20 Jun 2023 1:07 PM IST
Summary
- ലോകത്തിലെ വലിയ ഇലക്ട്രിക് വെഹിക്കിള്‍ മാനുഫാക്ചററാണ് ടെസ്‌ല
- ചര്‍ച്ചയുടെ അജന്‍ഡയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല
- ഈ വര്‍ഷം അവസാനത്തോടെ ടെസ്‌ല തങ്ങളുടെ അടുത്ത ഫാക്ടറിയുടെ ലൊക്കേഷന്‍ വെളിപ്പെടുത്തുമെന്ന് സമീപകാലത്ത് മസ്‌ക് അറിയിച്ചിരുന്നു
യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ച നടത്തും. ഇന്ത്യയില്‍ ടെസ്‌ലയുടെ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. ചര്‍ച്ചയുടെ അജന്‍ഡയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
2015-ലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി മസ്‌കുമായി കൂടിക്കാഴ്ച നടത്തിയത്. അതിനു ശേഷം ഇപ്പോള്‍ നടക്കാനിരിക്കുന്ന മോദിയുടെ യുഎസ് സന്ദര്‍ശനത്തിലായിരിക്കും മസ്‌കിനെ കാണുന്നത്.
മസ്‌കിനു പുറമെ ശാസ്ത്രജ്ഞമാര്‍, നൊബേല്‍ സമ്മാന ജേതാക്കള്‍, സംരംഭകര്‍, ആരോഗ്യരംഗത്തെ വിദഗ്ധര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക, വ്യവസായ പ്രമുഖരുമായും ഇന്ത്യന്‍ പ്രവാസികളുമായും കൂടിക്കാഴ്ച നടത്തുക, യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസില്‍ സ്റ്റേറ്റ് ഡിന്നര്‍ എന്നിവയാണ് പ്രധാനമന്ത്രിയുടെ യാത്രയിലെ പ്രധാനപ്പെട്ട പരിപാടികള്‍. ജൂണ്‍ 21 മുതല്‍ 24 വരെയാണ് മോദിയുടെ യുഎസ് സന്ദര്‍ശനം.
ലോകത്തിലെ വലിയ ഇലക്ട്രിക് വെഹിക്കിള്‍ മാനുഫാക്ചററാണ് ടെസ്‌ല. ഇന്ത്യയിലേക്ക് ടെസ്‌ലയെ കൊണ്ടുവരുന്നതിനെ കുറിച്ച് മസ്‌ക് മുമ്പ് സൂചന നല്‍കിയിരുന്നു. പക്ഷേ, ചില തടസങ്ങള്‍ നിലനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ചുമത്തുന്ന നികുതി കുറയ്ക്കണമെന്ന് ടെസ്‌ല അഭ്യര്‍ഥിച്ചെങ്കിലും ടെസ്‌ലയുടെ ഡിമാന്‍ഡ് അംഗീകരിക്കാന്‍ ഇന്ത്യ തയാറായില്ല. ഇന്ത്യയുടെ ഡിമാന്‍ഡ് ടെസ്‌ല വാഹനങ്ങള്‍ പ്രാദേശികമായി നിര്‍മിക്കണമെന്നാണ്. എന്നാല്‍ ടെസ്‌ല ആഗ്രഹിക്കുന്നത് ആദ്യം ഇറക്കുമതി കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ്. അതിനു ശേഷം വിപണിയെ മനസിലാക്കി ഇന്ത്യയില്‍ പ്രാദേശിക തലത്തില്‍ കാര്‍ ഉല്‍പ്പാദിപ്പിക്കാനാണ്.
ഈ വര്‍ഷം അവസാനത്തോടെ ടെസ്‌ല തങ്ങളുടെ അടുത്ത ഫാക്ടറിയുടെ ലൊക്കേഷന്‍ വെളിപ്പെടുത്തുമെന്ന് സമീപകാലത്ത് മസ്‌ക് അറിയിച്ചിരുന്നു. അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലുമായി സംസാരിക്കവേയാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയായിരിക്കും ടെസ്‌ല ഫാക്ടറിക്കു വേണ്ടി മസ്‌ക് കണ്ടുവച്ച ലൊക്കേഷനെന്നാണ് അന്നു മുതല്‍ പ്രചരിക്കുന്നത്.