image

10 Feb 2024 5:20 AM GMT

Technology

സാമ്പത്തിക തട്ടിപ്പ്; ബ്ലോക്കുചെയ്തത് ഒന്നരലക്ഷത്തോളം മൊബെല്‍ നമ്പറുകള്‍

MyFin Desk

financial fraud, around 150,000 mobile numbers have been blocked
X

Summary

  • ബാങ്കുകള്‍ പത്ത് അക്ക നമ്പറുകളുടെ ഉപയോഗം ക്രമേണ നിര്‍ത്തണം
  • തട്ടിപ്പ് നേരിടുന്നതില്‍ ബാങ്കുകളുടെ തയ്യാറെടുപ്പുകള്‍ പരിശോധിച്ചു
  • ഡിജിറ്റല്‍ പേയ്മെന്റുകളുടെ സുരക്ഷിതത്വത്തിന് ബോധവല്‍ക്കരണം വേണം


സാമ്പത്തിക തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 1.4 ലക്ഷം മൊബൈല്‍ നമ്പറുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ഡിജിറ്റല്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിന്റെ നടപടിയുടെ ഭാഗമായാണ് ഈ നടപടി. ധനകാര്യ സേവന മേഖലയിലെ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള യോഗത്തില്‍, സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം ( സിഎഫ്‌സിഎഫ്ആര്‍എംഎസ്) പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

സിഎഫ്‌സിഎഫ്ആര്‍എംഎസ് പ്ലാറ്റ്ഫോം നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലുമായി (എന്‍സിആര്‍പി) സംയോജിപ്പിക്കുന്നത്, ത്സമയ നിരീക്ഷണത്തിനും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും അനുവദിക്കുന്നു. പോലീസ്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള ഫലപ്രദമായ സഹകരണം ഇത് സാധ്യമാക്കും എന്നാണ് വിലയിരുത്തല്‍.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സാധാരണ 10 അക്ക നമ്പറുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി നിര്‍ത്തണമെന്നും ട്രായ് നിര്‍ദ്ദേശിച്ച പ്രകാരം വാണിജ്യ അല്ലെങ്കില്‍ പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി '140xxx' പോലുള്ള നിര്‍ദ്ദിഷ്ട നമ്പര്‍ ശ്രേണികള്‍ ഉപയോഗിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

നവംബറില്‍ നടന്ന അവസാന യോഗത്തിലെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ യോഗം വിലയിരുത്തുകയും സാമ്പത്തിക സേവന മേഖലയിലെ സൈബര്‍ സുരക്ഷയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടുന്നതില്‍ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുകയും ചെയ്തു.

വിച്ഛേദിക്കപ്പെട്ട മൊബൈല്‍ കണക്ഷനുകളുമായി ബന്ധിപ്പിച്ചതോ സൈബര്‍ കുറ്റകൃത്യങ്ങളിലോ സാമ്പത്തിക തട്ടിപ്പുകളിലോ ദുരുപയോഗം ചെയ്തതോ ആയ 1.4 ലക്ഷം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബള്‍ക്ക് എസ്എംഎസുകള്‍ അയയ്ക്കുന്ന 35 ലക്ഷം പ്രിന്‍സിപ്പല്‍ എന്റിറ്റികളെ വിശകലനം ചെയ്തു. ഇതില്‍, മറ്റുള്ളവര്‍ക്ക് ദോഷകരമാകുന്ന എസ്എംഎസുകള്‍ അയയ്ക്കുന്ന 19,776 പ്രിന്‍സിപ്പല്‍ എന്റിറ്റികളെ ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതുവരെ, 500 ലധികം അറസ്റ്റുകള്‍ നടന്നു. 2023 ഏപ്രില്‍ മുതല്‍ 3.08 ലക്ഷം സിമ്മുകള്‍ ബ്ലോക്കുചെയ്തു. ഏകദേശം 50,000 ഐഎംഇഐ തടഞ്ഞു, 592 വ്യാജ ലിങ്കുകള്‍ 2023 ഏപ്രില്‍ മുതല്‍ ബ്ലോക്ക് ചെയ്തു. 2194 യുആര്‍എല്ലും ബ്ലോക്കുചെയ്തിട്ടുണ്ട്.

പരാതികള്‍ ഉടനടി പരിഹരിക്കുന്നതിന് മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുന്നതും തട്ടിപ്പ്-ഹോള്‍ഡ് അനുപാതം മെച്ചപ്പെടുത്താനും ഇരയ്ക്ക് പണം തിരികെ നല്‍കുന്നതിനുള്ള ഒരു കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്ന കാര്യവും ചര്‍ച്ചചെയ്തിട്ടുണ്ട്.

ഡിജിറ്റല്‍ പേയ്മെന്റുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും ധനകാര്യ സ്ഥാപനങ്ങള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റില്‍ വിവരങ്ങള്‍ പങ്കിടുന്നതിനെക്കുറിച്ചും പ്രാദേശിക ഭാഷകളില്‍ അധിക ഉപഭോക്തൃ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

സാമ്പത്തിക കാര്യ വകുപ്പ് , റവന്യൂ വകുപ്പ് , ആഭ്യന്തര മന്ത്രാലയം , ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം , ഡിഒടി, ആര്‍ബിഐ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ , ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , പഞ്ചാബ് നാഷണല്‍ ബാങ്ക്. എസ്ബിഐ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.