image

23 Jan 2023 10:26 AM GMT

Technology

വാട്‌സാപ്പിലയയ്ക്കുന്ന ചിത്രങ്ങള്‍ക്കിനി ക്വാളിറ്റി കുറയില്ല, പുത്തന്‍ ഫീച്ചര്‍ എത്തി

MyFin Desk

whatsapp new feature image quality never loss
X

Summary

  • ഐഫോണുകളിലെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ചില ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.


ഡെല്‍ഹി: ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക, നിലവിലുള്ള ഫീച്ചറുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നിവയെല്ലാം വാട്സാപ്പിന്റെ നിരന്തര പ്രവര്‍ത്തനങ്ങളില്‍ വരുന്നതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ഫീച്ചറായി ക്വാളിറ്റി കുറയാതെ ചിത്രങ്ങള്‍ അയയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് വാട്‌സാപ്പ്. നിലവില്‍ ഉപഭോക്താക്കളെടുക്കുന്ന ചിത്രങ്ങളെ വാട്സാപ്പ് തന്നെ കംപ്രസ്ഡ് ഇമേജസാക്കി സേവ് ചെയ്ത് ബാന്‍ഡ് വിഡ്തും ആപ്പ് സ്വയം സജ്ജീകരിക്കുകയാണ്.

ഈ രീതി ചിത്രത്തിന്റെ ഗുണനിലവരാം നഷ്ടപ്പെടുന്നതിന് കാരണമാകും. എന്നാല്‍, വാട്സാപ്പ് ബീറ്റയിലെ പുതിയ ഓപ്ഷന്‍ വഴി ഒരാള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള ചിത്രങ്ങള്‍ അയക്കാം. ഇതിനായി സെറ്റിംഗ് ഐക്കണ്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം വേണം പടം അയക്കാന്‍.

നിലവില്‍ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ അയക്കാന്‍ ഉപഭോക്താക്കള്‍ ഡോക്യുമെന്റ് ഓപ്ഷനാണ് ഉപയോഗിക്കുന്നത്. ഈ ഓപ്ഷനില്‍ ചിത്രത്തിന്റെ പ്രിവ്യു കാണാന്‍ സാധിക്കില്ല. ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകളില്‍ നിലവില്‍ ഉയര്‍ന്ന ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ അയക്കാന്‍ ഓപ്ഷനുണ്ട്. അതേ സംവിധാനം വാട്സാപ്പില്‍ വരുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് താല്‍പര്യമുള്ള കാര്യമാണ്.

ഈ ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. ഗൂഗിള്‍ പ്ലേ സ്റ്റോറിലോ, ആപ്പിള്‍ ആപ്പ് സ്റ്റോറിലോ നിന്നും ലഭ്യമാകുന്ന ബീറ്റ വേര്‍ഷനിലുള്ള വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇത് ഉപയോഗിക്കാന്‍ കഴിയും. സ്മാര്‍ട്ട്‌ഫോണില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നതിന് കുറച്ച് സമയമെടുത്തേക്കാം എന്നാണ് സൂചന.

ഐഫോണുകളിലെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ചില ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പില്‍ ഒരാള്‍ ജോയിന്‍ ചെയ്യുകയോ അല്ലെങ്കില്‍ പുറത്തുപോകുകയോ ചെയ്താല്‍ ആ ഉപഭോക്താവിന്റെ കോണ്‍ടാക്റ്റ് നമ്പര്‍ ഹൈലൈറ്റ് ചെയ്യും. പുതിയ അപ്ഡേറ്റ് വഴി ഗ്രൂപ് അഡ്മിന് ഈ നമ്പറില്‍ തൊട്ടാല്‍ പെട്ടന്ന് വാട്സാപ്പ് കോള്‍ ചെയ്യാന്‍ സാധിക്കും.

കൂടാതെ ഗ്രൂപ്പിലെ അംഗങ്ങളുമായി സ്വകാര്യമായി ചാറ്റ് ചെയ്യാനും സാധിക്കും. മറ്റൊരു സവിശേഷത, ഗ്രൂപ്പിലെ അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ കോപ്പി ചെയ്ത് അഡ്രസ് ബുക്കില്‍ ചേര്‍ക്കാന്‍ കഴിയും എന്നതാണ്. ധാരാളം അംഗങ്ങളുള്ള ഗ്രൂപ്പുകളില്‍ ഈ സേവനം പ്രയോജനം ചെയ്യും.

കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കിടെ വാട്സാപ് പ്രോക്സി സെര്‍വര്‍ സപ്പോര്‍ട്ട് (വാട്സാപ്പ് നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിലും ഉപയോഗിക്കാനുള്ള അവസരം), സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ അറിയിക്കാനുള്ള സംവിധാനം, നോട്ടിഫിക്കേഷന്‍ ബാറില്‍ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം, അടിക്കുറിപ്പോടെ മെസേജുകള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനം എന്നിവ അവതരിപ്പിച്ചിരുന്നു.