15 April 2024 6:04 AM GMT
Summary
- 2024ന്റെ ആദ്യ പാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 289 ദശലക്ഷം യൂണിറ്റായി
- ഈ വര്‍ഷം ആദ്യപാദത്തില്‍ ആപ്പിള്‍ കയറ്റുമതി 10 ശതമാനം കുറഞ്ഞു
- വിപണി വിഹിതത്തില്‍ മൂന്നാമത് ചൈനീസ് കമ്പനിയായ ഷഓമിയാണ്
ലോകത്തിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് എന്ന പദവി ഇനി സാംസങിന്. ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ദക്ഷിണ കൊറിയന്‍ കമ്പനി മുന്നിലെത്തിയത്. ഇതോടെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന ഐഫോണിന്റെ ഭരണം അവസാനിച്ചു. ആഗോള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി വര്‍ഷം തോറും 7.8% വര്‍ധിച്ച് 2024 ന്റെ ആദ്യ പാദത്തില്‍ 289.4 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
2024-ന്റെ ആദ്യ പാദത്തില്‍ 20.8% വിപണി വിഹിതവുമായി സാംസങ് 60.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചു. അതേസമയം ആപ്പിളിന്റെ കയറ്റുമതി 10% കുറഞ്ഞു. അവര്‍ കയറ്റുമതി ചെയ്തത് 50.1 ദശലക്ഷം യൂണിറ്റുകളാണ്.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ആപ്പിള്‍ 55.4 ദശലക്ഷം ഐഫോണുകള്‍ കയറ്റി അയച്ചിരുന്നു. 2024 ആദ്യ പാദത്തില്‍ ആപ്പിളിന്റെ വിപണി വിഹിതം 17.3% ആയിരുന്നു. 2024 ലെ ഒന്നാം പാദത്തില്‍ വെറും 40 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ കയറ്റി അയച്ചതിനാല്‍ 14.1% വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് ചൈനീസ് നിര്‍മ്മാണ കമ്പനിയായ ഷഓമി.
സാംസങും ആപ്പിളും വിപണിയുടെ ഉയര്‍ന്ന തലം കൈവശം വെക്കുമെങ്കിലും ചൈനയിലെ ഹ്വാവെയ് കമ്പനിയുടെ തിരിച്ചുവരവും ഷഓമി, വിവോ,ഒപ്പോ, വണ്‍ പ്ലസ് തുടങ്ങിയവ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വിപണിയില്‍ ദൃശ്യമാകും. കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രതിസന്ധികളില്‍നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ വിപണി കരകയറിയതായി ഐഡിസിയുടെ വേള്‍ഡ് വൈഡ് ട്രാക്കര്‍ ടീമിലെ റിസര്‍ച്ച് ഡയറക്ടര്‍ നബീല പോപ്പല്‍ പറഞ്ഞു. വിപണി വീണ്ടെടുക്കലിന് ശേഷം ലോകത്ത് കമ്പനികള്‍ അവരുടെ തന്ത്രങ്ങള്‍ ക്രമീകരിക്കുന്നതില്‍ വ്യത്യാസമുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവപ്പെട്ട വലിയ തകര്‍ച്ചയില്‍ നിന്ന് ഷഓമി ശക്തമായി തിരിച്ചുവന്നു. ഇന്ന് അവര്‍ ആഗോളതലത്തില്‍ അക്രമണാത്മക വളര്‍ച്ചയോടെ മുന്നേറുകയാണ്. വളര്‍ച്ചയില്‍ ഒരു സ്ഥിരത കൈവരിക്കുകയുമാണ്.
ചൈനീസ് കമ്പനിയായ ഷഓമിയുടെ കയറ്റുമതിയും വര്‍ധിച്ചു.28.5 ദശലക്ഷം യൂണിറ്റുകളാണ് അവര്‍ കയറ്റി അയച്ചത്. അവരുടെ വിപണി വിഹിതം മുന്‍പ് 10ശതമാനത്തില്‍ താഴെ ആയിരുന്നു. ഷഓമി മികച്ച വിപണി വളര്‍ച്ച കൈവരിക്കുമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു.