6 July 2023 5:48 PM IST
Summary
- 1.7 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടേക്കും
- 5ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ജിയോ ഗൂഗിളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ട്
- ജിയോയുടെ 5ജി ഫോണുകള്‍ ഈ വര്‍ഷാവസനം പുറത്തിറക്കിയേക്കുമെന്നു സൂചനയുണ്ട്
5ജി നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി റിലയന്‍സ് ജിയോ ഇന്‍ഫോകോം ഈ ആഴ്ച നോക്കിയയുമായി 1.7 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടേക്കും. നോക്കിയയുടെ ആസ്ഥാനമായ ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ വച്ച് കരാര്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ വയര്‍ലെസ് സേവനങ്ങള്‍ വിപുലീകരിക്കാന്‍ ഒരുങ്ങിയപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ ഒരു പ്രധാന വിതരണക്കാരായി നോക്കിയയെ തിരഞ്ഞെടുത്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന 5ജി സ്പെക്ട്രം ലേലത്തില്‍ 11 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന എയര്‍വേവ്സ് ജിയോ സ്വന്തമാക്കുകയും നിരവധി നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
5ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ജിയോ ആല്‍ഫബെറ്റിന്റെ ഗൂഗിളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ട്.
സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എറിക്സണ്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ 5ജി സ്റ്റാന്‍ഡ്ലോണ്‍ നെറ്റ്വര്‍ക്ക് നിര്‍മിക്കുന്നതിനായി ജിയോയുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.
റിലയന്‍സ് ജിയോയുടെ 5ജി ഫോണുകള്‍ ഈ വര്‍ഷാവസനം പുറത്തിറക്കിയേക്കുമെന്നു സൂചനയുണ്ട്. ഇന്ത്യയില്‍ താങ്ങാനാവുന്ന രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചതിന് ശേഷമാണ് ജിയോ ഏറെ കാത്തിരിക്കുന്ന 5ജിയിലേക്കു കടക്കുന്നത്. ഗംഗ എന്നായിരിക്കും ഇതിന്റെ കോഡ് നാമം. ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 5ജി സ്മാര്‍ട്ട്‌ഫോണിന് അതിന്റെ മുന്‍ഗാമികളെക്കാള്‍ ഏറ്റവും പുതിയ സവിശേഷതകളും മെച്ചപ്പെടുത്തിയ ഹാര്‍ഡ്‌വെയറും ഉണ്ടായിരിക്കും.
റിലയന്‍സ് ജിയോ രാജ്യത്തുടനീളം ഗണ്യമായ ഉപയോക്തൃ അടിത്തറ നേടിയിട്ടുണ്ട്. ജിയോ ഗംഗ 5ജി ഫോണിന്റെ ഔദ്യോഗിക അനാച്ഛാദനം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് കമ്പനി ഈ പ്രഖ്യാപനം നടത്തും.
ജിയോ ഗംഗ 5ജി ഫോണിനെക്കുറിച്ച് കുറച്ച് വിശദാംശങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. ഫോണില്‍ നിരവധി അപ്ഗ്രേഡ് ചെയ്ത സവിശേഷതകള്‍ ഉണ്ടാകുമെന്ന് അവ സൂചിപ്പിക്കുന്നു.
രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന വിലയ്ക്ക് വാങ്ങാനാവുന്ന 5ജി സ്മാര്‍ട്ട്ഫോണായിരിക്കും ഇത്. ഫോണില്‍ മികച്ച ഗുണനിലവാരവും ക്യാമറയും ഉണ്ടാകും.
സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്ത് ക്യാപ്‌സ്യൂള്‍ ഡിസൈനില്‍ ഡ്യുവല്‍ ക്യാമറ സജ്ജീകരണവും 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതിനേക്കാളുപരി എഐ ടെക്‌നോളജിയും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി അഞ്ച് മെഗാപിക്സല്‍ മുന്‍ ക്യാമറയും ഫോണില്‍ ഉണ്ടെന്ന് പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അതിവേഗ ചാര്‍ജിംഗ് പിന്തുണ വാഗ്ദാനം ചെയ്യുന്ന 5000 എംഎഎച്ച്് ബാറ്ററിയാണ് ഫോണിനുണ്ടായിരിക്കുക.
4ജിബി റാമും 32ജിബി ഇന്റേണല്‍ മെമ്മറിയും ഉണ്ടാകാനുള്ള സാധ്യതയേറെ. 6.5 ഇഞ്ച് എല്‍സിഡി എച്ച്ഡി ഡിസ്പ്ലേയും പ്രതീക്ഷിക്കപ്പെടുന്നു.
ഫോണിന് തീര്‍ച്ചയായും പതിനായിരത്തില്‍ താഴെയാകും വില. ഏകദേശം 6,000 മുതല്‍ 8,000 രൂപ വരെയുള്ള റേഞ്ചില്‍ ഉപകരണം വില്‍ക്കാനാണ് സാധ്യത.
ജിയോ ഫോണ്‍ 5ജി രണ്ട് കളര്‍ ഓപ്ഷനുകളിലാകാം എത്തുക എന്നും പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. നീലയും കറുപ്പും നിറങ്ങളിലാകും ഇവ ലഭ്യമാകുക.
സ്മാര്‍ട്ട്‌ഫോണിന്റെ ഔദ്യോഗിക ലോഞ്ചിനെക്കുറിച്ചോ അതിന്റെ സവിശേഷതകളെക്കുറിച്ചോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ വര്‍ഷം അവസാനം നടക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി 5ജി ഫോണ്‍ പുറത്തിറക്കും എന്ന്് പ്രതീക്ഷിക്കുന്നു. ലോകം 5ജി വിപ്ലവത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 2ജി യുഗത്തില്‍ കുടുങ്ങിക്കിടക്കുന്ന 250 ദശലക്ഷം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഈ ഉപയോക്താക്കളെ കുറഞ്ഞ നിരക്കില്‍ നാലാം തലമുറയിലേക്ക് എത്തിക്കുക എന്ന ദൗത്യവും ജിയോ ഏറ്റെടുത്തിരിക്കുകയാണ്.
ഇതിനായി ഏറ്റവും കുറഞ്ഞ നിരക്കില്‍ 4ജി ഫോണുകള്‍ ജിയോ മാര്‍ക്കറ്റില്‍ ലഭ്യമാക്കും. വെറും 999 രൂപയിലാകും 4ജി ഫീച്ചര്‍ഫോണ്‍ അവതരിപ്പിക്കുക. ഇത് ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളില്‍ വിപണി വിഹിതം നേടാനുള്ള ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ടെലികോം വിഭാഗത്തിന്റെ ഏറ്റവും പുതിയ ശ്രമമാണ്.