image

28 Feb 2023 5:31 AM GMT

Technology

കുടിശ്ശിക തീര്‍ക്കാന്‍ ചാറ്റ് ജിപിറ്റി വക 'ഭീഷണിക്കത്ത്', 90 ലക്ഷം തിരിച്ചുപിടിച്ച 'ഇ മെയില്‍' വൈറല്‍

MyFin Desk

chat gpt e mailer threatening
X

Summary

  • ചാറ്റ് ജിപിറ്റി തയാറാക്കിയ ഇ മെയില്‍ കണ്ടപ്പോള്‍ തന്നെ പണം തിരിച്ചടയ്ക്കാമെന്ന് ക്ലയിന്റ് സമ്മതിക്കുകയായിരുന്നു.


ഉത്പന്നം അല്ലെങ്കില്‍ സേവനം നല്‍കിയ ശേഷം പണം അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന ക്ലയിന്റുകളുടെയും ഇതുമായി ബന്ധപ്പെട്ട കേസുകളുടേയും എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിയമവിദഗ്ധരെ സമീപിക്കും മുന്‍പ് ചാറ്റ് ജിപിറ്റി ഒന്ന് പരീക്ഷിക്കുന്നത് ഒരുപക്ഷേ ഗുണം ചെയ്‌തേക്കും. യുഎസ് ആസ്ഥാനമായ ലേറ്റ് ചെക്കൗട്ട് എന്ന കമ്പനിയുടെ ക്ലയിന്റില്‍ നിന്നും ലഭിക്കേണ്ട 1,09,500 ഡോളര്‍ (ഏകദേശം 90.80 ലക്ഷം ഇന്ത്യന്‍ രൂപ) ചാറ്റ് ജിപിറ്റിയുടെ സഹായത്തോടെയാണ് ലഭിച്ചതെന്ന് ലേറ്റ് ചെക്കൗട്ട് സിഇഒ ഗ്രെഗ് ഐസന്‍ബര്‍ഗ് പറയുന്നു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചാറ്റ് ജിപിറ്റിയോട് കമ്പനിയുടെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണെന്ന് സങ്കല്‍പ്പിക്കാനും ശേഷം പണം തിരിച്ചടയ്ക്കാത്ത ക്ലയിന്റില്‍ ഭീതി ജനിപ്പിക്കും വിധമുള്ള ഒരു കത്ത് (ഇമെയില്‍) തയാറാക്കുവാനും ആവശ്യപ്പെട്ടു. ശേഷം ചാറ്റ് ജിപിറ്റി തയാറാക്കിയ ഇ മെയില്‍ കണ്ടപ്പോള്‍ തന്നെ പണം തിരിച്ചടയ്ക്കാമെന്ന് ക്ലയിന്റ് സമ്മതിക്കുകയായിരുന്നു. നിങ്ങളില്‍ നിന്നും കൃത്യമായ പ്രതികരണം ഉണ്ടാകാതിരുന്നത് മൂലം കമ്പനിയുടെ ഭാഗത്ത് നിന്നും ശക്തമായ നടപടികളെടുക്കുകയാണെന്നും, പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുമെന്നും ചാറ്റ് ജിപിറ്റി തയാറാക്കിയ മെയിലിലുണ്ട്.

നിയമനടപടികളുമായി ബന്ധപ്പെട്ട ചെലവും നിങ്ങളുടെ തിരിച്ചടവ് തുകയ്‌ക്കൊപ്പം അധികമായി അടയ്‌ക്കേണ്ടി വരുമെന്നും മെയിലില്‍ ചാറ്റ് ജിപിറ്റി 'ഭീഷണിസ്വരത്തില്‍' വ്യക്തമാക്കിയിരുന്നു. മൂന്നു ദിവസത്തിനകം പണം തിരിച്ചടയ്ക്കണമെന്നും ഇ മെയിലില്‍ തീര്‍ത്ത് പറയുന്നുണ്ട്. മെയില്‍ ലഭിച്ച് മിനിട്ടുകള്‍ക്കകം പണം തിരിച്ചടയ്ക്കാമെന്ന് സമ്മതിച്ച് ക്ലയിന്റില്‍ നിന്നും മറുപടി മെയിലും ലഭിച്ചു. നിയമവിദഗ്ധരെ സമീപിക്കേണ്ട സാഹചര്യത്തില്‍ ചാറ്റ് ജിപിറ്റി ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചുവെന്ന് ഐസന്‍ബര്‍ഗ് പറയുന്നു.