24 Oct 2023 11:37 AM GMT
Summary
- എഐ കമ്പ്യൂട്ടിംഗ് ചിപ്പുകളുടെ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന യുഎസ് മള്‍ട്ടിനാഷണല്‍ കമ്പനിയാണ് എന്‍വിഡിയ
- 2016 മുതല്‍ എആര്‍എം അധിഷ്ഠിത ചിപ്പുകള്‍ നിര്‍മിക്കുന്നുണ്ട് ക്വാല്‍കോം
- ആം ഹോള്‍ഡിംഗ്‌സ് ആണ് എആര്‍എം പ്രോസസര്‍ പുറത്തിറക്കുന്നത്
എഐ കമ്പ്യൂട്ടിംഗ് ചിപ്പുകളുടെ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന യുഎസ് മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍വിഡിയ പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാവുന്ന ചിപ്പുകള്‍ പുറത്തിറക്കും. ആം ഹോള്‍ഡിംഗിന്‍റെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കമ്പനി ചിപ്പ് പുറത്തിറക്കുക. ഇത് ഇന്‍റല്‍ കോര്‍പറേഷന്‍ പ്രോസസറുകള്‍ക്ക് കടുത്ത മത്സരം ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്ന സിപിയു ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയിട്ടുമുണ്ട് എന്‍വിഡിയ. അഡ്‌വാന്‍സ്ഡ് റിസ്‌ക് മെഷീന്‍ പ്രോസസറിന്റെ ചുരുക്ക രൂപമാണ് എആര്‍എം പ്രോസസര്‍. ആം ഹോള്‍ഡിംഗ്‌സ് ആണ് എആര്‍എം പ്രോസസര്‍ പുറത്തിറക്കുന്നത്. വിന്‍ഡോസ് പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കായി എആര്‍എം അധിഷ്ഠിത പ്രോസസറുകള്‍ നിര്‍മിക്കാന്‍ ചിപ്പ് കമ്പനികളെ സഹായിക്കുക എന്ന മൈക്രോസോഫ്റ്റിന്റെ ശ്രമത്തിന്റെ ഭാഗമാണ് ആം ഹോള്‍ഡിംഗ്‌സ് ഇപ്പോള്‍ സിപിയു ഡിസൈന്‍ ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്.
മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം ആപ്പിളാണ്. കാരണം എആര്‍എം അധിഷ്ഠിത ചിപ്പുകള്‍ മാക് കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ചതോടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ കമ്പനിക്ക് അതിന്റെ വിപണി വിഹിതം ഇരട്ടിയാക്കാന്‍ സാധിച്ചിരുന്നു.
2025-ഓടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ വിപണിയില്‍ വില്‍ക്കാനാകുമെന്നാണ് എന്‍വിഡിയയും എഎംഡിയും പ്രതീക്ഷിക്കുന്നത്. ഇതിനായി ക്വാല്‍കോമുമായി സഹകരിക്കാനും എന്‍വിഡിയയും എഎംഡിയും തീരുമാനിച്ചിട്ടുണ്ട്.
2016 മുതല്‍ ലാപ്പ്‌ടോപ്പുകള്‍ക്കായി എആര്‍എം അധിഷ്ഠിത ചിപ്പുകള്‍ നിര്‍മിക്കുന്നുണ്ട് ക്വാല്‍കോം.
ക്വാല്‍കോമുമായി എന്‍വിഡിയയും, എഎംഡിയും സഹകരിക്കുന്നത് പിസി വ്യവസായത്തെ വലിയ തോതില്‍ സ്വാധീനിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രത്യേകിച്ച്, ദീര്‍ഘകാലം ആധിപത്യം പുലര്‍ത്തുന്ന ഇന്റലിനെ പോലുള്ള കമ്പനികള്‍ക്ക് ഈ നീക്കം തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.