2 April 2024 9:57 AM GMT
Summary
- യുപിഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഇ എം ഐ സൗകര്യം ലഭ്യമായിരുന്നില്ല
- ഇപ്പോൾ, യുപിഐ ആപ്പിൽ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുത്ത് ഇഎംഐ ഓപ്ഷൻ സജീവമാക്കാം
യുപിഐ വഴി റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി പണം തിരിച്ചടയ്ക്കാൻ ഇ എം ഐ ഓപ്ഷൻ തിരഞ്ഞെടുക്കാം. യുപിഐ ആപ്പ് ഉപയോഗിച്ച് തന്നെ ഇത് ഇഎംഐ ആക്കി മാറ്റാൻ സാധിക്കും. നിലവിൽ ക്രെഡിറ്റ് കാർഡ് വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് മാത്രമേ ഇഎംഐ സൗകര്യം ലഭ്യമായിരുന്നുള്ളൂ, യുപിഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഈ സൗകര്യം ലഭ്യമായിരുന്നില്ല.
അതായത് നിങ്ങൾ ഒരു ടി വി വാങ്ങാൻ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗൂഗിൾ പേ വഴി 30,000 രൂപ അടച്ചു എന്ന് കരുതുക. ഇപ്പോൾ ഗൂഗിൾ പേ വഴി തന്നെ ഈ തുകയെ ഇഎംഐ ആക്കി മാറ്റാൻ സാധിക്കും. മുഴുവൻ തുകയും ഒരുമിച്ചു ഈടാക്കുന്നതിനു പകരം നിങ്ങൾക്ക് താങ്ങാവുന്ന തവണകളായി തിരിച്ചടയ്ക്കാം.
കടകളിലെ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം നൽകാം. യുപിഐ ആപ്പിൽ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുത്ത് ഇഎംഐ ഓപ്ഷൻ സജീവമാക്കാം. ശേഷം ഇഷ്ടമുള്ള ഇ എം ഐ തവണകൾ തിരഞ്ഞെടുക്കാം. കൂടാതെ ക്രെഡിറ്റ് കാർഡിന്റെയും ക്രെഡിറ്റ് ലൈനിന്റെയും ക്രെഡിറ്റ് ലിമിറ്റ് ക്രമീകരിക്കാനും യുപിഐ ആപ്പുകളിൽ ഓപ്ഷനുകൾ ലഭ്യമാകും.
എൻപിസിഐ അതായത് നാഷനൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, യുപിഐ കമ്പനികൾക്ക് യുപിഐ വഴിയുള്ള റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഇഎംഐ സൗകര്യം ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ സൗകര്യം 2024 മെയ് 31 നകം ലഭ്യമാകും.