image

15 Sept 2023 2:38 PM

Technology

ഫ്രാൻസിന് പുറകെ ബെൽജിയവും ഐഫോൺ ഉപയോഗം നിയന്ത്രിച്ചേക്കും

MyFin Desk

belgium vs iphone
X

Summary

  • ഫ്രാൻസ് നീക്കത്തിന് പുറകെ ആണ് ബെൽജിയത്തിന്റെ നീക്കം
  • മാനദണ്ഡങ്ങൾ പാലിച്ചാണ് നിര്മിതിയെന്നു കമ്പനിയുടെ അവകാശ വാദം


ആപ്പിളിന്റെ ജനപ്രിയ ഉൽപ്പന്നമായ ഐഫോണിന്റെ ഉപയോഗത്തിലൂടെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് അന്വേഷിക്കാൻ ബെൽജിയം അതിന്റെ ടെലികോം റെഗുലേറ്ററോട് ആവശ്യപ്പെട്ടു.

. റേഡിയേഷൻ പരിധി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഐഫോണിന്റെവില്പന നിർത്തിവെക്കാൻ ഫ്രാൻസ് ഉത്തരവിട്ടതിന്റെ പിന്നാലെയാണ് ബെൽജിയത്തിന്റെ ഈ നീക്കം. എല്ലാ പൗരന്മാരും സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ കടമയാണെന്നു ബെൽജിയത്തിലെ വാർത്തവിതരണ മന്ത്രി പറഞ്ഞു..

2020 ൽ പുറത്തിറക്കിയ ഐഫോൺ 12 ആഗോള റേഡിയേഷൻ മാനദണ്ഡങ്ങൾക്ക് വിധേയമായി നിർമ്മിച്ചതാണെന്ന് ഒന്നിലധികം അന്താരാഷ്ട്ര സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ആപ്പിൾ ലാബ് ഫലങ്ങൾ കൂടാതെ മറ്റ് ഏജൻസികളുടെ ലാബ് ഫലങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നു ആപ്പിൾ വ്യക്തമാക്കി.

എന്നാൽ ഈ ആഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയ റേഡിയേഷൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഐഫോൺ 12 വില്പന നിർത്തി വെക്കാനുള്ള ഫ്രാൻസിന്റെ നീക്കം യൂറോപ്പിൽ കൂടുതൽ നിരോധനത്തിനുള്ള സാധ്യത ഉയർത്തി. ഫ്രഞ്ച് ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തുന്ന ജർമനിയും സമാന നടപടിയിലേക്ക് നീങ്ങാം.

മൊബൈൽ ഫോണുകളുടെ ഉപയോഗം മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ വിലയിരുത്താൻ ഗവേഷകർ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മൊബൈൽ ഫോൺ ഉപയോഗം മൂല൦ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല