17 May 2023 10:28 AM GMT
ഗൂഗിളിന്റെ സിഇഒ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ഏതാണ്? വെളിപ്പെടുത്തി സുന്ദര്‍ പിച്ചൈ
MyFin Desk
Summary
- ടെക് പ്രേമികള്‍ക്കിടയില്‍ ഉയര്‍ന്ന ഒരു ചോദ്യം സുന്ദര്‍ പിച്ചൈ മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്നതായിരുന്നു.
- സാംസങ് ഗ്യാലക്‌സി ശ്രേണിയിലെ ഫോണും ഐഫോണും സുന്ദര്‍ പിച്ചൈ ഉപയോഗിക്കാറുണ്ട്
- ഗൂഗിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് പിക്‌സല്‍ 7-ും പിക്‌സല്‍-7 പ്രോയും
ലോകപ്രശസ്തരായവര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍, ഗാഡ്‌ജെറ്റുകള്‍, വാഹനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് അറിയാന്‍ എല്ലാക്കാലത്തും ഭൂരിഭാഗം പേര്‍ക്കും ആഗ്രഹമുണ്ടാകും.
മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ഉപയോഗിക്കുന്ന ഫോണ്‍ ഏതാണെന്ന് പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു. സമീപകാലത്താണ് അദ്ദേഹം ആ ചോദ്യത്തിന് മറുപടി നല്‍കിയതും. സാംസങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 4 ആണ് ഗേറ്റ്‌സ് ഉപയോഗിക്കുന്നത്. അതിനു മുന്‍പ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 3 ആയിരുന്നു ഗേറ്റ്‌സ് ഉപയോഗിച്ചത്.
റെഡ്ഡിറ്റ് എന്ന ചര്‍ച്ചകള്‍ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ആസ്‌ക് മീ എനിതിങ് (ask-me-anything) എന്ന സെഷനില്‍ വച്ചായിരുന്നു താന്‍ ഉപയോഗിക്കുന്ന ഫോണിനെ കുറിച്ച് ബില്‍ ഗേറ്റ്‌സ് പറഞ്ഞത്.
ഇപ്പോള്‍ ഇതാ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ താന്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിനെ കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ്.
മെയ് മാസം 10-ന് നടന്ന ഗൂഗിള്‍ ഡവലപ്പര്‍മാരുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ (മടക്കാവുന്ന ഫോണ്‍) പിക്‌സല്‍ ഫോള്‍ഡിനെ അവതരിപ്പിച്ചിരുന്നു. ഈ ഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായരംഗത്തുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.
അതിനിടെ ടെക് പ്രേമികള്‍ക്കിടയില്‍ ഉയര്‍ന്ന ഒരു ചോദ്യം ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈ മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്നതായിരുന്നു.
ഇതിനുള്ള മറുപടി സുന്ദര്‍ പിച്ചൈ അരുണ്‍ മൈനി എന്ന യുട്യൂബറുമായുള്ള ഒരു ചര്‍ച്ചയ്ക്കിടെ നല്‍കുകയുണ്ടായി.
പിക്‌സല്‍ 7 പ്രോയാണ് താന്‍ പ്രധാനമായും ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കിയ പിച്ചൈ താന്‍ സാംസങ് ഗ്യാലക്‌സി ശ്രേണിയിലെ ഫോണും ഐഫോണും പരീക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടെന്നും വ്യക്തമാക്കി.
ഫോള്‍ഡബിള്‍ ഡിവൈസ് വളരെക്കാലമായി പരീക്ഷിക്കുന്നുണ്ടെന്നു സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിള്‍ ലോഞ്ച് ചെയ്യുന്ന ഏതൊരു പുതിയ ഡിവൈസിന്റെയും ആദ്യ യൂസര്‍മാരില്‍ ഒരാള്‍ താനാണ്. ഇപ്പോള്‍ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്ന പിക്‌സല്‍ ഫോള്‍ഡ്, പിക്‌സല്‍ 7എ എന്നിവയുള്‍പ്പെടെ എല്ലാ പുതിയ ഉപകരണങ്ങളും പരീക്ഷിക്കാറുമുണ്ട്.
എന്നിരുന്നാലും, തനിക്ക് പിക്‌സല്‍ 7 പ്രോ ഫോണ്‍ ഉപയോഗിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു, പ്രത്യേകിച്ച് യാത്രാവേളയില്‍ ഇ-മെയില്‍ പെട്ടെന്ന് പരിശോധിക്കേണ്ടിവരുമ്പോഴാണിതെന്നും അദ്ദേഹം പറഞ്ഞു.
ഗൂഗിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് പിക്‌സല്‍ 7-ും പിക്‌സല്‍-7 പ്രോയും. 2022 ഒക്ടോബറിലാണ് ഇവ വിപണിയിലിറക്കിയത്.