20 Nov 2023 7:30 AM
Summary
- ആഭ്യന്തര വിപണിയില്‍ പ്രീമിയം വര്‍ധിപ്പിക്കുന്നതിന്റെ നേട്ടങ്ങളും ആപ്പിള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.
- ആഗോളസാമ്പത്തിക ഞെരുക്കം മൂലം, ഇലക്ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള ഉപഭോഗം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കുറഞ്ഞിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഒരു ലക്ഷം കോടിയുടെ ഐഫോണുകള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കും. ഉല്‍പാദന പങ്കാളികളുടെ ശേഷി വര്‍ധിപ്പിക്കുകയും കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 60,000 കോടി രൂപയുടെ ഉത്പാദനം നേടുകയും ചെയ്താതായി ആപ്പിള്‍ അധികൃതര്‍ വ്യക്തമാക്കി.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഈ നേട്ടം സ്വന്തമാക്കാനാകുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കൊരുങ്ങുന്ന പാശ്ചാത്യ രാജ്യങ്ങളുടെ ഐഫോണ്‍ ഡിമാന്‍ഡ് നിറവേറ്റാന്‍ തയ്യാറെടുക്കുകയാണ് ആപ്പിള്‍.
എന്നാല്‍ ആഗോളസാമ്പത്തിക ഞെരുക്കം മൂലം, ഇലക്ട്രോണിക്‌സ് സാധനങ്ങൾ ഉള്‍പ്പെടെയുള്ളവയുടെ ഉപഭോഗം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഐഫോണുകളില്‍ 70 ശതമാനവും കയറ്റുമതി ചെയ്യപ്പെടുന്നു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ആപ്പിള്‍ ഇതുവരെ 40,000 കോടി (5 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള ഐഫോണുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.
2023 സാമ്പത്തിക വര്‍ഷത്തിലും അഞ്ച് ബില്യണ്‍ ഡോളറിന്റെ കയറ്റുമതി കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.
. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിലെ പ്രതിവര്‍ഷ കയറ്റുമതി വളര്‍ച്ച 185 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ കാലയളവില്‍ 14,000 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നു.
'മികച്ച കയറ്റുമതി നേട്ടത്തിലൂടെ ആപ്പിളിന്റെ ഉൽപ്പാദന കേന്ദ്രം എന്ന നിലയില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാകുന്നു. ദീര്‍ഘകാലത്തേക്ക് ഇന്ത്യ അതിന്റെ പ്രധാന ഉല്‍പാദന,-കയറ്റുമതി കേന്ദ്രമാക്കി മാറും,' ഐപിഡിഎസും അസോസിയേറ്റ് വൈസ് പ്രസിഡന്റ് നവകേന്ദര്‍ സിംഗ് പറഞ്ഞു.
സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിനായുള്ള പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ ഭാഗമായി കര്‍ണാടകയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിസ്ട്രോണും, തായ്‌വാൻ കമ്പനിയായ ഫോക്സ്‌കോണും പെഗാട്രോണിന്റെ തമിഴ്നാട്ടില്‍ യൂണിറ്റും ചേര്‍ന്നാണ് ഇന്ത്യയില്‍ ആപ്പിളിന്റെ ഉല്‍പാദനം നടത്തുന്നത്. 12 മുതല്‍ 15 വരെയുള്ള ഐഫോണ്‍ മോഡലുകള്‍ അവര്‍ നിര്‍മ്മിക്കുന്നു. 750 മില്യണ്‍ ഡോളറിന്റെ ഇടപാടിലൂടെയാണ് ടാറ്റാ വിസ്‌ട്രോണ്‍ കരാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
കയറ്റുമതിക്ക് പുറമേ, ആഭ്യന്തര വിപണിയില്‍ പ്രീമിയം ഫോണുകളുടെ വിപണി വളർച്ചയുടെ നേട്ടങ്ങളും ആപ്പിള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.