3 July 2024 4:50 PM GMT
നൂതന ആശയങ്ങള്‍ കൊണ്ടുള്ള പ്രശ്‌നപരിഹാരം നാളെയുടെ സാങ്കേതികവിദ്യ: എപിഎം മുഹമ്മദ് ഹനീഷ്
MyFin Desk
Summary
- ഇന്‍ഫോപാര്‍ക്കിലെ ഐബിഎമ്മിന്റെ ഓഫീസിലെ വാട്‌സണ്‍ലാബിലാണ് ഹാക്കത്തോണ്‍ നടക്കുന്നത്
- വിവിധ സെഷനുകളിലായി ഐബിഎമ്മിലെ വിദഗ്ധര്‍ കുട്ടികള്‍ക്ക് വിദഗ്‌ധോപദേശവും ക്ലാസുകളും നയിച്ചു
- നൂതനമായ ആശയങ്ങള്‍ കൊണ്ട് നേടുന്ന പരിഹാരമാണ് നാളെയുടെ സാങ്കേതികവിദ്യയെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്
സമൂഹവും സ്ഥാപനങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നൂതനമായ ആശയങ്ങള്‍ കൊണ്ട് നേടുന്ന പരിഹാരമാണ് നാളെയുടെ സാങ്കേതികവിദ്യയെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഈ മാസം 11, 12 തിയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍ര്‍നാഷണല്‍ ജെനറേറ്റീവ് എഐ കോണ്‍ക്ലേവിനോടനുബന്ധിച്ച് കെഎസ്‌ഐഡിസി, കുസാറ്റ് എന്നിവയുടെ സഹകരണത്തോടെ ഐബിഎം സംഘടിപ്പിച്ച വാട്‌സണ്‍എക്‌സ് ഹാക്കത്തോണിലെ രണ്ടാം റൗണ്ടിലെത്തിയ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഫോപാര്‍ക്കിലെ ഐബിഎമ്മിന്റെ ഓഫീസിലെ വാട്‌സണ്‍ലാബിലാണ് ഹാക്കത്തോണ്‍ നടക്കുന്നത്. വിവിധ സെഷനുകളിലായി ഐബിഎമ്മിലെ വിദഗ്ധര്‍ കുട്ടികള്‍ക്ക് വിദഗ്‌ധോപദേശവും ക്ലാസുകളും നയിച്ചു.
ആഴത്തിലുള്ള ചിന്തകളാണ് ജെന്‍ എഐ ഉച്ചകോടിയില്‍ നടക്കാന്‍ പോകുന്നത്. നാളെയുടെ സാങ്കേതികവിദ്യയാണ് ജെന്‍ എഐ. ന്യൂ ഡാറ്റ എന്നതാണ് ഇപ്പോഴത്തെ ട്രെന്റെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. പഠനകാലത്ത് തന്നെ ഐബിഎമ്മിന്റെ ലോകോത്തര ലാബ് സംവിധാനം ഉപയോഗിക്കാന്‍ കഴിയുന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍, ഐബിഎം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള 70 ടീമുകളടങ്ങിയ പ്രാഥമിക റൗണ്ടില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് ടീമുകളാണ് ഹാക്കത്തോണ്‍ രണ്ടാം റൗണ്ടില്‍ പങ്കെടുക്കുന്നത്.
https://www.ibm.com/in-en/events/gen-ai-conclave എന്ന വെബ്‌സൈറ്റിലൂടെ ജെന്‍ എഐ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം.