന്നിൽ കാണുന്നു.
ഫോൺപേ
ഇന്ന് ഇന്ത്യയിലെ ടോപ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് 2015 ൽ സ്ഥാപിതമായ ഫോൺപേ. യുപിഐ, വാലറ്റുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾ,വാട്ടർ, ഇലക്ട്രിസിറ്റി പോലുള്ള യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ, മൊബൈൽ റീചാർജ് കൂടാതെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രാദേശിക വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ബിസിനസ് പേയ്‌മെന്റുകൾക്ക് യു പി ഐ , ക്യു ആർ കോഡ് സ്കാനിംഗ് സേവനങ്ങൾ തുടങ്ങിയ നിരവധി സേവനങ്ങൾ ആണ് ഫോൺപേ ഉപഭോക്താക്കൾക്ക് നല്കുന്നത്.
ഫോൺപേ മൊബൈൽ ആപ്ലിക്കേഷനിൽ ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റുകൾ, ഗിഫ്റ്റ് കാർഡുകൾ തുടങ്ങിയ പുതിയ വിഭാഗങ്ങൾ അവതരിപ്പിച്ചു. സിനിമാ ടിക്കറ്റുകൾ, സോമറ്റോ മുതലായ ഭക്ഷണ വിതരണ സേവനങ്ങൾ, ഫാർമസികൾ, ഗ്രോസറി, യാത്ര, പെട്രോൾ പമ്പുകൾ തുടങ്ങിയ സേവനങ്ങൾക്ക് ഉപഭോക്താക്കൾക്ക് പണമടയ്ക്കാൻ കഴിയുന്ന വിഭാഗങ്ങളിലായി അറുപതിനായിരത്തിലധികം ഓൺലൈൻ, ഓഫ്‌ലൈൻ വ്യാപാരികളെ സംയോജിപ്പിച്ചു.
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായി മാറിക്കൊണ്ട് വളരെ വേഗത്തിലാണ് ഫോൺപേ വളർച്ച നേടിയത്. ഇതിനിടയിൽ 2016 ൽ ഫ്ലിപ്കാർട്ട് ഫോൺപേ സ്വന്തമാക്കി. ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ മറ്റ് ധനകാര്യ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഫോൺപേ സേവനങ്ങൾ വിപുലീകരിച്ചു. ഇന്ന് പ്രതിദിനം 100 കോടിയിലധികം മൂല്യമുള്ള ദശലക്ഷ കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തുന്നു. ഫോൺപേ, നിലവിൽ പ്രതിവർഷം 40,000 കോടി രൂപയുടെ ഡിജിറ്റൽ പേയ്‌മെൻ്റുകൾ പ്രോസസ്സ് ചെയ്യുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
റെയ്സർപേ
2014 ൽ സ്ഥാപിതമായ റെയ്സർപേ ഇന്ത്യയിലെ ബിസിനസ് പേയ്മെന്റ് സൊല്യൂഷനുകൾ നൽകുന്ന ഒരു ഫിൻടെക് കമ്പനിയാണ്. പേയ്മെന്റ് ഗേറ്റ്‌വേ സേവനങ്ങൾ, പേയ്മെന്റ് ലിങ്കുകൾ, സബ്സ്ക്രിപ്ഷൻ ബില്ലിംഗ് എന്നിവയും മറ്റ് ധനകാര്യ സേവനങ്ങളും റെയ്സർപേ ഉപഭോക്താക്കൾക്ക് നല്കുന്നു. സ്റ്റാർട്ടപ്പുകളിൽ നിന്ന് വൻകിട സംരംഭങ്ങൾ വരെയുള്ള ഇന്ത്യയിലെ ആയിരക്കണക്കിന് ബിസിനസുകൾക്ക് സേവനങ്ങൾ നൽകി കൊണ്ട് കമ്പനി അതിൻറെ പ്രവർത്തന പരിധി വിപുലീകരിച്ചു. 2021 ഒക്ടോബറിൽ നടന്ന സീരീസ് ഇ ഫണ്ടിംഗ് ന് ശേഷം റെയ്സർപേയുടെ ഏറ്റവും പുതിയ വിലയിരുത്തൽ മൂന്ന് ബില്യൺ ഡോളറിന് മുകളിലാണെന്ന് കണക്കാക്കപ്പെടുന്നു.
ഓൺലൈൻ സ്റ്റോറുകൾ, മൊബൈൽ ആപ്പുകൾ, മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയെ സുരക്ഷിതവും വിശ്വസനീയവുമായ പേയ്മെന്റ് സംവിധാനവുമായി സംയോജിപ്പിക്കാൻ റേസർപേ വ്യാപാരികളെ സഹായിക്കുന്നു. പ്രോഡക്റ്റ് സ്യൂട്ട് ഉപയോഗിച്ച് പേയ്‌മെൻ്റുകൾ സ്വീകരിക്കാനും പ്രോസസ്സ് ചെയ്യാനും വിതരണം ചെയ്യാനും ബിസിനസ്സുകളെ അനുവദിക്കുന്നു. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ്ബാങ്കിംഗ്, യുപിഐ, ജിയോ മണി, ഫ്രീചാർജ് ഉൾപ്പെടെയുള്ള ജനപ്രിയ വാലറ്റുകൾ എന്നിവയുൾപ്പെടെ എല്ലാ പേയ്‌മെൻ്റ് മോഡുകളിലേക്കും ഇത് ആക്‌സസ് നൽകുന്നു. ഡെവലപ്പർ ഫ്രൻഡ്‌ലിയായ എ പി ഐ കളും തടസ്സരഹിതമായ സംയോജനവും നൽകി ഓൺലൈൻ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാൻ റേസർപേ ലക്ഷ്യമിടുന്നു.
വേഗതയേറിയതും സുരക്ഷിതവുമായ ഓൺലൈൻ ട്രാൻസാക്ഷൻ റേസർപേ വാഗ്ദാനം ചെയ്യുന്നു. മാർക്കറ്റ് പ്ലേസ് നിയന്ത്രിക്കുക, എൻ ഇ ഫ് ടി (നാഷണൽ ഇലക്ട്രോണിക് ഫൻഡ്സ് ട്രാൻസ്ഫർ), ആർ ടി ജി സ്, ഐ എം പി സ് (ഇമ്മീഡിയറ്റ് പയ്മെന്റ്റ് സർവീസ്) എന്നീ ബാങ്ക് കൈമാറ്റങ്ങൾ ഓട്ടോമേറ്റ് ചെയ്യുക, ഇൻവോയ്‌സുകൾ ഉപഭോക്താക്കളുമായി പങ്കിടുക എന്നിങ്ങനെ ഓൺലൈൻ ബിസിനസ്സ് ലളിതമാക്കാൻ വ്യവസായികളെ റേസർപേ സേവനങ്ങൾ സഹായിക്കുന്നു.
ഇന്ത്യയുടെ ഫിൻടെക് രംഗം അതി ശക്തമായി മുന്നേറുമ്പോൾ രാജ്യത്തെ സാമ്പത്തിക ഇടപാടുകളുടെ രൂപരേഖ കൂടുതൽ മെച്ചമായ രീതിയിൽ പരിവർത്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ മേഖലയിലെ മുൻനിര കമ്പനികൾ രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.