27 Feb 2025 12:01 PM GMT
Summary
- ഇരു കമ്പനികളും ചേരുമ്പോള്‍ 6,000-7,000 കോടി രൂപയുടെ വിപണിമൂല്യമുണ്ടാകും
- മേഖലയില്‍ ജിയോയുടെ കടന്നുവരവ് കനത്ത വെല്ലുവിളിയായി
ഡിടിഎച്ച് രംഗത്തെ അതികായന്മാരായ ടാറ്റയും ഭാരതി എയര്‍ടെല്ലും ലയിക്കുന്നു. ഡിടിഎച്ച് രംഗത്ത് വരിക്കാരുടെ എണ്ണം അനുദിനം കുറയുന്ന സാഹചര്യത്തില്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയാണ് ഇരുകമ്പനികളുടെയും ലക്ഷ്യം.
ഒടിറ്റി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവിന് പിന്നാലെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്ലിന്റെ ഉപ ബിസിനസും, നഷ്ടത്തില്‍ നീങ്ങുന്ന ടാറ്റ ഗ്രൂപ്പ് സംരംഭവും ഒന്നിക്കാനുള്ള നീക്കം. രാജ്യത്ത് കേബിള്‍, സാറ്റലൈറ്റ് ടിവി സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളാണ് രണ്ടും. ഇരു കമ്പനികളും ചേരുമ്പോള്‍ 6,000-7,000 കോടി രൂപയുടെ വിപണിമൂല്യമാണ് കണക്കാക്കുന്നത്. മുമ്പ് ടാറ്റ സ്‌കൈ എന്നറിയപ്പെട്ടിരുന്ന സേവനമാണ് നിലവില്‍ ടാറ്റ പ്ലേ.
റിലയന്‍സ് ജിയോയുടെ മേഖലയിലേയ്ക്കുള്ള കടന്നുവരവരവ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചു. നഷ്ടക്കച്ചവടം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള നീക്കം.
ഭാരതി ടെലിമീഡിയയെ ലയിപ്പിക്കാന്‍ ടാറ്റ പ്ലേയുമായി ചര്‍ച്ച നടത്തുകയാണെന്ന് എയര്‍ടെല്‍ തന്നെയാണ് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയത്. ഇടപാടിന്റെ കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇടപാട് പൂര്‍ത്തിയായാല്‍, 2016 -ല്‍ ഡിഷ് ടിവി- വീഡിയോകോണ്‍ ഡിടിഎച്ച് ലയനത്തിന് ശേഷം മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ലയനം ആയിരിക്കും. കടുത്ത നഷ്ടത്തിലൂടെ കടന്നുപോകുന്ന ഇരു കമ്പനികളെയും ലയിപ്പിക്കുന്നതു വഴി ഈ നഷ്ടം കുറയ്ക്കാനും, മത്സരം കടുപ്പിക്കാനും സാധിക്കുമെന്നാണു വിലയിരുത്തല്‍.