10 July 2023 8:56 AM GMT
Summary
- ഇന്‍ഫോസിസിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമാണ് എന്‍.ആര്‍. നാരായണമൂര്‍ത്തി
- സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2023-ല്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
- പേരെടുത്ത വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തിന് പ്രചോദനമായി തീര്‍ന്ന ചില മാതൃകകളുണ്ടായിരിക്കും
സമൂഹത്തില്‍ പേരെടുത്ത വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തിന് പ്രചോദനമായി തീര്‍ന്ന ചില മാതൃകകളുണ്ടായിരിക്കും. അത് ഒരു വ്യക്തിയാകാം, ചിലപ്പോള്‍ പുരാണങ്ങളുമായിരിക്കാം.
ഐടി ഭീമനായ ഇന്‍ഫോസിസിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ എന്‍.ആര്‍. നാരായണമൂര്‍ത്തിക്കും ഇത്തരത്തിലൊരു മാതൃകയുണ്ട്. അക്കാര്യം അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുകയാണ്.
താന്‍ ഭഗവദ് ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തിയാണെന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം മഹാഭാരതത്തിലെ കര്‍ണനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മഹാമനസ്‌കതയാണു കര്‍ണനെ വ്യത്യസ്തനാക്കുന്നതെന്ന് നാരായണ മൂര്‍ത്തി പറഞ്ഞു. അതാണ് തന്നെ ആകര്‍ഷിച്ചതെന്നും അങ്ങനെയാണ് താന്‍ വളര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫോസിസില്‍ നിന്ന് സമാഹരിച്ച സ്വത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്കും മറ്റ് കമ്പനി അംഗങ്ങള്‍ക്കും വിതരണം ചെയ്യുന്നതില്‍ താന്‍ ഉദാരമനസ്‌കത കാണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണികണ്‍ട്രോളിന്റെ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2023-ല്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏതൊരു സംരംഭകന്റെയും ജീവിതത്തില്‍ വിശ്വാസത്തെയും ദൈവത്തെയും ഉള്‍ക്കൊള്ളേണ്ട സമയങ്ങള്‍ ഉണ്ടായിട്ടുണ്ടാകും.
' നിങ്ങള്‍ ചെയ്യുന്നതെല്ലാം, നിങ്ങള്‍ ചെയ്യേണ്ടതെന്തും, അത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക, ബാക്കിയുള്ളവ ദൈവത്തിന് വിട്ടു കൊടുക്കുക ' ഭഗവദ് ഗീത ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.