11 July 2023 8:46 AM GMT
Summary
- ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് മോഡലുകള്‍ ടാറ്റ ഗ്രൂപ്പ് നിര്‍മിച്ചേക്കും
- വിസ്‌ട്രോണ്‍ കോര്‍പറേഷന്‍ ഫാക്ടറി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്
- വിസ്‌ട്രോണുമായുള്ള ഇടപാട് ഏകദേശം 60 കോടി രൂപയുടേതായിരിക്കും
ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യ ഐഫോണ്‍ നിര്‍മാതാക്കളായി മാറും. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടകയിലെ വിസ്‌ട്രോണ്‍ കോര്‍പറേഷന്‍ ഫാക്ടറി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. നിലവില്‍ ഐഫോണ്‍ 14 മോഡല്‍ അസംബിള്‍ ചെയ്യുന്ന ഫാക്ടറിയാണിത്.
10,000-ത്തിലധികം ജീവനക്കാരുള്ള ഈ ഫാക്ടറിക്ക് കണക്കാക്കുന്ന മൂല്യം 600 മില്യന്‍ ഡോളറിലധികമാണ്. ടാറ്റയുടെ വിസ്‌ട്രോണുമായുള്ള ഇടപാട് ഏകദേശം 60 കോടി രൂപയുടേതായിരിക്കും.ടാറ്റ ഐഫോണ്‍ നിര്‍മിക്കുന്നത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വലിയ തോതില്‍ ഗുണകരമാകുമെന്നും വിലയിരുത്തുന്നുണ്ട്.
2024-ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 1.8 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കയറ്റി അയയ്ക്കാന്‍ ലക്ഷ്യമിടുകയാണ് വിസ്‌ട്രോണ്‍ കോര്‍പറേഷന്‍. 2024-ഓടെ ഫാക്ടറിയിലെ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പദ്ധതിയുണ്ട്.
വിസ്‌ട്രോണ്‍ കോര്‍പറേഷന്‍ ഒരു തായ്‌വാന്‍ കമ്പനിയാണ്. ഈ ഫാക്ടറിയെ ടാറ്റ ഏറ്റെടുക്കുന്നതിലൂടെ വിസ്‌ട്രോണിന്റെ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനിക്കുകയാണ്.
രാജ്യത്ത് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ സമീപ വര്‍ഷങ്ങളില്‍ വിവിധ പരിപാടികളാണ് അവതരിപ്പിച്ചിരിക്കുന്നത്. മറുവശത്ത്, ആപ്പിള്‍ ആകട്ടെ തങ്ങളുടെ ഐഫോണ്‍ ഉല്‍പ്പാദനം ചൈനയ്ക്കപ്പുറം മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയുമാണ്. മറ്റ് ആപ്പിള്‍ ഐഫോണ്‍ വിതരണക്കാരായ ഫോക്സ്‌കോണ്‍ ഗ്രൂപ്പും പെഗാട്രോണ്‍ കോര്‍പ്പറേഷനും അടുത്തിടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പ് പോലൊരു ഇന്ത്യന്‍ ബ്രാന്‍ഡ് ആപ്പിളിന്റെ ഐഫോണുകള്‍ നിര്‍മിക്കുന്നത് മറ്റ് കമ്പനികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇടയാകുമെന്നത് ഉറപ്പാണ്. മാനുഫാക്ചറിംഗ് ഹബ്ബായ ചൈനയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാന്‍ കമ്പനികളെ പ്രേരിപ്പിക്കും. അതോടൊപ്പം ഇന്ത്യയില്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് മോഡലുകള്‍ ടാറ്റ ഗ്രൂപ്പിന് ഇന്ത്യയില്‍ നിര്‍മിക്കാന്‍ കഴിയുമെന്നു ട്രെന്‍ഡ്ഫോഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
155 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ് സാന്നിധ്യമറിയിക്കാത്ത രംഗം കുറവാണ്.
ആപ്പിളുമായി ടാറ്റ ഗ്രൂപ്പ് സഹകരിക്കുന്നതോടെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് അത് വലിയ തോതില്‍ ഗുണം ചെയ്യും. ഒന്നാമതായി ഐഫോണ്‍ ലോഞ്ച് ചെയ്യുന്ന വേളയില്‍ തന്നെ അവ സ്വന്തമാക്കാനുള്ള സാഹചര്യം വരുമെന്നതാണ്. സാധാരണയായി ആപ്പിളിന്റെ തലസ്ഥാനമായ കാലിഫോര്‍ണിയയില്‍ വച്ചാണ് എല്ലാ വര്‍ഷവും പുതിയ ഐഫോണ്‍ ലോഞ്ച് ചെയ്യുന്നത്. ലോഞ്ച് കഴിഞ്ഞ് ഒരാഴ്ചയിലേറെ വൈകിയാണ് പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ടാറ്റ ഗ്രൂപ്പ് നിര്‍മാണം ഏറ്റെടുക്കുന്നതോടെ ഇത്തരത്തിലുള്ള കാലതാമസം ഒഴിവാകും. രണ്ടാമതായി ഫോണ്‍ വില കുറച്ച് ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകും.
ടാറ്റ ഗ്രൂപ്പ് നിരവധി മേഖലയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇലക്ട്രോണിക്‌സ് രംഗത്തെ അവരുടെ സാന്നിധ്യം വളരെ കുറവായിരുന്നു. ഐ ഫോണ്‍ നിര്‍മാണത്തിലേക്ക് പ്രവേശിക്കുന്നതോടെ ഇലക്ട്രോണിക്‌സ് രംഗത്തെ സാന്നിധ്യം വിപുലീകരിക്കാന്‍ സാധിക്കുമെന്നു ടാറ്റ ഗ്രൂപ്പ് വിശ്വസിക്കുന്നുണ്ട്. ആപ്പിളുമായുള്ള സഹകരണം കൂടുതല്‍ സഹായകരവുമാകും.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലാണ് ആപ്പിള്‍ ഐഫോണ്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഫോണ്‍ 15 ആയിരിക്കും പുറത്തിറങ്ങുക. ഐഫോണ്‍ 15ന്റെ ഡിസ്‌പ്ലേ 6.1 ഇഞ്ചായിരിക്കും.
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോമാക്‌സ് മോഡലുകളില്‍ ഏറ്റവും പുതിയ ബയോണിക് A17 പ്രോസസറായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഐഫോണ്‍ 15 മോഡലുകളിലെ ബാറ്ററി ശേഷി വര്‍ദ്ധിപ്പിക്കുമെന്നും സൂചനയുണ്ട്.
ഐഫോണ്‍ 15-ല്‍ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുമായി ആപ്പിളെത്തുമെന്നാണ് പ്രതീക്ഷ. ചാര്‍ജ് ചെയ്യുന്നത് വളരെ എളുപ്പമുള്ളതാക്കുന്നതാണിത്.