image

26 April 2023 5:45 AM GMT

Technology

ഒരു വാട്ട്സാപ്പ് അക്കൗണ്ട് ഇനി പല ഫോണില്‍ ഉപയോഗിക്കാം

MyFin Desk

ഒരു വാട്ട്സാപ്പ് അക്കൗണ്ട് ഇനി പല ഫോണില്‍ ഉപയോഗിക്കാം
X

Summary

  • വാട്ട്സാപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് ഗുണകരം
  • സ്വകാര്യത സംബന്ധിച്ച് ആശങ്ക ഉയരുന്നു
  • സ്വകാര്യതയും സുരക്ഷയും പാലിക്കുമെന്ന് വാട്ട്സാപ്പ്


ഒരു വാട്ട്സാപ്പ് അക്കൗണ്ട് തന്നെ അഞ്ച് സ്മാര്‍ട്ട് ഫോണ്‍ ഡിവൈസുകളില്‍ ഉപയോഗിക്കാനാകുന്ന തരത്തില്‍ പുതിയ ഫീച്ചര് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സാപ്പ്. വരുന്ന ആഴ്ചകളില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമായി തുടങ്ങുമെന്ന് വാട്ട്സാപ്പിന്‍റെ ഉടമസ്ഥതയുള്ള മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. നിലവില്‍ ഡെസ്ക്ടോപ്പ് ഡിവൈസുകളി‍ല്‍ നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് ലഭ്യമാകുന്നതിന് സമാനമാണിത്.

അക്കൗണ്ടുള്ള പ്രൈമറി ഡിവൈസില്‍ നിന്ന് ലോഗൗട്ട് ചെയ്യാതെ തന്നെ നാലു ഡിവൈസുകളില്‍ വരെ ആ എക്കൗണ്ട് എടുക്കാം. കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെയോ ഒടിപിയിലൂടെയോ പ്രൈമറി എക്കൗണ്ടുള്ള ഡിവൈസില്‍ നിന്നുള്ള സ്ഥിരീകരണം മാത്രം ഇതിന് മതിയാകും.

വാട്ട്സാപ്പ് ബിസിനസിന്‍റെ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഏറെ ഗുണം ചെയ്യുക എന്നാണ് വിലയിരുത്തല്‍. ഒരു സ്ഥാപനത്തിലെ വിവിധ അംഗങ്ങള്‍ക്ക് ഒരേ വാട്ട്സാപ്പ് എക്കൗണ്ടില്‍ നിന്ന് തങ്ങളുടെ ഉപയോക്താക്കളുമായോോ ക്ലയ്ന്‍റുകളുമായോ സംവദിക്കാനാകും. തങ്ങളുടെ മുന്‍ ചാറ്റുകളുടെ വിവരങ്ങളും അക്കൗണ്ട് സംബന്ധിച്ച മറ്റ് വിവരങ്ങളും വിവിധ ഡിവൈസുകളില്‍ ലഭ്യമാകുന്നതും ഫലപ്രദമാകും.

എങ്കിലും പുതിയ ഫീച്ചര്‍ സ്വകാര്യത സംബന്ധിച്ച ചില ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. പ്രൈമറി ഡിവൈസിന്‍റെ ഉടമയുടെ അശ്രദ്ധയുടെ ഫലമായി അക്കൗണ്ട് മറ്റ് ഡിവൈസുകളിലേക്ക് പകര്‍ത്തപ്പെടുന്നത് ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിച്ചേക്കാമെന്നാണ് ആശങ്ക. എന്നാല്‍ പുതിയ ഫീച്ചർ ഉപയോഗിക്കുമ്പോള്‍ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കുന്നു. എല്ലാ സന്ദേശങ്ങളും കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യുന്നത് തുടരും, പ്രൈമറി ഡിവൈസ് ദീർഘകാലത്തേക്ക് നിഷ്‌ക്രിയമാണെങ്കിൽ, ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മറ്റെല്ലാ ഡിവൈസുകളില്‍ നിന്നും ആ അക്കൗണ്ട് ഓട്ടോമാറ്റിക്കായി ലോഗൗട്ട് ചെയ്യപ്പെടും.