2 Jun 2023 4:59 AM GMT
Summary
- പ്രതിവര്‍ഷം 20 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്
- 13,600 കോടി രൂപയുടെ പദ്ധതി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
- ഏപ്രിലില്‍ ആപ്പിള്‍ ഇന്ത്യയില്‍ ആദ്യത്തെ റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്നിരുന്നു
ആപ്പിളിന്റെ പ്രധാന സപ്ലൈര്‍മാരായ തായ്‌വാനീസ് ഇലക്ട്രോണിക്‌സ് ഭീമന്‍ ഫോക്‌സ്‌കോണ്‍ 2024 ഏപ്രില്‍ മാസത്തോടെ ബെംഗളുരുവില്‍ ഐ ഫോണുകളുടെ നിര്‍മാണം ആരംഭിക്കും. ബെംഗളുരു വിമാനത്താവളത്തിനു സമീപം ദേവനഹള്ളിയിലാണ് നിര്‍ദിഷ്ട പ്ലാന്റ്. ഈ വര്‍ഷം ജുലൈ ഒന്നിന് നിര്‍മാണത്തിന് ആവശ്യമായി വരുന്ന ഭൂമിയും അടിസ്ഥാനസൗകര്യങ്ങളും ഫോക്‌സ്‌കോണിന് കൈമാറുമെന്ന് കര്‍ണാടകയിലെ വന്‍കിട-ഇടത്തരം വ്യവസായവകുപ്പ് മന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു. 300 ഏക്കര്‍ ഭൂമിയാണ് കൈമാറുന്നത്. പ്ലാന്റിലേക്ക് 5 എംഎല്‍ഡി വെള്ളം, ഗുണനിലവാരമുള്ള വൈദ്യുതി വിതരണം, റോഡ് കണക്റ്റിവിറ്റി, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
13,600 കോടി രൂപയുടെ പദ്ധതി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂമി വിലയുടെ 30 ശതമാനം (90 കോടി രൂപ) കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡവലപ്മെന്റ് ബോര്‍ഡിന് ഫോക്സ്‌കോണ്‍ ഇതിനകം നല്‍കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഫോക്‌സ്‌കോണ്‍ ലക്ഷ്യമിടുന്നത്. മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം 20 ദശലക്ഷം യൂണിറ്റ് (2 കോടി) ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ചൈനയായിരുന്നു ആപ്പിളിന്റെ പ്രധാന ഉത്പാദന കേന്ദ്രം. എന്നാല്‍ കോവിഡ്-19 മായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ പുതിയ ഐഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉത്പാദനത്തെ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് ഉത്പാദനം മാറ്റുകയാണ് ആപ്പിള്‍. മാത്രമല്ല, ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച സംഭവിക്കുന്നതും ആപ്പിളിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരം ഘടകങ്ങളാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നത്.
ഈ വര്‍ഷം ഏപ്രിലില്‍ ആപ്പിള്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്നിരുന്നു. മുംബൈയിലും ഡല്‍ഹിയിലുമാണ് ആപ്പിള്‍ സ്റ്റോര്‍ തുറന്നത്.