22 Jun 2023 8:58 AM GMT
Summary
- ആമസോൺ പേ മുഖേന ഡിജിറ്റൽ ഇടപാടുകൾക്കു ഉപയോഗിക്കാൻ കമ്പനി ഡോർസ്റ്റെപ് സേവനം വാഗ്ദാനം ചെയ്യുന്നു
- ക്യാഷ് ഓൺ ഡെലിവറി വഴി സാധനങ്ങൾ വാങ്ങുമ്പോൾ മാത്രം ഈ സേവനം
- പണം ലോഡ് ചെയ്യുന്നതിന് കെവൈസി നിർബന്ധമാണ്
അടുത്ത കാലത്ത് 2000 രൂപ നോട്ട് പ്രചാരത്തിൽ നിന്നും പിൻവലിക്കുമെന്നു കേന്ദ്ര സർക്കാർ പ്രഖാപിച്ചിരുന്നു. 2016 ഇൽ നിലവിൽ വന്ന നോട്ട് ഇപ്പോഴും നിയമാനുസൃതമായി തുടരുന്നു. എന്നാൽ 2023 സെപ്റ്റംബർ 30 നകം ഈ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും 2000 രൂപ നോട്ട് സ്വീകരിക്കുന്നില്ലെന്ന പരാതികൾ വന്നിരുന്നു. ഇത് മാറ്റി വാങ്ങാൻ ആളുകൾ പല കുറുക്കുവഴികളും തേടിയതായുള്ള റിപ്പോർട്ടുകളും വന്നു.
ആമസോൺ പേ യിൽ ക്യാഷ് ലോഡ് സൗകര്യം.
ഈ സാഹചര്യത്തിൽ ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോൺ ഉപയോക്താക്കളെ സഹായിക്കുന്നതിനായി പുതിയ സേവനം പ്രഖ്യാപിച്ചിട്ടുണ്ട്. 2000 രൂപ നോട്ടുകൾ ആമസോൺ പേ മുഖേന ഡിജിറ്റൽ ഇടപാടുകൾക്കു ഉപയോഗിക്കാൻ കമ്പനി ഡോർസ്റ്റെപ് സേവനം വാഗ്ദാനം ചെയ്യുന്നു.
ആമസോണിൽ നിന്ന് ക്യാഷ് ഓൺ ഡെലിവറിക്ക് സാധനങ്ങൾ വാങ്ങുമ്പോൾ 2000 രൂപ നൽകാം. ആമസോൺ പേ വഴി 2000 രൂപനോട്ടുകൾ ആമസോൺ ഏജന്റിന് നൽകിയാൽ ആമസോൺ പേ ബാലൻസിലേക്ക് മാറ്റാം. ഉപയോക്താക്കൾ ക്യാഷ് ഓൺ ഡെലിവറി വഴി സാധനങ്ങൾ വാങ്ങുമ്പോൾ മാത്രം ഈ സേവനം ലഭ്യമാവും.
പ്രതിമാസം 50 ,000 രൂപ വരെ പരിധി
ആമസോൺ പേ യിലേക്ക് പണം ലോഡ് ചെയ്യുന്നതിന് കെവൈസി നിർബന്ധമാണ്. ആമസോൺ ക്യാഷ് ലോഡ് ചെയ്യുന്നതിനായി പ്രതിമാസം 50,000 രൂപ വരെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആമസോൺ പേ വാലറ്റ് വഴി മറ്റു യു പി ഐ ഉപയോക്താക്കൾക്കും വ്യപാരികൾക്കും പണം ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.