image

26 Dec 2024 12:02 PM GMT

Technology

ചാനലുകള്‍ക്കായി എഐ ടൂള്‍ അവതരിപ്പിച്ച് യുട്യൂബ്

MyFin Desk

youtube introduces ai tool for channels
X

Summary

  • വീഡിയോകള്‍ വിവിധ ഭാഷകളിലെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ പുതിയ ടൂള്‍ ഉപകരിക്കും
  • വിജ്ഞാനാധിഷ്ഠിത ഉള്ളടക്കം സൃഷ്ടിക്കുന്ന ചാനലുകള്‍ക്കാണ് ഇത് ലഭ്യമാകൂക
  • ഇരുപതിലധികം ഭാഷകളിലേക്ക് ഡബ്ബിങ് പിന്തുണയ്ക്കും


ചാനലുകള്‍ക്കായി എഐ ടൂള്‍ അവതരിപ്പിച്ച് യുട്യൂബ്. വിഡിയോകള്‍ ഒന്നിലധികം ഭാഷകളില്‍ ഡബ്ബ് ചെയ്യാന്‍ ഇത് ക്രിയേറ്റര്‍മാരെ സഹായിക്കും.

യുട്യൂബ് ചാനലുകളിലെ വീഡിയോകള്‍ വിവിധ ഭാഷകളിലെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ പുതിയ ടൂള്‍ സഹായകരമാകും. നിലവില്‍ ടെക് - പാചക വിഡിയോകള്‍ പോലെയുള്ള വിജ്ഞാനാധിഷ്ഠിത ഉള്ളടക്കം സൃഷ്ടിക്കുന്ന ചാനലുകള്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ. മറ്റ് സൃഷ്ടാക്കളിലേക്കും ഇത് ഉടന്‍ വ്യാപിപ്പിക്കുമെന്നാണ് സൂചന.

സംസാരം പകര്‍ത്താനും ഒന്നിലധികം ഭാഷകളിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഗൂഗിള്‍ ജെമിനിയുടെ കഴിവുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എഐ സിസ്റ്റം ഒരു വിഡിയോയുടെ യഥാര്‍ത്ഥ ഓഡിയോ ട്രാക്ക് വിശകലനം ചെയ്യുകയും അത് ടെക്സ്റ്റിലേക്ക് മാറ്റുകയും ചെയ്യുന്നു.

മെഷീന്‍ ട്രാന്‍സ്ലേഷന്‍ അല്‍ഗോരിതം ഉപയോഗിച്ച് ആവശ്യമുള്ള ഭാഷയിലേക്ക് ടെക്സ്റ്റ് വിവര്‍ത്തനം ചെയ്യും. യഥാര്‍ഥ അവതാരകന്റെ ശബ്ദവും ഉച്ചാരണവും അനുകരിക്കുന്ന ഒരു ടെക്സ്റ്റ്-ടു-സ്പീച്ച് മോഡല്‍ ഉപയോഗിച്ച് സിസ്റ്റം ഒരു പുതിയ ഓഡിയോ ട്രാക്ക് സമന്വയിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. നിലവില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഹിന്ദി, മാന്‍ഡാരിന്‍ എന്നിവയുള്‍പ്പെടെ 20-ലധികം ഭാഷകളിലേക്ക് ഡബ്ബിങ് പിന്തുണയ്ക്കും. പരിമിതമായ സൃഷ്ടാക്കള്‍ക്ക് മാത്രമേ നിലവില്‍ എഐ വിഡിയോ ഡബ്ബിങ് ഫീച്ചര്‍ ലഭ്യമാകുള്ളൂവെങ്കിലും ഭാവിയില്‍ കൂടുതല്‍ പേരിലേക്ക് ഫീച്ചറിന്റെ ലഭ്യത വ്യാപിപ്പിക്കാനാണ് പദ്ധതി.