image

1 March 2025 4:22 PM IST

Technology

പ്രചാരമില്ല; സ്‌കൈപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

MyFin Desk

പ്രചാരമില്ല; സ്‌കൈപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
X

Summary

  • 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സ്‌കൈപ്പ് വിടപറയുന്നത്
  • മെയ്മാസത്തിലാകും സ്‌കൈപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത്


ജനപ്രിയ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ്. നീണ്ട 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സ്‌കൈപ്പ് ഉപയോക്താക്കളില്‍ നിന്ന് വിടപറയുന്നത്.

മെക്രോസോഫ്റ്റിന്റെ ടീംസ് ആപ്പിന്റെ കടന്നുവരവോടെയാണ് സ്‌കൈപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. മെയ് മാസത്തില്‍ സ്‌കൈപ്പ് നിര്‍ത്തലാക്കുമെന്നും ചില സേവനങ്ങള്‍ മൈക്രോസോഫ്റ്റ് ടീംസിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വര്‍ക്ക്‌സ്പേസ് ചാറ്റ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, ഫയല്‍ സ്റ്റോറേജ് തുടങ്ങിയ സേവനങ്ങളാണ് ടീംസ് നല്‍കുക. സ്‌കൈപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള അക്കൗണ്ട് ഉപയോഗിച്ച് ടീമുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയും. ഇതുസംബന്ധിച്ച അറിയിപ്പ് ഉടന്‍ തന്നെ സ്‌കൈപ്പിന്റെ ഉപയോക്താക്കള്‍ക്ക് ദൃശ്യമായേക്കുമെന്നാണ് വിവരം.

ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നായ സ്‌കൈപ്പ് 2003ലാണ് ലോഞ്ച് ചെയ്തത്. നിക്ലാസ് സെന്‍സ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരായിരുന്നു ഈ വീഡിയോടെലിഫോണി പ്ലാറ്റ്‌ഫോമിന്റെ ശില്‍പികള്‍. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്റ് മെസേജിംഗ്, ഫയല്‍ ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ എന്നിവയാണ് ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. വിവിധ ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ ലഭ്യമായിരുന്ന സ്‌കൈപ്പ് 2011ല്‍ മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതോടെ പ്ലാറ്റ്‌ഫോം ഏറെ വളര്‍ന്നു.

വിന്‍ഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരന്‍ എന്ന നിലയ്ക്കായിരുന്നു ഈ ഏറ്റെടുക്കല്‍. ഇതോടെ ലോകമാകെ വലിയ ഖ്യാതിയും സ്‌കൈപ്പ് നേടി. ലോകമെമ്പാടുമായി ഏകദേശം 170 ദശലക്ഷം ആളുകള്‍ സ്‌കൈപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.