5 Oct 2023 4:54 PM GMT
Summary
- ശാസ്ത്രക്ക് ബ്രിട്ടനിൽ നിന്നും 150 ഓർഡറുകൾ
- വിദേശ വിപണിയിൽ കൂടുതൽ ആവശ്യക്കാർ
ആഗോളതലത്തിൽ വിപണി കീഴടക്കി കേരളത്തിൽ നിന്നും രണ്ടാമത്തെ റോബോട്ടിക് സ്റ്റാർട്ടപ്പ് ശ്രദ്ധകേന്ദ്രമാവുന്നു.കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത ശാസ്ത്ര റോബോട്ടിക്സിന് യുകെ യിൽ നിന്നും യു എസിൽ നിന്നും റോബോട്ടുകളുടെ കയറ്റുമതി ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ലോകോത്തര കമ്പനി ആണ് ശാസ്ത്രക്ക് കരാർ നൽകിയത്. ഇവർ നിർമിക്കുന്ന റോബോട്ടുകൾക്ക് മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത പല ജോലികളും ചെയ്യാൻ കഴിയും. ഇതിനായി നിർമിതബുദ്ധി റോബോ ട്ടുകളെ നിർമിക്കുന്നത്.
ശാസ്ത്രയുടെ പ്രസക്തി
ശാസ്ത്രയുടെ റോബോട്ടുകൾ മനുഷ്യാവയവങ്ങൾ പോലെ പ്രവർത്തിക്കുന്ന കൈകളും വിരലുകളും ആണ്. കൂടാതെ ബഹിരാകാശം, പ്രതിരോധം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളുടെ പിഴവുകൾ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നു.പൂർണമായും കേരളത്തിൽ വികസിപ്പിച്ച് നിർമിച്ച റോബോട്ടുകൾ, ടച്ച് ഡിസ്പ്ലേകളുള്ള ഇലക്ട്രോണിക് സ്മാർട്ട് ഉപകരണങ്ങളിലെ ഹാർഡ് വെയർ സോഫ്റ്റ്‌വെയർ തകരാറുകൾ കണ്ടെത്തുന്നതിലൂടെ മനുഷ്യന്റെ ജോലി എളുപ്പമാക്കുന്നു.
ബ്രിട്ടണിലേക്ക് 150 ഓർഡറുകൾ
ശാസ്ത്രയുടെ 15 റോബോട്ടുകൾ ഇതിനകം യു കെ യിൽ എത്തിയിട്ടുണ്ട്. 135 റോബോട്ടുകൾ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അയക്കാൻ ഉള്ള ഒരുക്കത്തിലാണ്. യു എസിലേക്കും റോബോട്ടുകളുടെ കയറ്റുമതി ആരംഭിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ 2013 ൽ റോബോട്ടിക് സ്റ്റാർട്ടപ്പ് ആയി രജിസ്റ്റർ ചെയ്ത സ്ഥാപനം, കളമശ്ശേരിയിലെ മേക്കർ വില്ലേജിൽ ഇന്ക്യൂബെറ്റ് ചെയ്യുകയും പിന്നീട് പ്രവർത്തനം കുസാറ്റ് ക്യാമ്പസിനടുത്തേക്ക് മാറ്റുകയും ചെയ്തു. അവിടെയാണ് എല്ലാം ഉത്പന്നങ്ങളും നിർമ്മിക്കുന്നത്.
വിദേശത്ത് പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം റോബോട്ടുകൾക്ക് കൂടുതൽ ആവശ്യക്കാർ ഉണ്ട്.അംഗ വൈകല്യം ഉള്ളവർക്കും മറ്റു ശാരീരിക വൈകല്യം ഉള്ളവർക്കും പ്രൊസ്തെറ്റിക്സ് ആയി ഉപയോഗിക്കാവുന്ന റോബോട്ടിക്ക് കൈകൾ വികസിപ്പിക്കാൻ ആണ് ശാസ്ത്ര ഇപ്പോൾ പദ്ധതി ഇടുന്നത്. അടുത്ത വർഷം ബാംഗ്ലൂരിൽ തുറക്കുന്നത് കൂടാതെ കാലിഫോണിയയിലും ഒരു ഓഫീസ് തുറക്കാനും ഇവർ പദ്ധതിയിടുന്നു.
സംരംഭത്തിന് പിന്നിലെ മലയാളി യുവത്വം
ഫോർബ്സ് 30 അണ്ടർ 30 ലിസ്റ്റിൽ ഇടം പിടിച്ച ജൻറോബോട്ടിക്സ് ഇന്നോവഷന് ശേഷം പ്രശസ്തി നേടിയ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ റോബോട്ടിക് സ്റ്റാർട്ടാപ്പാണ് ശാസ്ത്ര. ഇതിനു പിന്നിൽ പി ആറോണിൻ, അച്ചു വിൽസൺ, അഖിൽ എ എന്നീ മൂന്ന് മലയാളികളാണ്.
ബാംഗ്ലൂരിൽ സാങ്കേതിക വിദ്യായുമായി ബന്ധപ്പെട്ട് നടന്ന ഉച്ചകോടിയിൽ എ ഐ ഗവേഷകയായ മൃണാൾ കലാ കൃഷ്ണൻ നടത്തിയ ഒരു പ്രസംഗം ആണ് ഈ സംരംഭം തുടങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്. റോബോട്ടുകൾ മനുഷ്യരേക്കാൾ മൂന്നിരട്ടി വേഗതയിൽ ജോലി ചെയ്യുന്നു. കൂടാതെ വലിയ തോതിൽ ചെലവും കുറയ്ക്കുന്നു .